'ഒരുപാട് ശത്രുക്കള്‍ ഇപ്പോള്‍ തന്നെയുണ്ട്, ഇനി, നേതാവുകൂടിയായി ശത്രുക്കളുടെ എണ്ണം കൂട്ടരുതേ'

9 months ago 8

സൗത്ത് ഇന്ത്യന്‍ സിനി സ്റ്റണ്ട് യൂണിയന്‍ നിലവില്‍ വന്ന് പത്തു വര്‍ഷം കഴിഞ്ഞപ്പോഴാണ് സംഘടനയുടെ പ്രസിഡണ്ട് പദവിയില്‍ ത്യാഗരാജന്‍ വരുന്നത്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകള്‍ക്ക് അപ്പോഴും അവസാനമായിരുന്നില്ല. വര്‍ഷംതോറും യൂണിയന്‍ ഭാരവാഹികള്‍ മാറി വന്നപ്പോഴും അങ്ങനെയൊരു സ്ഥാനമോഹം ഒരിക്കല്‍ പോലും ത്യാഗരാജനിലുണ്ടായില്ല. എന്നിട്ടും സംഘടനയുടെ പ്രസിഡണ്ടായി ത്യാഗരാജന് നില്‍ക്കേണ്ടി വന്നത് യൂണിയനിലുള്ളവരുടെ നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രമായിരുന്നു.

സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ ക്ഷേമത്തിന് വേണ്ടിയാണ് സംഘടന രൂപീകരിച്ചതെങ്കിലും തങ്ങളുടെ ജീവിതത്തിന്റെ പൊള്ളലുകളും പിടച്ചിലുകളും പങ്കുവെക്കാനായി സ്റ്റണ്ടുകാര്‍ പലപ്പോഴും ഓടിയെത്തിയത് ത്യാഗരാജനരികിലേക്കായിരുന്നു.ആ സാന്നിധ്യം അവര്‍ക്ക് വലിയ അഭയവും ആശ്വാസവുമായിരുന്നു. അതുകൊണ്ടുതന്നെ, പതിനൊന്നാം വര്‍ഷത്തില്‍ യൂണിയനിലെ ഭൂരിപക്ഷം പേരുടെയും നിര്‍ദ്ദേശം ത്യാഗരാജനെ പ്രസിഡണ്ടാക്കണമെതായിരുന്നു. എന്നാല്‍ സംഘടനയുടെ നേതൃത്വപദവി ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. അതിന്റെ കാരണങ്ങള്‍ രണ്ടായിരുന്നു. സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ ത്യാഗരാജന്‍ സിനിമയുടെ തിരക്കുകളിലേക്ക് തെറിച്ചുവീണുകൊണ്ടിരുന്ന കാലമായിരുന്നു അത്. മറ്റൊന്ന്,എല്ലാ ഭാഷാചിത്രങ്ങള്‍ക്കും സ്വീകാര്യനാവുന്നു എന്നതുകൊണ്ട് സംഘടനയിലെ മിക്ക സ്റ്റണ്ട് മാസ്റ്റര്‍മാരും ത്യാഗരാജനെ ഉള്ളില്‍ ശത്രുവായി കാണുകയാണുണ്ടായത്. ഇത്തരമൊരു സാഹചര്യം തിരിച്ചറിഞ്ഞതുകൊണ്ട് യുണിയനിലെ ഒരംഗം മാത്രമായി തുടരാനാണ് ത്യാഗരാജന്‍ ആഗ്രഹിച്ചത്.

