
വിൻ സി അലോഷ്യസ് | Photo: instagram/ vincy aloshious
സിനിമാ സെറ്റില്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് നടനെതിരെ താരസംഘടനയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെ പ്രതികരിച്ച് നടി വിന്‍ സി അലോഷ്യസ്. ആ നടന്റെ പേരും സിനിമയുടെ പേരും പുറത്തുപറയരുതെന്ന് പരാതിയില്‍ പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതെന്ന് അറിയില്ലെന്നും വിന്‍ സി പ്രതികരിച്ചു. ഒരാളുടെ മോശം പെരുമാറ്റം കാരണം ഒരു സിനിമ മുഴുവന്‍ അതിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കരുതെന്നും അദ്ദേഹം അഭിനയിച്ച പുറത്തിറങ്ങാനുള്ള സിനിമകളുടെ വിജയപരാജയങ്ങളെ ബാധിക്കരുതെന്നും കരുതിയാണ് പേര് വെളിപ്പെടുത്താതിരുന്നതെന്നും വിന്‍ സി വ്യക്തമാക്കി.
'പരാതി എങ്ങനെ പുറത്തുവന്നത് എന്ന് എനിക്കറിയില്ല. ആ നടന്റെ പേരോ സിനിമയുടെ പേരേ മാധ്യമങ്ങള്‍ക്ക് മുന്നിലോ പൊതുസമൂഹത്തിന് മുന്നിലോ വരരുതെന്ന് ഞാന്‍ വ്യക്തമായി പരാതിയില്‍ പറഞ്ഞിരുന്നു. കാരണം ഒരാളുടെ തെറ്റ് കാരണം അയാള്‍ അഭിനയിച്ച ഇറങ്ങാനിരിക്കുന്ന എല്ലാ സിനിമകളേയും അത് ബാധിക്കാന്‍ പാടില്ല. ഒരാള്‍ കാരണം ബാക്കിയുള്ളവര്‍ ക്രൂശിക്കപ്പെടരുത് എന്ന് കരുതുന്ന ആളാണ് ഞാന്‍. അതിനാലാണ് പരാതിയില്‍ അത് വ്യക്തമായി പറഞ്ഞിരുന്നത്. അത് എങ്ങനെ പുറത്തുവന്നു എന്ന് എനിക്കറിയില്ല. ഇങ്ങനെയൊരു പ്രശ്‌നം വന്നപ്പോള്‍ ആദ്യം ഞാന്‍ ഒറ്റക്കായിരുന്നെങ്കിലും പിന്നീട് ഒരുപാട് പേര്‍ പിന്തുണയുമായെത്തി. സിനിമാ രംഗത്തുള്ള എല്ലാ സംഘടനകളും ബന്ധപ്പെടുകയും അതിന്റെ നിയമനടപടികള്‍ പറഞ്ഞുതരികയും ചെയ്തിരുന്നു.
ഈ സിനിമയ്ക്കും ഇന്റേണല്‍ കമ്മിറ്റി ഉണ്ടായിരുന്നു. സിനിമാ സെറ്റില്‍ അത് സംഭവിച്ചപ്പോള്‍ ഐസി അംഗം എന്നെ ബന്ധപ്പെടുകയും പരാതിയുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ആ സിനിമയുടെ ഷൂട്ടിങ് അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്ന സമയം ആയതിനാലാണ് അന്ന് പരാതി നല്‍കാതിരുന്നത്. ആ സിനിമയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് പരാതി നല്‍കാതിരുന്നത്. അതിനാലാണ് വ്യക്തിപരമായി തീരുമാനെടുത്തത്. ലഹരി ഉപയോഗിക്കുന്നവരുമായി സിനിമ ചെയ്യില്ല എന്ന് നിലപാട് എടുക്കുകയും ചെയ്തത്.
എനിക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്. അമ്മ, ഫെഫ്ക, ഡബ്ല്യുസിസി, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംഘടനകളെല്ലാം എന്നോട് സംസാരിച്ചിരുന്നു. സിനിമാ സെറ്റിലെ ഐസിയുടെ മോണിറ്ററിങ് കമ്മിറ്റി സമീപിച്ചിരുന്നു.
ഈ വ്യക്തിയുടെ പേര് പറഞ്ഞിട്ടോ ആളുകളുടെ മുന്നിലിട്ടുകൊടുത്തിട്ടോ എനിക്കൊന്നും ആവേണ്ട. സിനിമാ സെറ്റില്‍ മാന്യമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകണം എന്നത് മാത്രമാണ് എന്റെ ആവശ്യം. ഒരു ജോലി സ്ഥലത്ത് പുക വലിക്കാന്‍ പ്രത്യേക സ്ഥലം ഉണ്ടാകും. എന്നാല്‍ സിനിമാ സെറ്റില്‍ അങ്ങനെയുള്ള സംവിധാനം ഒന്നുമില്ല. എല്ലാവരുടേയും മുമ്പില്‍വെച്ച് സിഗരറ്റ് വലിക്കുന്ന സ്വഭാവം നല്ലതല്ല. അതിന് ബ്രേക്ക് സമയം ഉപയോഗപ്പെടുത്താമല്ലോ.
അദ്ദേഹത്തിന്റെ തൊഴില്‍ നിഷേധിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം കഴിവുള്ള നടനാണ്. തെറ്റ് തിരുത്തി അദ്ദേഹം മുന്നോട്ടുവരണമെന്നാണ് ആഗ്രഹം. എല്ലാവര്‍ക്കും അവരുടെ തെറ്റ് തിരുത്താനുള്ള അവസരം നമ്മള്‍ നല്‍കണമല്ലോ.
ആ സിനിമയിലുള്ള മറ്റുള്ളവരെല്ലാം നല്ല രീതിയിലാണ് പെരുമാറിയത്. ഞാന്‍ പരാതിപ്പെട്ടപ്പോള്‍ സംവിധായകന്‍ അദ്ദേഹത്തെ താക്കീത് ചെയ്തതാണ്. എന്റെ കൂടെ അഭിനയിച്ച മറ്റൊരു പെണ്‍കുട്ടിയാണ് അദ്ദേഹത്തിന്റെ മോശം പെരുമാറ്റം കാരണം കൂടുതല്‍ ബുദ്ധിമുട്ടിയത്. അവര്‍ അത്രയും വിഷമിച്ചാണ് സെറ്റില്‍നിന്ന് മടങ്ങിയത്. ഞാന്‍ ആ സമയത്തുതന്നെ അദ്ദേഹം മോശമായി സംസാരിച്ചപ്പോള്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ പുതുമുഖമായി എത്തുന്ന നടിമാര്‍ക്കൊന്നും അങ്ങനെ പറയാനുള്ള ധൈര്യമുണ്ടാകില്ല.
സംഘടനകള്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. അത് എങ്ങനെയായിരിക്കുമെന്ന് അറിയാനാണ് ഞാനും കാത്തിരിക്കുന്നത്. '-വിന്‍സി വ്യക്തമാക്കുന്നു.
Content Highlights: vincy aloshious names radiance tom chacko successful ailment to amma alleges cause usage and misconduct
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·