ഒരാഴ്ച വൈകി അമിതാഭ് ബച്ചന്റെ ഓണാശംസ, ട്രോളി മലയാളികള്‍; പിറകെ വിശദീകരണവും ഖേദപ്രകടനവും

4 months ago 5

Amitabh Bachchan

അമിതാഭ് ബച്ചൻ | Photo: Facebook/ Amitabh Bachchan

ഘോഷം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോള്‍ ഓണാശംസയുമായി സൂപ്പര്‍താരം അമിതാഭ് ബച്ചന്‍. കസവ് മുണ്ടും ഷര്‍ട്ടും പൊന്നാടയും ധരിച്ച ചിത്രത്തിനൊപ്പം മലയാളത്തിലാണ് താരം ആശംസ പങ്കുവെച്ചത്. വൈകിയ ആശംസയ്ക്ക് ട്രോളുമായി മലയാളികള്‍ എത്തിയതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് താരം വിശദീകരണം നൽകുകയും ഖേദപ്രകടനം നടത്തുകയും ചെയ്തു.

താരത്തിന് തിരിച്ചും ഓണാശംസകള്‍ അറിയിച്ച ശേഷമാണ് പലരും തെറ്റ് ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ വര്‍ഷം ഓണം സെപ്റ്റംബര്‍ 14-ന് ആയിരുന്നെന്നും എന്നാല്‍ എല്ലാ തവണയും ഒരേ തീയതിയില്‍ ആവില്ലെന്നും പലരും താരത്തെ ഓര്‍മിപ്പിച്ചു. സാമൂഹിക മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ ഇക്കാര്യം അറിയിക്കണമെന്നും പലരും ആവശ്യപ്പെട്ടു. 'ഓണം ഒക്കെ കഴിഞ്ഞു, പോയി അടുത്ത വര്‍ഷം വാ', എന്നും ചിലര്‍ ട്രോളുന്നുണ്ട്.

'ഇത്ര പെട്ടെന്ന് തന്നെ വേണോ, ഇനിയും ഒരുവര്‍ഷം കൂടിയുണ്ട് ഓണത്തിന്', എന്ന് ചിലര്‍ പരിഹാസരൂപേണ ഓര്‍മപ്പെടുത്തി. അതേസമയം, നമ്മള്‍ മലയാളികള്‍ക്ക് എപ്പോഴും ഓണമാണെന്നും നെഗറ്റീവ് കമന്റുകളെ അവഗണിക്കൂ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പോസ്റ്റ് തെറ്റിദ്ധരിച്ച് ഓണാശംസ നേര്‍ന്ന് ചില മറുനാട്ടിലുള്ളവരും കമന്റ് ബോക്‌സിലുണ്ട്.

പിന്നീട് താരം തന്നെ പോസ്റ്റ് എഡിറ്റ് ചെയ്താണ് ഖേദപ്രകടനം നടത്തിയതും വിശദീകരണം നല്‍കിയതും. ഓണം കഴിഞ്ഞുപോയിരിക്കാം, തന്റെ സോഷ്യല്‍ മീഡിയ ഏജന്റിന് തെറ്റുപറ്റിയിരിക്കാം എന്ന കമന്റുകള്‍ കാണുന്നുണ്ടെന്ന് അമിതാഭ് ബച്ചന്‍ കുറിച്ചു. എന്നാല്‍, ആഘോഷവേളകള്‍ എപ്പോഴും ആഘോഷം തന്നെയാണെന്നും അതിന്റെ പ്രാധാന്യവും ചൈതന്യവും ഒരിക്കലും നഷ്ടപ്പെടില്ലെന്നുമാണ് താരത്തിന്റെ വിശദീകരണം. പിന്നാലെ അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു.

'ഓണം കഴിഞ്ഞുപോയി, എന്റെ സോഷ്യല്‍ മീഡിയ ഏജന്റിന് തെറ്റുപറ്റി എന്നൊക്കെ നിങ്ങള്‍ കമന്റ് ചെയ്തിരിക്കാം. പക്ഷേ, ആഘോഷം എപ്പോഴും ആഘോഷം തന്നെയാണ്. അതിന്റെ ചൈതന്യത്തിനും പവിത്രതയ്ക്കും ഒരിക്കലും കാലപ്പഴക്കം സംഭവിക്കില്ല. പിന്നെ, ഞാന്‍ തന്നെയാണ് എന്റെ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. എനിക്ക് അതിന് പ്രത്യേകം ഏജന്റ് ഇല്ല. ഞാന്‍ ക്ഷമ ചോദിക്കുന്നു'- എന്നായിരുന്നു വിശദീകരണം.

Content Highlights: Amitabh Bachchan`s belated Onam wishes sparked online humor

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article