ഉദയായുടെ നൂറാമത് ചിത്രമായ 'കണ്ണപ്പനുണ്ണി'യുടെ ഷൂട്ടിങ്ങിനായി കേരളത്തിലേക്ക് പുറപ്പെടും മുന്‍പ്, ത്യാഗരാജനെ കാണാന്‍ സ്റ്റണ്ട് യുണിയനിലെ ചിലര്‍ വീട്ടിലെത്തി. സംഘടനയുടെ പ്രസിഡണ്ടായി ത്യാഗരാജന്‍ നില്‍ക്കണമെന്ന അവരുടെ അപേക്ഷ തുടക്കത്തിലേ അദ്ദേഹം തള്ളിക്കളഞ്ഞെങ്കിലും ഇതേ ആവശ്യവുമായി സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ വീണ്ടും പലതവണ ത്യാഗരാജന്റെ വീട്ടിലെത്തി. ആ സമയങ്ങളിലെല്ലാം ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ത്യാഗരാജന്‍ കേരളത്തിലായിരുന്നു. വളരെ വിഷമത്തോടെ യുണിയനില്‍പ്പെട്ടവരോട് ശാന്തി പറഞ്ഞു: 'എന്റെ ഭര്‍ത്താവ് ജോലിയ്ക്ക് പോയാല്‍ തിരിച്ചു വരുന്നതുവരെ ഉള്ളില്‍ തീയാണ്. പലപ്പോഴും പരിക്ക് പറ്റിയാണ് അദ്ദേഹം ഇങ്ങോട്ട് കയറിവരാറുള്ളത്. ദയവായി എന്റെ കുട്ടികളുടെ അച്ഛനെ വിട്ടേക്ക്. 'ഭര്‍ത്താവിന് ഒരപകടവും ഉണ്ടാക്കരുതേയെന്ന് എപ്പോഴും പ്രാര്‍ത്ഥിച്ചിരുന്ന ശാന്തി അന്നാദ്യമായാണ് ത്യാഗരാജന്റെ സഹപ്രവര്‍ത്തകരോട് ഒരപേക്ഷ നടത്തുന്നത്. ഉദയാ സ്റ്റുഡിയോയിലും തേക്കടിയിലുമായി മൂന്ന് ആഴ്ചയോളം നീണ്ട കണ്ണപ്പനുണ്ണിയിലെ സംഘട്ടനരംഗങ്ങള്‍ പൂര്‍ത്തീകരിച്ച് വീട്ടിലെത്തിയ ത്യാഗരാജനോട് ശാന്തിയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ: 'ഒരുപാട് ശത്രുക്കള്‍ ഇപ്പോള്‍ തന്നയെുണ്ട്. ഇനി, യൂണിയന്‍ നേതാവുകൂടിയായി ശത്രുക്കളുടെ എണ്ണം കൂട്ടരുതേ. ഭാര്യയുടെ കരുതലും ആശങ്കകളും തിരിച്ചറിയാന്‍ കഴിയാഞ്ഞിട്ടല്ല, പക്ഷേ, അതിനപ്പുറം ജീവിതത്തിനും മരണത്തിനുമിടയിലൂടെ സഞ്ചരിക്കുന്ന നൂറുകണക്കിന് മനുഷ്യര്‍ തന്നിലര്‍പ്പിക്കുന്ന വിശ്വാസത്തിനു വിള്ളല്‍ വീഴ്ത്തരുതെന്ന് ത്യാഗരാജന്‍ ആഗ്രഹിച്ചിരുന്നു. ആ രാത്രിയില്‍ ശാന്തിയെ സമാധാനിപ്പിച്ചശേഷം ത്യാഗരാജന്‍ പറഞ്ഞു. 'സിനിമ എനിക്ക് തരുന്ന ചോറിന് എന്റെ ജീവന്റെ വിലകൂടിയുണ്ടെന്നറിയാമല്ലോ. അതുപോലെ തന്നെയാണ് എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച സ്റ്റണ്ടുകാരുടെയും ജീവിതം. അവരില്‍ നിന്നു മാറി ജീവിക്കാന്‍ എനിക്കാവില്ല. നീ എന്നെ മനസ്സിലാക്കാതെ പോവരുത്.'

തമിഴിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ചിറ്റമൂര്‍ വിജയരാഘവലു ശ്രീധര്‍ എസിവി ശ്രീധറിന്റെ കത്തുമായി പിറ്റേന്ന് കാലത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പൊന്നയ്യന്‍ ത്യാഗരാജന്റെ വീട്ടിലെത്തി. എം ജി ആര്‍ നായകനാകു ശ്രീധറിന്റെ പുതിയ ചിത്രമായ 'മീനവ നന്‍ബനി'ല്‍ ആക്ഷന്‍ രംഗങ്ങള്‍ ഡയറക്ട് ചെയ്യാന്‍ ത്യാഗരാജന്‍ വരണം എായിരുന്നു കത്തില്‍ ശ്രീധര്‍ പറഞ്ഞത്. അതുവരെ ത്യാഗരാജന്‍ ശ്രീധറിന്റെ ചിത്രങ്ങള്‍ക്ക് വേണ്ടി സംഘട്ടനമൊരുക്കിയിട്ടില്ല. മീനവ നന്‍ബനുവേണ്ടി ത്യാഗരാജനെ നിര്‍ദ്ദേശിച്ചത് എംജി ആര്‍ തന്നെയാണെന്ന് ശ്രീധര്‍ കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. പക്ഷേ, പ്രേംനസീറിന്റെയും മധുവിന്റെയുമൊക്കെ പല പടങ്ങളില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ശ്രീധറിന്റെ പടത്തില്‍ സഹകരിക്കാന്‍ ത്യാഗരാജനാവുമായിരുന്നില്ല. അല്പസമയത്തെ ആലോചനയ്ക്കുശേഷം, ഇപ്പോള്‍ ഉറപ്പ് നല്‍കാനാവില്ലെന്നും അടുത്ത ദിവസം ശ്രീധറിനെ നേരില്‍ വന്നുകാണാമെന്നും പറഞ്ഞു ത്യാഗരാജന്‍ പൊന്നയ്യനെ തിരിച്ചയച്ചു. എന്നാല്‍, ശ്രീധറിനെ കാണും മുന്‍പേ മറ്റൊരാളെ കാണണമെന്നും അദ്ദേഹം പറയുംപോലെ തീരുമാനിക്കണമെന്നും ത്യാഗരാജന്റെ മനസ്സ് ഒരുറച്ച തീരുമാനത്തിലെത്തികഴിഞ്ഞിരുന്നു. പക്ഷേ, അത് മീനവ നന്‍ബനില്‍ സംഘട്ടനമൊരുക്കുന്ന കാര്യത്തിന് വേണ്ടിയായിരുന്നില്ല എന്നു മാത്രം.
ത്യാഗരാജന്‍ കാണാന്‍ ഉദ്ദേശിച്ചിരുന്ന ആള്‍ മറ്റാരുമായിരുന്നില്ല. സംഘട്ടനകലയില്‍ പേരും പ്രശസ്തിയും നേടിത്തുടങ്ങിയ കാലത്ത് സ്റ്റണ്ടു ഗ്രൂപ്പുകളിലെ പ്രമുഖര്‍ എന്നന്നേക്കുമായി ത്യാഗരാജനെ അവസാനിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തപ്പോള്‍ ആ അപകട വലയത്തില്‍ നിന്നെല്ലാം തന്നെ രക്ഷിച്ച സാക്ഷാല്‍ എംജി ആറിനെയായിരുന്നു ത്യാഗരാജന് കാണേണ്ടിയിരുന്നത്. യൂണിയന്‍ പ്രസിഡണ്ടാവണമെന്നുള്ള സ്റ്റണ്ടുകാരുടെ അപേക്ഷ ഒരു ഭാഗത്ത്. ആവശ്യമില്ലാത്ത ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ശത്രുക്കളെ ഉണ്ടാക്കരുതെന്ന ഭാര്യയുടെ അപേക്ഷ മറുഭാഗത്ത്. നടുക്കടലിലകപ്പെട്ട ഈ അവസ്ഥയില്‍ എംജിആറിനോട് ഒരഭിപ്രായം ചോദിച്ചിട്ടാവാമന്നായിരുന്നു ത്യാഗരാജന്റെ തീരുമാനം. അന്നു സന്ധ്യയോടെ രാമപുരത്തുള്ള എംജിആറിന്റെ വീട്ടില്‍ ത്യാഗരാജന്‍ എത്തി. തന്നെ കാണാന്‍ വരുന്ന കാര്യം മുന്‍കൂട്ടി അറിയിക്കാതിരുന്നിട്ടു പോലും ത്യാഗരാജന്റെ വാക്കുകള്‍ കേള്‍ക്കാന്‍ എംജിആര്‍ മനസ്സുകാണിച്ചു. വെള്ളിത്തിരയെ പ്രകമ്പനം കൊള്ളിക്കുന്ന ഫൈറ്റ് മാസ്റ്ററോടുള്ള സ്‌നേഹവും ആദരവും കൊണ്ടുമാത്രമാണ് സിനിമയുടെയും രാഷ്ട്രീയത്തിന്റെയും വലിയ തിരക്കുകള്‍ക്കിടയിലും ത്യാഗരാജനോട് സംസാരിക്കാന്‍ എംജിആര്‍ തയ്യാറായത്.

