13 April 2025, 08:55 AM IST

പുതിയസിനിമയുടെ പ്രചാരണാർഥം വലിയങ്ങാടിയിലെത്തിയ ബാബു ആന്റണി, തൊഴിലാളികൾക്കൊപ്പം കെയ്ക്ക് മുറിച്ച് സ്നേഹംപങ്കിടുന്നു. സംവിധായകൻ സുനിൽ, നടി വേദ എന്നിവർ സമീപം | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: വലിയങ്ങാടിയിലെ തൊഴിലാളികൾക്കൊപ്പം വിഷു ആഘോഷിച്ച് നടൻ ബാബു ആന്റണി. പ്രദർശനത്തിനൊരുങ്ങിയ പുതിയചിത്രം ‘കേക്ക് സ്റ്റോറി’യുടെ പ്രചാരണാർഥം അങ്ങാടിയിലെത്തിയതായിരുന്നു അദ്ദേഹം.
‘ചന്ത’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കുമുൻപ് വലിയങ്ങാടിയിൽവന്നതിന്റെ അനുഭവങ്ങൾ ബാബു ആന്റണി തൊഴിലാളികളുമായി പങ്കുവെച്ചു. ചന്ത ചിത്രീകരിക്കുമ്പോൾ പരിചയപ്പെട്ടവരും അന്ന് സിനിമയിൽ അഭിനയിച്ചവരും സഹകരിച്ചവരുമായി വലിയൊരുവിഭാഗം ബാബു ആന്റണിയെ സ്വീകരിക്കാനെത്തി. പഴയകഥകളും വിശേഷങ്ങളും വിവരിച്ചും തൊഴിലാളികൾക്കായി കൊണ്ടുവന്ന കെയ്ക്ക് അവർക്കൊപ്പം മുറിച്ചും അദ്ദേഹം വലിയങ്ങാടിയിൽ സമയംചെലവിട്ടു. ‘ചന്ത’ സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും വലിയങ്ങാടിയിലാണ് ചിത്രീകരിച്ചത്.
മാനത്തെകൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കൾ, ചന്ത, വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ സുനിൽ ഒരിടവേളയ്ക്കുശേഷം ഒരുക്കുന്ന കേക്ക് സ്റ്റോറിയാണ് ബാബു ആന്റണിയുടെ പുതിയചിത്രം.
സംവിധായകൻ സുനിലിന്റെ മകൾ വേദയാണ് ചിത്രത്തിലെ നായിക. സുനിലും വേദയും വലിയങ്ങാടിയിൽനടന്ന സ്നേഹക്കൂട്ടായ്മയിൽ പങ്കെടുത്തു. കോഴിക്കോട് ബീച്ചിൽനടന്ന സിനിമാപ്രചാരണ പരിപാടിയിലും ബാബു ആന്റണി പങ്കുചേർന്നു.
Content Highlights: Actor Babu Antony celebrated Vishu with workers successful Valiyangadi, Kozhikode
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·