കെട്ടുറപ്പേറിയ സൗഹൃദവും കൗമാര പ്രണയവും വീറും വാശിയുമുള്ള ബോക്‌സിങ് മത്സരവുമായി തിയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ് 'ആലപ്പുഴ ജിംഖാന.' ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പുതുമുഖ താരങ്ങളിലൊരാളാണ് നന്ദ നിഷാന്ത്. ചലച്ചിത്ര നടന്‍ നിഷാന്ത് സാഗറിന്റെ മകള്‍കൂടിയായ നന്ദ തന്റെ ആദ്യ ചിത്രത്തെ കുറിച്ചും ലൊക്കേഷൻ അനുഭവങ്ങളെ കുറിച്ചും മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു;
സിനിമയിലേക്കുള്ള അരങ്ങേറ്റംതന്നെ മികച്ച ക്രൂവിനൊപ്പമാണ്. എങ്ങനെയാണ് ആലപ്പുഴ ജിംഖാനയിലേക്ക് എത്തിയത്
ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ഒരു കാസ്റ്റിങ് കോള്‍ വന്നിരുന്നു. ഞാനും സുഹൃത്തുക്കളുമുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഈ പോസ്റ്റ് ഷെയര്‍ചെയ്ത് വന്നു. ഒന്ന് ശ്രമിച്ചു നോക്ക് എന്ന് സുഹൃത്തുക്കളെന്നോട് പറഞ്ഞു. അന്ന് ഞാന്‍ ഡിഗ്രി അവസാനവര്‍ഷം പഠിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രൊജക്റ്റ് വര്‍ക്കിനിടയില്‍ ഓഡിഷന്‍ വന്നാല്‍ മാനേജ് ചെയ്യാന്‍ കഴിയുമോ എന്നെല്ലാം ആലോചിച്ചപ്പോള്‍ ഞാനതത്ര കാര്യമാക്കിയില്ല.
പിന്നീട് ഈ കാസ്റ്റിങ് കോള്‍ അച്ഛന്റെ ശ്രദ്ധയില്‍ പെട്ടു. 'ഇത് കണ്ടിട്ട് കൊള്ളാമല്ലോ ഖാലിദ് റഹ്‌മാന്റെ സിനിമയാണ്. ഇന്‍ട്രൊഡക്ഷന്‍ വീഡിയോ ആണ് പോസ്റ്റില്‍ ആവശ്യപ്പെടുന്നത്. നീ ശ്രമിച്ചുനോക്ക്', അച്ഛന്‍ എന്നോട് പറഞ്ഞു.
'കിട്ടുമെന്ന് ഉറപ്പില്ല. നൂറുകണക്കിന് ആളുകള്‍ അയക്കുന്നതില്‍ ഒരാള്‍ മാത്രമാണ് നീ. ചുമ്മാ ശ്രമിച്ചു നോക്കൂ, രസമാണ്. ഇതൊരു അനുഭവമാണ്. ഓഡിഷന് പോകുന്നതും വരുന്നതും റിസള്‍ട്ടിന് കാത്തിരിക്കുന്നതും എല്ലാം ത്രില്ലിങ് ആണ് ചെയ്തുനോക്കൂ' എന്നാണ് അച്ഛന്‍ പറഞ്ഞത്. അങ്ങനെ ഞാന്‍ ഇന്‍ട്രൊഡക്ഷന്റെ വീഡിയോ അയച്ചുകൊടുത്തു. നെപ്പോട്ടിസം ചര്‍ച്ചയിലുള്ള വിഷയമാണല്ലോ, അതുകൊണ്ട് ഞാനായിട്ട് ആ വീഡിയോയില്‍ അച്ഛന്റെ പേര് പറഞ്ഞില്ല. എന്റെ പേരിന്റെ പൂര്‍ണരൂപം പറയാതെ നന്ദ എന്നുമാത്രമേ പറഞ്ഞിരുന്നുള്ളൂ.

ഇന്‍ട്രൊഡക്ഷന്‍ വീഡിയോ അയച്ചുകൊടുത്ത് ദിവസങ്ങള്‍ കഴിഞ്ഞശേഷം ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ എന്നെ വിളിച്ചു. ഒരു സീന്‍(ആലപ്പുഴ ജിംഖാനയിലേതല്ല) പറഞ്ഞുതന്ന് അത് അഭിനയിച്ച് വീഡിയോ അയക്കാമോ എന്ന് ചോദിച്ചു. ഞാന്‍ അഭിനയിച്ച് വീഡിയോ എടുത്ത് അയച്ചുകൊടുത്തു. ശേഷം വിവരമറിയിക്കാം എന്നും അവര്‍ പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. അപ്പോള്‍ ഞാന്‍ കരുതി, അക്കാര്യത്തില്‍ തീരുമാനമായെന്ന്. ഞാന്‍ പിന്നെ കോളേജിലെ വര്‍ക്കൊക്കെയായി മുന്നോട്ടുപോയി. ദിവസങ്ങള്‍ക്കുശേഷം എന്നെ ലിധിന്‍ കെ.ടി. എന്ന അസോസിയേറ്റ് വിളിച്ച് കൊച്ചിയില്‍ ഓഡിഷനുണ്ടെന്നും വരണമെന്നും പറഞ്ഞു. അങ്ങനെ ഞാനവിടെ ചെന്നു.