'സ്റ്റണ്ടുകാര്‍ക്ക് യൂണിയനുണ്ടാക്കാന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച ആളല്ലേ ത്യാഗരാജന്‍. വര്‍ഷങ്ങള്‍ എത്ര കടന്നുപോയി. ഇപ്പോള്‍ താങ്കളുടെ കീര്‍ത്തി ഇന്ത്യ മുഴുവന്‍ വ്യാപിച്ചു. ത്യാഗരാജനെ പോലെയൊരാള്‍ തന്നെയാവണം യുണിയന്റെ നേതൃത്വത്തില്‍ വരേണ്ടത്. എന്തു പ്രയാസം നേരിട്ടാലും ഞാനുണ്ടാകും നിങ്ങള്‍ക്കൊപ്പം. ധൈര്യമായി മുന്നോട്ടു പോകൂ..' എംജിആറിന്റെ ഈ വാക്കുകള്‍ മാത്രം മതിയായിരുന്നു ത്യാഗരാജന് യൂണിയന്‍ ഭാരവാഹിത്വം ഏറ്റെടുക്കാന്‍.

ശ്രീധറിന്റെ പടത്തില്‍ ഫൈറ്റ് ഒരുക്കാനുള്ള പ്രയാസങ്ങളെക്കുറിച്ചു കൂടി എംജിആറിനോട് പറയണമെന്നുണ്ടായിരുങ്കെിലും അദ്ദേഹത്തിന്റെ തിരക്ക് മനസ്സിലാക്കി ത്യാഗരാജന്‍ പെട്ടന്ന് യാത്ര പറഞ്ഞിറങ്ങി. ആ സന്ധ്യയില്‍ തന്നെ വീട്ടില്‍ ചെന്ന് ശ്രീധറിനെയും കണ്ടു.
മീനവ നന്‍ബനിലെ ഫൈറ്റ് സീക്വന്‍സുകളെക്കുറിച്ച് ശ്രീധര്‍ എന്തെങ്കിലും പറയും മുന്‍പേ ആ ചിത്രത്തില്‍ വര്‍ക്ക് ചെയ്യാനുള്ള തന്റെ പ്രയാസങ്ങളെക്കുറിച്ച് ത്യാഗരാജന്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ശശികുമാറിന്റെയും എബി രാജിന്റെയും ഹരിഹരന്റെയുമുള്‍പ്പെടെ പതിനാലോളം ചിത്രങ്ങള്‍ക്ക് ത്യാഗരാജന്‍ കരാറൊപ്പിട്ടിരുന്നു. ആ സാഹചര്യത്തില്‍ മീനവ നന്‍ബനു വേണ്ടി വര്‍ക്ക് ചെയ്യാന്‍ കഴിയാതെ വന്നതില്‍ തന്നോട് ക്ഷമിക്കണമെന്ന് ത്യാഗരാജന്‍ പറഞ്ഞപ്പോള്‍ ശ്രീധറിന്റെ മറുപടി ഇങ്ങനെയായിരുന്നു.

