ലഹരിക്കെതിരായുള്ള നീക്കങ്ങളില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് സംവിധായകൻ കമൽ. ലഹരി ഉപയോഗിക്കുന്നവരെ സിനിമയുടെ ഭാഗമാക്കാന്‍ പാടില്ല. ഇത്തരക്കാരെ മാറ്റിനിർത്താൻ സംവിധായകരും നിർമാതാക്കളും തീരുമാനിക്കണമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
''സിനിമയില്‍ മാത്രമല്ല എവിടേയും ലഹരി പാടില്ല. ഇപ്പോഴത്തെ തലമുറ അതേക്കുറിച്ച് ബോധവാന്മാരായിട്ടില്ലെങ്കില്‍ വലിയ പ്രശ്‌നത്തിലേക്ക് പോകുമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ കാര്യമാണ്. നമ്മള്‍ എല്ലാവരും അതേക്കുറിച്ച് ആലോചിക്കുന്നുണ്ട്. സിനിമയില്‍ എല്ലാ കാലത്തും ലഹരി ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍, ഇതുപോലെ ജോലി തടസ്സപ്പെടുത്തുംവിധം പ്രശ്നങ്ങൾ മുൻപൊന്നും ഉണ്ടായിട്ടില്ല. ഷൂട്ടിങ് കഴിഞ്ഞിട്ട് മദ്യം കഴിക്കുന്ന ഒരുപാട് പേരുണ്ടായിരുന്നു.
എല്ലാ മേഖലയിലും ലഹരിയുണ്ട്. അതിനെ നിരോധിക്കണമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം. ഇത് ഒരു വലിയ വിപത്താണ്. സമൂഹം മുഴുവന്‍ അതിന് എതിര് നില്‍ക്കുമ്പോള്‍ സിനിമാ രംഗത്തുള്ളവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഈ രീതിയിലുള്ള ആളുകളെ വെച്ച് സിനിമ ചെയ്യില്ലെന്ന് നിര്‍മാതാക്കളും സംവിധായകരും തീരുമാനിക്കുക. അതല്ലാതെ, സംഘടനകള്‍ ഒരാളെ വിലക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. ഇത്, സിനിമയുടെ അണിയപ്രവര്‍ത്തകര്‍ സ്വയം തീരുമാനിക്കേണ്ടതാണ്.
നിര്‍മാതാക്കളുടെ സംഘടനയില്‍പ്പെട്ട ആളുകള്‍ പത്രസമ്മേളനം നടത്തി സിനിമയില്‍ ലഹരി വ്യാപകമായിട്ടുണ്ടെന്ന് പറഞ്ഞിട്ട് പോലീസിന്റേയോ എക്‌സൈസിന്റെ ഭാഗത്ത് നിന്നോ കൃത്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സിനിമ സെറ്റുകളില്‍ ചെന്ന് അതിക്രമം കാണിച്ച് പരിശോധന നടത്തണമെന്നല്ല ഉദ്ദേശിക്കുന്നത്. ഒരു മോണിറ്ററിങ് സംവിധാനം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതാണ്.
ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയവരെ നേരത്തെ എന്റെ സിനിമയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പേര് എടുത്ത് പറയുന്നില്ല. പ്രശ്‌നക്കാരാണെന്ന് തോന്നിയവരെ സിനിമയില്‍ കാസ്റ്റ് ചെയ്തതിന് ശേഷം ഒഴിവാക്കിയിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് കഥാപാത്രത്തെപ്പറ്റി സംസാരിക്കാനെത്തിയപ്പോൾ മോശമായി പെരുമാറി. അയാൾ ലഹരി ഉപയോഗിച്ചിരുന്നു എന്ന് സംശയം തോന്നിയപ്പോൾ അയാളെ വേണ്ടെന്നുവെച്ചു'', കമൽ പറഞ്ഞു.
Content Highlights: Kamal`s Stand Against Drug Abuse successful Malayalam Cinema





English (US) ·