മുമ്പ് എനിക്ക് അഭിനയിക്കാന്‍ തന്ന അതേ സീന്‍ ഒന്നുകൂടി വിപുലീകരിച്ച് അഭിനയിക്കാന്‍ തന്നു. അതവര്‍ ഷൂട്ട് ചെയ്തു. മുമ്പത്തെപ്പോലെ വിവരമറിയിക്കാം എന്ന് പറഞ്ഞു. വീണ്ടും 2-3 ആഴ്ചകള്‍ പുതിയ പ്രതികരണങ്ങളൊന്നും വന്നില്ല. അപ്പോഴും ഞാന്‍ കരുതി, ഓക്കെ, അത് കഴിഞ്ഞു, രണ്ട് ഓഡിഷന് പങ്കെടുത്തല്ലോ അതോടെ കഴിഞ്ഞുകാണും എന്ന്. വീണ്ടും ഞാന്‍ എന്റെ തിരക്കിലേക്ക് പോയി. ഒരു ദിവസം ലിധിന്‍ ചേട്ടന്‍ വിളിച്ച് സംവിധായകനെ നേരിട്ട് കാണാന്‍ വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. വരാമെന്ന് ഞാന്‍ പറഞ്ഞു.
കൊച്ചിയിലെ സ്പാർട്ടന്‍സ് മാര്‍ഷല്‍ ആര്‍ട്‌സ് സ്‌കൂളിലാണ് സിനിമക്കുവേണ്ടി ബോക്‌സിങ് പരിശീലനം നടത്തിയത്. അവിടേയ്ക്കാണ് എന്നോട് വരാന്‍ പറഞ്ഞത്. അവിടെ നിന്ന് റഹ്‌മാനിക്കയെ (ഖാലിദ് റഹ്‌മാന്‍) കണ്ടു. അന്ന് ഞാന്‍ മഞ്ഞുമ്മല്‍ ബോയ്സ് കണ്ട് അതിന്റെ ത്രില്ലിലിരിക്കുന്ന സമയമായിരുന്നു. സംവിധായകന്‍ എന്നതിനേക്കാള്‍ ആ സിനിമയിലെ ഡ്രൈവര്‍ ചേട്ടനായ റഹ്‌മാനിക്കയാണ് എന്റെ മനസ്സിലപ്പോള്‍. അന്നാദ്യമായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. റഹ്‌മാനിക്കയെ കണ്ട ത്രില്ലില്‍ ഡ്രൈവര്‍ ചേട്ടന്റെ റോള്‍ നന്നായിചെയ്തു എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം നന്ദി പറഞ്ഞു.
എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. റഹ്‌മാനിക്ക ആദ്യം കുറേ വിശേഷമെല്ലാം ചോദിച്ചു. ഞങ്ങളവിടെ നിന്ന് ഒരുപാട് സംസാരിച്ചു. അദ്ദേഹം സിനിമയുടെ പ്ലോട്ട് പറയാന്‍ തുടങ്ങി. ഓഡിഷന്റെ ഭാഗമായി വരുന്നവരോട് സിനിമയുടെ പ്ലോട്ട് പറയുമോ എന്നെല്ലാം ഞാനപ്പോള്‍ മനസ്സില്‍ ആലോചിച്ചു. നന്ദ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് തോന്നി, അതുകൊണ്ടാണ് പ്ലോട്ട് പറയുന്നതെന്ന് പറഞ്ഞപ്പോഴാണ് അനുപമ എന്ന കഥാപാത്രമാകാന്‍ എന്നെ തിരഞ്ഞെടുത്തു എന്ന കാര്യം ഞാന്‍ മനസ്സിലാക്കിയത്.
ഐഡന്റിറ്റി മറച്ചുവെച്ചങ്കിലും നന്ദ, നിഷാന്തിന്റെ മകളാണെന്ന കാര്യം പിന്നീടെപ്പോഴാണ് ക്രൂവിലുള്ളവര്‍ അറിഞ്ഞത്.
എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ നന്ദ എന്ന് മാത്രം പറഞ്ഞ് വലിയ കാര്യത്തില്‍ ഓഡിഷന് പങ്കെടുത്തെങ്കിലും പിന്നീട് ഞാന്‍ നടന്‍ നിഷാന്തിന്റെ മകളാണെന്ന് അവര്‍ അറിയുകയായിരുന്നു. സ്‌കൂളില്‍ എന്റെ സീനിയറായി പഠിച്ച ആള്‍ ഈ സിനിമയില്‍ എഡിയാ(അസോസിയേറ്റ് ഡയറക്ടർ)യി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം വഴിയാണ് ഇക്കാര്യം അറിഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്. രണ്ടാമത്തെ ഓഡിഷനായി വിളിച്ചപ്പോള്‍ അസോസിയേറ്റാണ് 'നിഷാന്തേട്ടന്റെ മോളാണല്ലേ' എന്നിങ്ങോട്ട് ചോദിച്ചത്. അവരതെങ്ങനെ അറിഞ്ഞു എന്നൊന്നും ഞാന്‍ ചോദിച്ചിട്ടില്ല. എനിക്ക് തോന്നുന്നത് എഡി വഴിയാണെന്നാണ്.
റിലീസ് ചെയ്യുന്നതിന് മുമ്പേ ആലപ്പുഴ ജിംഖാന തന്ന പ്രതീക്ഷകള്‍ എന്തെല്ലാമായിരുന്നു.
പ്രതീക്ഷകളേക്കാളുപരി എനിക്ക് ടെന്‍ഷനായിരുന്നു. കാരണം ഞാന്‍ ആദ്യമായാണല്ലോ സിനിമ ചെയ്യുന്നത്. ഖാലിദ് റഹ്‌മാന്‍, നസ്ലിന്‍ ഇവര്‍ക്കെല്ലാം ഒരുപാട് ഫാന്‍സുണ്ട്. അനവധിപേര്‍ ഈ സിനിമ കാണും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. വലിയൊരു വിഭാഗം പ്രേക്ഷകര്‍ എന്നെ കാണാന്‍ പോവുകയാണ്, അത്രയും പേരിലേക്ക് ഞാന്‍ എത്തുകയാണ്.

അവരെന്നെ സ്വീകരിക്കുമോ, എന്റെ അഭിനയം അവര്‍ക്ക് ഇഷ്ടപ്പെടുമോ, അതോ പ്രേക്ഷകര്‍ക്ക് ഓവര്‍ ആയി തോന്നുമോ.., അങ്ങനെയുള്ള ആധികളായിരുന്നു എനിക്ക്. ഖാലിദ് റഹ്‌മാന്റെ സിനിമയാണ് എന്നതാണ് ആകെയുണ്ടായിരുന്ന പ്രതീക്ഷ. അത് തീര്‍ച്ചയായും വിജയമാകും എന്നുള്ളൊരു ഉറപ്പ് സിനിമയിറങ്ങുന്നതിന് മുമ്പേ ഉണ്ടായിരുന്നു. മറ്റ് വലിയ പ്രതീക്ഷകളൊന്നും അധികമുണ്ടായില്ല, എന്നെ സ്വീകരിക്കുമോ എന്ന ടെന്‍ഷനാല്ലാതെ.
ആദ്യചിത്രമാണെന്ന് തോന്നിപ്പിക്കും വിധമല്ല ഈ സിനിമയില്‍ നന്ദയുടെ പ്രകടനം. സിനിമയിലെ പ്രധാന റോളുകളില്‍ ഒന്നാണ് അനുപമ. പെര്‍ഫോമന്‍സ് മികവുറ്റതാക്കാനായി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നോ? അതിന് ക്രൂ എത്രത്തോളം സഹായിച്ചിട്ടുണ്ട്.
വളരെയധികം നന്ദി. ചിത്രത്തിലെ എന്റെ അഭിനയത്തെ കുറിച്ച് സുഹൃത്തുക്കളും കുടുംബവും എല്ലാം ഇതുതന്നെയാണ് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമം വഴിയും ഒരുപാട് മെസ്സേജുകള്‍ എനിക്ക് കിട്ടുന്നുണ്ട്. എന്റെ ആദ്യസിനിമയാണെന്ന് തോന്നില്ലെന്നും എനിക്ക് തന്ന കഥാപാത്രം ഞാന്‍ നന്നായി ചെയ്തിട്ടുണ്ടെന്നുമെല്ലാം പറഞ്ഞുകൊണ്ടാണ് മെസേജുകള്‍. അതെല്ലാം കാണുമ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നുന്നുണ്ട്. അതെല്ലാം കാണുമ്പോള്‍ എന്റെ ടെന്‍ഷന്‍ പാതി കുറയും. ഈ പ്രതികരണങ്ങളെല്ലാം എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിച്ചുണ്ടെന്ന് പറയാം. സിനിമയില്‍ അനുപമ എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്ന് റഹ്‌മാനിക്കയെ മീറ്റ് ചെയ്യാന്‍ പോയദിവസം പറഞ്ഞതായി നേരത്തേ സൂചിപ്പിച്ചല്ലോ. കഥാപാത്രത്തിനായി ഞാന്‍ പ്രത്യേക തയ്യാറെടുപ്പുകളൊന്നും ചെയ്തിരുന്നില്ല.