'താങ്കളുടെ തിരക്കുകള്‍ ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും ഈ ചിത്രത്തില്‍ ഫൈറ്റ് മാസ്റ്ററായി ത്യാഗരാജനെ വെക്കാന്‍ പറഞ്ഞത് എംജിആറാണ്. അദ്ദേഹത്തിന്റെ മുന്നില്‍ ത്യാഗരാജന്‍ മോശക്കാരനാവരുത്.'
'ഞാനെന്തു ചെയ്യണം?' ത്യാഗരാജന്‍ ചോദിച്ചു.
'ക്ലൈമാക്‌സ് ഫൈറ്റ് ത്യാഗരാജന്‍ ചെയ്തു തരണം. അതും പറ്റിയില്ലെങ്കില്‍ ഇതുവരെ കാണാത്ത രീതിയിലൊരു ഫൈറ്റ് കമ്പോസ് ചെയ്തു തരണം.'
ചിത്രത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് ശ്രീധര്‍ വിശദീകരിച്ചു. എംജിആറും ലതയുമാണ് നായികാ നായകന്മാര്‍. എംഎന്‍ നമ്പ്യാര്‍ വില്ലനും. കോവിലിലെ പണവും സ്വര്‍ണാഭരണങ്ങളുമായി രക്ഷപ്പെടുന്ന വില്ലനെ നായകന്‍ പിന്തുടരുന്നതും കീഴ്‌പ്പെടുത്തുന്നതുമായ ചിത്രത്തിന്റെ കഥാന്ത്യത്തിന് ഏറ്റവും പുതുമയുള്ള ഒരു ഫൈറ്റാണ് വേണ്ടത്. ശ്രീധര്‍ പറഞ്ഞുകൊടുത്ത സിറ്റ്വേഷന്‍ വച്ച് ഒരു മണിക്കൂറിനകം ത്യാഗരാജന്‍ ഫൈറ്റ് കമ്പോസ് ചെയ്തു. കടലോര പശ്ചാത്തലത്തില്‍ കഥപറഞ്ഞ ചിത്രത്തിനു വേണ്ടി രൂപപ്പെടുത്തിയ ആ ഫൈറ്റ് കടലില്‍ വെച്ചായിരുന്നു. തമിഴ് സിനിമയിലെ സംഘട്ടനങ്ങളില്‍ ഇത്തരമൊരു ഫൈറ്റ് ആദ്യത്തേതായിരുന്നു. തമിഴിനു പുറമേ തെലുങ്ക് ഹിന്ദി ഭാഷകളിലും നിരവധി ആക്ഷന്‍ സിനിമകള്‍ സംവിധാനം ചെയ്ത ശ്രീധറിനെ സംബന്ധിച്ചിടത്തോളം, ത്യാഗരാജന്‍ കമ്പോസ് ചെയ്ത ഫൈറ്റ് അദ്ദേഹം പറഞ്ഞതുപോലെ ചിത്രീകരിച്ചാല്‍ അത് സിനിമയുടെ ഹൈലൈറ്റ് ആകുമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ, അതിനുമുന്‍പ് എംജിആറുമായി ഒരു ചര്‍ച്ച നടത്തിയിട്ടാവാം ഈ സ്റ്റണ്ട് ചിത്രീകരണമെന്ന് ശ്രീധര്‍ ഉറപ്പിച്ചു.
എംജിആറിനെയും ശ്രീധറിനെയും കണ്ടു വീട്ടിലെത്തുമ്പോള്‍ സമയം പാതിരാവായിരുന്നു. അപ്പോഴും ഭര്‍ത്താവിന്റെ വരവും പ്രതീക്ഷിച്ച് കണ്ണടയ്ക്കാതെ കാത്തിരിക്കുകയായിരുന്നു ശാന്തി. 'സ്റ്റണ്ട് യൂണിയന്‍ നേതൃത്വത്തിലേക്ക് വരണമെന്നാണ് എംജിആറിന്റെ അഭിപ്രായം.' ത്യാഗരാജന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ശാന്തി ചോദിച്ചു:
'നിങ്ങള്‍ എന്തു പറഞ്ഞു?'
'സമ്മതിച്ചു... എന്റെ ആളുകള്‍ ഇത്രയൊക്കെ താഴ്മയോടെ പറഞ്ഞിട്ടും ഞാനത് കേള്‍ക്കാതെ പോയാല്‍ നാളെ അവര്‍ക്ക് വേണ്ടി പറയാന്‍ മാറ്റാരുണ്ടാകും.' പിന്നീടൊന്നും പറയാന്‍ ശാന്തിയ്ക്ക് മനസ്സു വന്നില്ല. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരാളല്ല തന്റെ ഭര്‍ത്താവ് എന്ന് ശാന്തിയ്ക്ക് നല്ലപോലെ അറിയാമായിരുന്നു. അതുകൊണ്ട്, ഭര്‍ത്താവിന്റെ തീരുമാനങ്ങള്‍ക്ക് വിപരീതമായി അവര്‍ ഒരക്ഷരം ഉരിയാടിയില്ല. ത്യാഗരാജന്റെയും ശാന്തിയുടെയും ജീവിതത്തിലെ പരസ്പര വിശ്വാസവും സ്‌നേഹവും കരുതലുമൊക്കെ സ്റ്റണ്ടുകാര്‍ക്ക് മാത്രമല്ല, സിനിമയിലെ പലര്‍ക്കും മാതൃകയായിരുന്നു.
വര്‍ഷംതോറും ഡിസംബര്‍ മുപ്പത്തിയൊന്നാം തീയതിയാണ് സ്റ്റണ്ട് യൂണിയന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേരുന്നത്. തിരഞ്ഞെടുപ്പിലൂടെ വരുന്ന പുതിയ പ്രവര്‍ത്തക സമിതി പുതുവത്സരദിനത്തില്‍ ചുമതലയേല്‍ക്കും. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ത്യാഗരാജന് എതിരാളിയായി വന്നത് ഫൈറ്റര്‍ വാസുദേവനായിരുന്നു. സഹപ്രവര്‍ത്തകന്‍ എതിലുപരി ആത്മമിത്രം കൂടിയായ വാസുദേവന്‍ മത്സരിക്കാനിറങ്ങിയത് ത്യാഗരാജനില്‍ അതല്പം വിഷമമുണ്ടാക്കി.

