05 April 2025, 06:32 PM IST

ആര്യ-2 സിനിമയുടെ റീ റിലീസ് പോസ്റ്ററുകൾ | ഫോട്ടോ: Facebook
ഹൈദരാബാദ്: അല്ലു അർജുൻ നായകനായ ആര്യ-2 വീണ്ടും തിയേറ്ററുകളിലെത്തി. അല്ലു അർജുന്റെ പിറന്നാളിനോടനുബന്ധിച്ചാണ് താരത്തിന്റെ സൂപ്പർഹിറ്റ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തിയത്. ഏപ്രിൽ എട്ടിനാണ് താരത്തിന്റെ പിറന്നാൾ. അതേസമയം ചിത്രം പ്രദർശനത്തിനെത്തിയ സന്ധ്യ തിയേറ്ററിൽ വൻ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സുകുമാറിന്റെ സംവിധാനത്തിൽ 2009-ൽ പുറത്തിറങ്ങിയ ചിത്രമാണ് ആര്യ-2. 16 വർഷങ്ങൾക്ക് ശേഷമാണ് സിനിമ വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്. ഹൈദരാബാദിലെ ഏറ്റവും വലിയ സിംഗിൾ സ്ക്രീനായാണ് ആർടിസി എക്സ് റോഡിലെ സന്ധ്യ തിയേറ്ററിനെ കണക്കാക്കുന്നത്. അല്ലു അർജുൻ ചിത്രങ്ങൾ സ്ഥിരം റിലീസ് ചെയ്യുന്നതും ഇവിടെയാണ്. സുകുമാർ-അല്ലു അർജുൻ ടീമിന്റെ പുഷ്പ-2 ഇറങ്ങിയപ്പോൾ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന യുവതി മരിക്കുകയും അവരുടെ മകന് പരിക്കേൽക്കുകയും ചെയ്തതും ഇവിടെവെച്ചാണ്. അതുകൊണ്ട് കനത്ത സുരക്ഷയ്ക്ക് നടുവിലാണ് വീണ്ടുമൊരു അല്ലു അർജുൻ ചിത്രം ഇവിടെ പ്രദർശനത്തിനെത്തിയത്.
30 പോലീസുദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി തിയേറ്ററിൽ നിയോഗിച്ചിരിക്കുന്നത്. സിനിമ കാണാനെത്തുന്നവരുടെ വാഹനങ്ങളും ബാഗും കർശനമായി പരിശോധിക്കും. ആൾത്തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം പുഷ്പ-2 റിലീസ് ദിവസമുണ്ടായതിന് സമാനമായ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ നോക്കുകയുംചെയ്യും. സാധുവായ ടിക്കറ്റുള്ളവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. സിംഗിൾ സ്ക്രീൻ തിയേറ്ററുകളിൽ പതിവില്ലാത്ത നടപടികളാണിതെല്ലാമെന്നതാണ് ശ്രദ്ധേയമായ കാര്യം. 2009-ൽ സന്ധ്യയിൽത്തന്നെയാണ് ആര്യ-2 റിലീസ് ചെയ്തത്.
2004-ൽ പുറത്തിറങ്ങിയ ആര്യയുടെ ബ്ലോക്ബസ്റ്റർ വിജയത്തിന്റെ ചുവടുപിടിച്ചാണ് അതേ ടീം ആര്യ-2 വുമായെത്തിയത്. റിലീസ് സമയത്ത് സമ്മിശ്രപ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. തെലങ്കാന സമരം ശക്തയാർജിച്ച സമയത്തായിരുന്നു റിലീസ് എന്നതിനാൽ ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനത്തേയും ഇത് സാരമായി ബാധിച്ചു. എങ്കിലും ക്ലാസിക് ചിത്രമെന്ന വിശേഷണത്തിന് ആര്യ-2 അർഹമായി. കേരളത്തിൽ ചിത്രത്തിന് വലിയ വരവേല്പായിരുന്നു അന്ന് ലഭിച്ചത്. ഗാനങ്ങളും കേരളത്തിൽ സൂപ്പർഹിറ്റുകളായി.
ഒരേ പെൺകുട്ടിയെ പ്രണയിക്കുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ആര്യ-2 പറഞ്ഞത്. നവദീപ്, കാജൽ അഗർവാൾ എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളിൽ. ദേവിശ്രീ പ്രസാദാണ് സംഗീതസംവിധാനം.
Content Highlights: Allu Arjun`s Arya 2 re-releases successful Hyderabad`s Sandhya Theater





English (US) ·