ഖാലിദ് റഹ്‌മാന്റെ സംവിധാനം, ജിംഷി ഖാലിദിന്റെ സിനിമാറ്റോഗ്രഫി... ഇത്രയും മികച്ച ക്രൂവിനൊപ്പം സിനിമയിലെത്താന്‍ സാധിച്ചതില്‍പരം ഭാഗ്യം എനിക്കിനി കിട്ടാനില്ല എന്നാണ് ഞാനിപ്പോള്‍ വിശ്വസിച്ചിരിക്കുന്നത്. ഒരു ഗ്രേറ്റ് സ്റ്റാര്‍ട്ട് ആണ് എനിക്ക് കിട്ടിയത്. അത് എല്ലാവരും എന്നോട് പറഞ്ഞു. ചിത്രത്തില്‍ ചെറിയ ഭാഗം മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. എന്നാല്‍ ഇത്രയും നല്ല കാസ്റ്റ് ആന്റ് ക്രൂവിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നത് വലിയ ഭാഗ്യമാണ്.
ആലപ്പുഴ ജിംഖനായിലേത് പ്രൊഫഷനല്‍ ടീം ആയതുകൊണ്ട് എനിക്ക് കുറേ പഠിക്കാന്‍ പറ്റി. നല്ലൊരു അനുഭവമായിരുന്നു. ഞാന്‍ ആദ്യമായാണ് ഇങ്ങനെയൊരു സിനിമാസെറ്റില്‍ എത്തുന്നത്. ക്രൂവിലെ ആരേയും എനിക്ക് ഒരു പരിചയവുമുണ്ടായിരുന്നില്ല. ആദ്യമായാണ് എല്ലാവരേയും കാണുന്നത്. ഞാന്‍ അവരുടെ കൂടെ ഓക്കെ ആകുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ അവിടെ ചെന്ന് എല്ലാവരുമായി ഞാന്‍ പെട്ടെന്ന് സെറ്റായി. ഐസ് ബ്രേക്കിങ് സെഷനൊന്നും വേണ്ടിവന്നില്ല. എല്ലാവരും ഒരേ വൈബാണ്.
കോളേജില്‍ ഫ്രണ്ട്സ് എല്ലാവരും ഒരുമിച്ചു കൂടുന്ന അതേ പ്രതീതിയായിരുന്നു. ഞാനതെല്ലാം നന്നായി എന്‍ജോയ് ചെയ്തു. ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. ഇവരുടെ കൂടെ ഞാന്‍ ഒരു കംഫേട്ട് സോണിലായിരുന്നു. മാനസികമായും വൈകാരികമായും പ്രൊഫഷണലായും 100 ശതമാനം സംതൃപ്തിയും സന്തോഷവും നല്‍കിയ പ്രൊജക്ടായിരുന്നു ആലപ്പുഴ ജിംഖാന. കാസ്റ്റ് ആന്റ് ക്രൂവിന് ഒരുപാട് നന്ദിയുണ്ട്.
ഞാനും അച്ഛനും തമ്മില്‍ പൊതുവെ സിനിമകളെ കുറിച്ച് സംസാരിക്കുന്നത് കുറവാണ്. ഈ സിനിമയില്‍ ഞാന്‍ സെലക്ടായി എന്നറിഞ്ഞപ്പോള്‍ അച്ഛന്‍ ആകെ തന്ന ഉപദേശം 'ഒരുപാടൊന്നും ആലോചിച്ച് തയ്യാറെടുത്ത് ഷൂട്ടിന് പോകരുത്, ഞാന്‍ എങ്ങനെ ആണോ അങ്ങനെ ചെന്നാല്‍ മതി' എന്നാണ്. ഒരുപാട് തയ്യാറെടുക്കണമെന്ന് റഹ്‌മാനിക്കയും എന്റെയടുത്ത് ആവശ്യപ്പെട്ടിട്ടില്ല. അന്ന് 42 കിലോയായിരുന്നു എന്റെ ഭാരം. കഥാപാത്രത്തിനായി എന്നോട് ശരീരഭാരം കൂട്ടാന്‍ പറഞ്ഞതനുസരിച്ച് 50 കിലോ ആക്കി. ഷൂട്ടിങിനായി ലൊക്കേഷനിലെത്തുമ്പോള്‍ കഥാപാത്രം എങ്ങനെയാണ് വേണ്ടതെന്ന് റഹ്‌മാനിക്കയ്ക്ക് അറിയാമല്ലോ, അതുകൊണ്ട് തയ്യാറെടുക്കാതെയാണ് പോയത്.