വാസുദേവനും ഇതേ അനുഭവം തയൊയിരുന്നു. യൂണിയനിലെ നൂറ്റി അറുപതോളം അംഗങ്ങളില്‍ നൂറ്റി അന്‍പതിലേറെ പേരും വോട്ട് രേഖപ്പെടുത്തി. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ നൂറ്റിപ്പതിമൂന്ന് വോട്ടുകള്‍ ത്യാഗരാജന് ലഭിച്ചു. യൂണിയന്‍ ഓഫീസില്‍ കൈയ്യടികളും ആര്‍പ്പുവിളികളും നിറഞ്ഞു. ത്യാഗരാജന് ലഭിച്ച വോട്ടിന്റെ പകുതി പോലും നേടാനായില്ലെങ്കിലും മനസ്സില്‍ വെറുപ്പോ വിദ്വേഷമോ ഒന്നും സൂക്ഷിക്കാതെ വാസുദേവന്‍ ത്യാഗരാജനെ കെട്ടിപ്പിടിച്ചു. അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട്, സംഘടനയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ത്യാഗരാജനൊപ്പമുണ്ടാകുമെന്ന് അദ്ദേഹം അവിടെ വെച്ച് പറഞ്ഞു. അടിയന്തരാവസ്ഥയുടെ ഭീകരതകള്‍ അവസാനിച്ചിട്ടില്ലാത്ത 1977 ലെ പുതുവത്സരപുലരിയില്‍ ഓരോ സ്റ്റണ്ടുകാരന്റെയും വലിയ പ്രതീക്ഷയെന്നോണം യൂണിയന്റെ പന്ത്രണ്ടാമത്തെ പ്രസിഡണ്ടായി ത്യാഗരാജന്‍ ചുമതലയേറ്റു. ഫൈറ്റര്‍മാരായ കെ.പി. ഗണേശന്‍ സെക്രട്ടറിയും രാമാനുജം ട്രഷററുമായും വന്നു.