റഹ്‌മാനിക്ക ഒരു ആര്‍ട്ടിസ്റ്റില്‍ നിന്ന് ബെസ്റ്റ് പ്രകടനംതന്നെ കൊണ്ടുവരും. ആദ്യ ഷോട്ട് എടുക്കുമ്പോള്‍ എനിക്ക് ടെന്‍ഷനുണ്ടായിരുന്നു. തെറ്റുകള്‍ വന്നു. അഞ്ചാറ് റീടേക്ക് വന്നു. എനിക്ക് എത്ര ടെന്‍ഷനുണ്ടെങ്കിലും അദ്ദേഹം അത് മനസ്സിലാക്കിയിരുന്നു. ഷോട്ട് കഴിഞ്ഞ് എന്നെ വിളിച്ച് ഞാന്‍ അഭിനയിച്ച രംഗം കാണിച്ചുതരും. നീ ഇവിടെ ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കുമല്ലോ എന്നെല്ലാം പറയും. അപ്പോള്‍ കുറേക്കൂടി മനസ്സിലാകും.
ചിത്രത്തിലെ നായികമാരില്‍ ഒരാളാണ്, സീനുകള്‍ക്കൊപ്പം പ്രത്യേകമായി ഒരു പാട്ടും വരുന്നുണ്ട്. ആദ്യചിത്രത്തിന് ഇങ്ങനെ ഒരു തുടക്കം കിട്ടിയപ്പോഴുള്ള അനുഭവം എന്തായിരുന്നു? സിനിമാരംഗത്തുനിന്ന് പ്രതികരണങ്ങള്‍ ലഭിച്ചോ.
ഈ സിനിമയിറങ്ങുന്നതിന് മുമ്പ് ഇതിലെ പാട്ടിലൂടെയാണ് ഞാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഒരു പാട്ട് കിട്ടുക, നായികയാവുക, ഇതൊന്നും ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ്. ഈ ഫീല്‍ഡില്‍ ഞാന്‍ കാലെടുത്ത് വെക്കും എന്നത് ഒട്ടു വിചാരിച്ചതല്ല. വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. എന്റകൂടെ സ്‌കൂളിലും കോളേജിലുമെല്ലാം പഠിച്ചവര്‍ക്കറിയാം. അച്ഛന്‍ സിനിമാ മേഖലയിലായതുകൊണ്ട് ഞാനും ആ വഴിതന്നെ തിരഞ്ഞെടുക്കുമല്ലേ എന്ന് എല്ലാവരും ചോദിക്കുമായിരുന്നു. സിനിമ, അഭിനയം എനിക്ക് പറ്റുന്ന കാര്യമാണോ എന്നറിയില്ല എന്നായിരുന്നു ഞാന്‍ പറയാറുണ്ടായിരുന്നത്.

സിനിമയിലഭിനയിക്കണമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അതെന്നെക്കൊണ്ട് പറ്റുന്ന കാര്യമാണോ എന്നറിയാത്തതുകൊണ്ടാണത്. ആ ഞാന്‍ ഈ സിനിമയുടെ ഭാഗമായി എന്ന് വിശ്വസിക്കാന്‍ എനിക്കിപ്പോഴും പ്രയാസമാണ്.
ഇന്‍ഡസ്ട്രിയില്‍നിന്ന് അച്ഛന്റെ സുഹൃത്തുക്കളില്‍ ചിലര്‍ സിനിമ കണ്ട് എന്നെ വിളിച്ചു. സിനിമ കണ്ട ബന്ധുക്കളും സുഹൃത്തുക്കളും എന്നെ വിളിച്ച് നന്നായി ചെയ്തു, തുടക്കക്കാരിയാണെന്ന് പറയുകയില്ല എന്ന് പറഞ്ഞു. അപ്പോഴാണ് ഞാന്‍ ഞെട്ടിയത്. ഇത് ഓക്കെയാണല്ലേ, എന്നെക്കൊണ്ട് പറ്റുന്ന ഒരു കാര്യമാണല്ലേ എന്നെനിക്ക് തോന്നി.
ആലപ്പുഴ ജിംഖാനയിലേക്ക് ഞാന്‍ സെലക്ടായത് മുതല്‍ സിനിമ റീലാസാകുന്നതുവരെ എന്നേക്കാളും എക്‌സൈറ്റഡായത് എന്റെ കുടുംബവും സുഹൃത്തുക്കളുമായിരുന്നു. അതുകൊണ്ടുതന്നെ എന്റെ ആദ്യ വര്‍ക്കില്‍ അവര്‍ ഹാപ്പിയാണ്.
ലൊക്കേഷനിലെ അനുഭവങ്ങള്‍, സൗഹൃദങ്ങള്‍.
സിനിമയുടെ രണ്ടാം പകുതിയാണ് ഫസ്റ്റ് ഷെഡ്യൂളില്‍ ഷൂട്ട് ചെയ്തത്. അതില്‍ ഞാനുണ്ടായിരുന്നില്ല. ഞാന്‍ സെക്കന്റ് ഷെഡ്യൂളിലാണ് ജോയിന്‍ ചെയ്തത്. ബാക്കി എല്ലാവരും ആറ് മാസം, അതുകഴിഞ്ഞ് ഷൂട്ടിങ്ങിന്റെ രണ്ട് മാസം എല്ലാം ഒരുമിച്ചുണ്ടായിരുന്നതിനാല്‍ തമ്മില്‍ പരിചയമുണ്ട്. അവര്‍ക്കിടയിലേക്ക് ഒരു പുതിയ ആളെപ്പോലെയാണ് ഞാന്‍ ജോയിന്‍ ചെയ്തത്.
അമ്മയ്ക്കും അച്ഛന്റെ സഹോദരനുമൊപ്പം ഷൂട്ടിങ്ങിന്റെ തലേദിവസം ഞാന്‍ ആലപ്പുഴയിലെത്തി. ദൈവമേ, നാളെ എനിക്ക് അറിയാത്ത ആളുകളെ കാണാനും സംസാരിക്കാനും പോവുകയാണ്, അവരുടെ കൂടെ എനിക്ക് ഇടപഴകാന്‍ കഴിയുമോ, എല്ലാവരുമായി കൂട്ടാകാന്‍ എത്രനാളെടുക്കുമായിരിക്കും, ഞാന്‍ ഒറ്റയ്ക്കാകുമോ തുടങ്ങി കുറേ ചിന്തകളായിരുന്നു മനസ്സില്‍. അങ്ങനെ ആദ്യ ദിവസം ഷൂട്ട് കഴിഞ്ഞ് റൂമിലെത്തി ഞാന്‍ കിടന്നുറങ്ങി. രണ്ടാമത്തെ ദിവസം ക്രൂവിലെ ഒരാള്‍ എല്ലാവരും സംസാരിച്ചിരിക്കുന്ന മുറിയിലേക്ക് എന്നെ ക്ഷണിച്ചു. അവിടെ ചെന്ന് അവരോടെല്ലാം സംസാരിച്ചപ്പോള്‍ ഞാന്‍ പോലുമറിയാതെ എല്ലാവരുമായി നല്ലൊരു ബന്ധം രൂപപ്പെട്ടു. അത് വര്‍ക്കും എളുപ്പമാക്കി. നല്ല സുഹൃത്തുകളെ കൂടിയാണ് അവിടെനിന്ന് കിട്ടിയത്.
പഠനം, വിനോദം.
ഡിഗ്രി വിഷ്വല്‍ കമ്മ്യൂണിക്കേഷനാണ് ഞാന്‍ പഠിച്ചത്. ഓഡിഷന് അയച്ചത് അവസാനവര്‍ഷം പഠിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നെങ്കില്‍ ഡിഗ്രി കഴിഞ്ഞ സമയത്താണ് ലൊക്കേഷനില്‍ ജോയിന്‍ ചെയ്തതും ഷൂട്ട് നടന്നതും. ഡിഗ്രി കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. ഈ വര്‍ഷം ഇതുവരെ സിനിമയുടെ വര്‍ക്കുകളിലായിരുന്നു. ഇനി പിജിക്ക് ചേരാന്‍ ആഗ്രഹമുണ്ട്. നല്ല പ്രൊജക്റ്റുകള്‍ വരുമ്പോള്‍ അത് ചെയ്യാനുള്ള ആഗ്രഹവുമുണ്ട്. അത് രണ്ടും മാനേജ് ചെയ്ത് പോകാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ്.
ഞാന്‍ വരയ്ക്കും. ഡാന്‍സ് ചെയ്യാറുണ്ട്. പാട്ട് പാടാന്‍ അറിയില്ലെങ്കിലും ഹിന്ദി, മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ പാട്ടുകള്‍ ആസ്വദിക്കാറുണ്ട്. സിനിമാ ഡയലോഗ്, ഇന്‍സ്റ്റഗ്രാമിലെ റീല്‍സിലെ വാക്കുകള്‍, എന്നെ സ്ട്രൈക്ക് ചെയ്യുന്ന കാര്യങ്ങളെല്ലാം കുറിച്ചുവെക്കുന്ന സ്വഭാവം എനിക്കുണ്ട്. എന്റെ ഫോണിലെ നോട്ട്പാഡിലാണ് കുറിക്കുക. അതെല്ലാം പിന്നീട് വെറുതെ എടുത്ത് വായിക്കും. ഞാന്‍ വളരെയധികം ആസ്വദിച്ച് ചെയ്യുന്ന ഒരു കാര്യമാണത്. അതാണ് മെയിന്‍ ഹോബി.
സിനിമയുമായി നേരത്തേ ബന്ധമുള്ള കുടുംബമാണല്ലോ താങ്കളുടേത്. എങ്ങനെയൊക്കെയാണ് സിനിമ നന്ദയെ സ്വാധീനിച്ചിട്ടുള്ളത്.