'ജീവിക്കാന്‍ വേണ്ടിയാണ് അപകടം പിടിച്ച ഈ തൊഴില്‍ നമ്മള്‍ തിരഞ്ഞെടുത്തത്. പക്ഷേ, നമ്മളാരും ആരുടേയും അടിമകളല്ല. എത്ര വലിയവന്റെ മുന്‍പിലായാലും അഭിമാനം പണയം വെച്ചുള്ള ഒരു ജീവിതത്തിലൂടെ യൂണിയനില്‍പ്പെട്ട ഒരാളും സഞ്ചരിക്കരുത്.'
ചുമതലയേറ്റ ഉടനെ യൂണിയന്‍ അംഗങ്ങളുടെ മീറ്റിങ്ങില്‍ വെച്ച് ത്യാഗരാജന്‍ പറഞ്ഞു. നൂറ്റിഅറുപതോളം അംഗങ്ങളുള്ള സംഘടനയില്‍ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമേ അക്കാലത്ത് ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നുള്ളൂ. അക്കൗണ്ട് ഇല്ലാത്ത നൂറ്റിനാല്‍പ്പതോളം അംഗങ്ങള്‍ക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ വേണ്ടി പത്തുരൂപ വീതം ഓരോരുത്തര്‍ക്കും ത്യാഗരാജന്‍ സ്വന്തം കൈയില്‍ നിന്നും നല്‍കി. അന്നത്തെ പത്തു രൂപയ്ക്ക് ഇന്നത്തെ ആയിരത്തിന്റെ വിലയാണ്. എന്നാല്‍ പണത്തിന്റെ മൂല്യത്തേക്കാള്‍ ത്യാഗരാജന്‍ വിലനല്‍കിയത് മനുഷ്യത്വത്തിനാണ്.

പരാതിയും പ്രശ്‌നങ്ങളുമായി എപ്പോഴും ത്യാഗരാജന്റെ മുന്‍പില്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ എത്തി. അവര്‍ക്ക് പറയാന്‍ ഏറെയുണ്ടായിരുന്നു. സിനിമയിലെ പല പ്രമുഖരുടെയും ചതിയിലും വഞ്ചനയിലും അകപ്പെട്ടുപോയ തങ്ങളുടെ പൊള്ളുന്ന ജീവിതകഥകള്‍. തിരക്കിനിടയിലും അതെല്ലാം കേള്‍ക്കാനും പരിഹരിക്കാനും ത്യാഗരാജന്‍ സമയം കണ്ടെത്തി. സ്റ്റണ്ട് യുണിയനിലെ ഓരോ അംഗങ്ങളുടെയും പ്രയാസങ്ങള്‍ തന്റേതുകൂടിയാണെന്ന് വിശ്വസിച്ചാണ് ത്യാഗരാജന്‍ സംഘടനയെ നയിച്ചത്.

ത്യാഗരാജന്‍ യൂണിയന്‍ പ്രസിഡണ്ടായി ചുമതലയേറ്റ് എണ്‍പത് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നത്. സിനിമയില്‍, സംഘട്ടനം എന്ന കലയെ ആശ്രയിച്ചു ജീവിച്ച കുറെ മനുഷ്യര്‍ ആ ദിവസം മദിരാശി നഗരത്തില്‍ പാട്ടുപാടിയും നൃത്തം ചെയ്തും സന്തോഷിച്ചു. അവരുടെ സന്തോഷത്തിന് പിറകില്‍ നീണ്ട ഇരുപത്തിയൊന്ന് മാസങ്ങളുടെ സഹനങ്ങളുണ്ടായിരുന്നു. ആ മനുഷ്യര്‍ അനുഭവിച്ച വേദനയുടെ ആഴം എത്രയാണെന്ന് ത്യാഗരാജനെപ്പോലെ മനസ്സിലാക്കിയ മറ്റൊരു സ്റ്റണ്ട് മാസ്റ്റര്‍ വേറെയുണ്ടാവുകയുമില്ല.

(തുടരും)

Content Highlights: South Indian cinema stunt maestro M.G.R. national presidency Thiagarajan movie manufacture household sacrifice

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article