ചെറുപ്പംതൊട്ടേ സിനിമകള്‍ കാണുന്ന കൂട്ടത്തിലായിരുന്നില്ല ഞാന്‍. ഇഷ്ടമുള്ള നടീനടന്മാരുടെ സിനിമകള്‍ വരുമ്പോള്‍ കാണുമെന്നല്ലാതെ സിനിമയുടെ സാങ്കേതികവശം ഒന്നും ഫോളോ ചെയ്തിരുന്നില്ല. പഠിച്ച കോഴ്‌സും അവിചാരിതമായി സംഭവിച്ചതാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ സിനിമയെ പറ്റിയാണെന്ന് മനസ്സിലായത് രണ്ടാം സെമസ്റ്റര്‍ ആയപ്പോഴാണ്. അപ്പോഴാണ് സിനിമകള്‍ കാണാനും ടെക്നിക്കല്‍ സൈഡ് പഠിക്കാനും തുടങ്ങിയത്. എഡിറ്റിങ്, തിരക്കഥ എന്നിവയെല്ലാം എനിക്ക് പഠനവിഷയങ്ങളായിരുന്നു. അച്ഛന്‍ സിനിമയിലായതുകൊണ്ട് എനിക്ക് സിനിമയുടെ വലിയ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല.
അച്ഛന്റെ സിനിമകള്‍ നന്ദ കണ്ടിരുന്നില്ല എന്ന് പറഞ്ഞതായി കണ്ടു. അതേപ്പറ്റി വ്യക്തമാക്കാമോ? പിന്നീട് സിനിമകള്‍ കാണാന്‍ തുടങ്ങിയപ്പോള്‍ നിഷാന്ത് സാഗര്‍ എന്ന നടനെ മനസ്സിലാക്കിയതും വിലയിരുത്തിയതും എങ്ങനെയാണ്.
ഞാന്‍ കെ.ജി.യില്‍ പഠിച്ചിരുന്ന സമയത്താണ് അച്ഛന്‍ അഭിനയിച്ച തിളക്കം, ജോക്കര്‍, ഫാന്റം പോലുള്ള സിനിമകളൊക്കെ കാണുന്നത്. അന്ന് എന്റെ മനസ്സില്‍ അച്ഛന് കൊള്ളുന്ന ഇടി, അച്ഛന്‍ കൊടുക്കുന്ന ഇടി എല്ലാം യഥാര്‍ഥമാണ് എന്നായിരുന്നു വിശ്വാസം. അത് കാണുമ്പോള്‍ ഞാന്‍ കരയുമായിരുന്നു. എന്തിനാ അച്ഛനെ ഇടിക്കുന്നത്, അച്ഛന്‍ തിരിച്ച് കൊടുക്കാത്തതെന്താ, അയ്യോ അച്ഛന് ചോര വന്നല്ലോ, വീണല്ലോ എന്നെല്ലാം പറയും. തിളക്കത്തിലെ ഫൈറ്റ് സീനൊക്കെ കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. ഇതൊക്കെ അഭിനയമാണ്, ഇടിക്കുന്നപോലെ കാണിക്കുന്നതേ ഉള്ളു എന്നെല്ലാം എനിക്ക് പറഞ്ഞുതരുമായിരുന്നു. അച്ഛന്റെ ഇടി കണ്ടാണല്ലോ ഞാന്‍ സിനിമ കണ്ട് തുടങ്ങുന്നത്. അങ്ങനെയാണോ എന്നൊന്നും അറിയില്ല പിന്നീട് ഞാന്‍ തിയേറ്ററില്‍ പോയി സിനിമ കാണാതായി. ടിവിയില്‍ വന്നപ്പോഴൊക്കെ കണ്ടിരുന്നു.

അച്ഛന് ഒരു നടനാണ് എന്ന ചിന്ത എന്റെ മനസ്സിലുണ്ടായിരുന്നില്ല. മുതിര്‍ന്നപ്പോഴാണ് അച്ഛനെന്ന നടനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അങ്ങനെ സിനിമകള്‍ കണ്ട് അച്ഛന്റെ അഭിനയത്തെ കുറിച്ച് അഭിപ്രായങ്ങളൊക്കെ പറയാന്‍ തുടങ്ങി. ഈയിടെ അദ്ദേഹം അഭിനയിച്ച 'രേഖാചിത്രം' പോലുള്ള സിനിമകള്‍ കണ്ടു. എനിക്ക് അച്ഛനെപ്പോഴും അച്ഛനാണ്. ആക്ടറല്ല.
ഇഷ്ടപ്പെട്ട സിനിമ, സംവിധായകന്‍, നടീനടന്മാര്‍...
എനിക്ക് പ്രത്യേക ഇഷ്ടമുള്ള നടീനടന്മാരോ, സംവിധായകരോ ഇല്ല. ഒരു സിനിമ കണ്ട് ഇഷ്ടപ്പെട്ടാല്‍ അതിഷ്ടപ്പെടും. അത്രമാത്രം. സിനിമ കാണുമ്പോള്‍ ഞാന്‍ പെട്ടെന്ന് ഇന്‍ഫ്ളുവന്‍സ്ഡ് ആകും. ഒരു ചിത്രം വളരെയധികം ഇഷ്ടപ്പെട്ടാല്‍ ഞാന്‍ കുറച്ചുനാള്‍ അതിലെ അഭിനേതാക്കളെ ഫോളോ ചെയ്യും. ആ സംവിധായകന്റെ പഴയ വര്‍ക്കുകള്‍ എടുത്തു കാണും. അല്ലാതെ പ്രത്യേക ഇഷ്ടമുണ്ടെന്ന് കൃത്യമായി പറയാനാകില്ല.
റൊമാന്റിക് സിനിമകള്‍ നോക്കുകയാണെങ്കില്‍ മണിരത്നം സാറിന്റെ സിനിമകള്‍ എനിക്കിഷ്ടമാണ്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എ.ആര്‍. റഹ്‌മാന്റെ സംഗീതം വരുമ്പോള്‍ അത് വല്ലാത്തൊരു അനുഭവമാണ്. അതുപോലുള്ള സിനിമകള്‍ കാണുമ്പോള്‍ അവയുടെ ഭാഗമാകാന്‍ കഴിഞ്ഞെങ്കിലെന്ന് തോന്നാറുണ്ട്. അതെല്ലാം വലിയ ഭാഗ്യമാണ്. ഇപ്പോഴേ അതെല്ലാം മാനിഫെസ്റ്റ് ചെയ്‌തേക്കാം.
എല്ലാ ജോണറിലുമുള്ള സിനിമകളും എനിക്കിഷ്ടമാണ്. 'എമ്പുരാന്‍' കണ്ടപ്പോള്‍ അതിലെ എസ്എഎസ് ഓപ്പറേറ്റീവായ മിഷേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയെ ഞാന്‍ ശ്രദ്ധിച്ചു. അവരുടെ ശരീരഭാഷ, ആറ്റിറ്റ്യൂഡ് എല്ലാം കണ്ടപ്പോള്‍ എനിക്കിഷ്ടമായി. അങ്ങനെ ബോള്‍ഡായ ഒരു റോള്‍ ചെയ്താലോ, അതെന്നെക്കൊണ്ട് പറ്റുമായിരിക്കും എന്നെല്ലാം എനിക്ക് തോന്നി. വളരെ ഫ്ളക്സിബിള്‍ ആയവയാണ് എന്റെ ചിന്തകള്‍. റൊമാന്റിക് സിനിമകള്‍ കാണുമ്പോള്‍ അത് ചെയ്താല്‍ കൊള്ളാം എന്ന് തോന്നും. ആക്ഷന്‍ ത്രില്ലര്‍ സിനിമകളിലെ ബോള്‍ഡായ കഥാപാത്രങ്ങളെ കാണുമ്പോള്‍ അതുകൊള്ളാം എന്ന് തോന്നും. സത്യത്തില്‍ എനിക്കെല്ലാം ഇഷ്ടമാണ്. സിനിമയുടെ എല്ലാവശവും എക്‌സ്പീരിയന്‍സ് ചെയ്യാന്‍ താല്‍പര്യമുള്ളയാളാണ് ഞാന്‍.
ആദ്യസിനിമ വിജയകരമായി മുന്നേറുകയാണ്. നിലവില്‍ പുതിയ പ്രൊജക്റ്റുകള്‍ ഉണ്ടോ? സിനിമയില്‍ തുടരാമെന്നാണോ തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ പുതിയ പ്രൊജക്റ്റുകൾ വന്നിട്ടില്ല. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ എന്റെ പഠനം പൂര്‍ത്തിയാക്കണമെന്നുമുണ്ട്. നല്ല പ്രൊജക്റ്റ് കിട്ടണമെന്നും ആഗ്രഹമുണ്ട്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റിയാല്‍ അത്രയും നല്ലത്. ഉറപ്പായും ഈ പ്രൊഫഷന്‍ തുടരാന്‍ എനിക്കാഗ്രഹമുണ്ട്. പക്ഷേ ആക്ടിങ് മാത്രമല്ലാതെ മറ്റൊരു പ്രൊഫഷന്‍ വേണമെന്നാണ് എനിക്ക്. അഭിനയം ഒരു പാഷനായി കൊണ്ടുനടക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമയിലേക്ക് ഞാന്‍ കാലെടുത്ത് വെച്ചിട്ടേയുള്ളു. അതുകൊണ്ട് എന്തായിത്തീരുമെന്ന് ഞാന്‍ വഴിയേ അറിയാന്‍ പോകുന്നേയുള്ളു. സിനിമ മറ്റൊരു ലോകമാണ്. എന്താകുമെന്നറിയാന്‍ എനിക്കും ആകാംക്ഷയുണ്ട്.






English (US) ·