'ഓരോ അംഗീകാരവും പ്രിയപ്പെട്ടത്'; രണ്ടാമതും ഏഷ്യയിലെ മികച്ച നടനുള്ള രാജ്യാന്തരപുരസ്‌കാരം നേടി ടൊവിനോ 

4 months ago 4

06 September 2025, 12:12 PM IST

tovino-thomas

ഏഷ്യയിലെ മികച്ച നടനുള്ള 2025-ലെ സെപ്റ്റിമിയസ് പുരസ്‌കാരം സ്വീകരിച്ച ടൊവിനോ തോമസ് | Photo: Instagram/tovinothomas

മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ഏഷ്യയിലെ മികച്ച നടനുള്ള 2025-ലെ സെപ്റ്റിമിയസ് പുരസ്‌കാരത്തിനാണ് ടൊവിനോ അര്‍ഹനായത്. പുരസ്‌കാരം സ്വീകരിച്ചശേഷമുള്ള ചിത്രങ്ങളും വീഡിയോയും ടൊവിനോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.

അനുരാജ് മനോഹര്‍ സംവിധാനംചെയ്ത നരിവേട്ടയിലെ പ്രകടനത്തിനാണ് ഇത്തവണ ടൊവിനോയ്ക്ക് അവാര്‍ഡ് ലഭിച്ചത്. 2023-ല്‍ ജൂഡ് ആന്തണി സംവിധാനംചെയ്ത '2018' എന്ന ചിത്രത്തിനും ടൊവിനോയെത്തേടി ഇതേ പുരസ്‌കാരമെത്തിയിരുന്നു.

ഓരോ അംഗീകാരവും മുന്‍പത്തേതിനേക്കാള്‍ പ്രിയപ്പെട്ടതായി തോന്നുന്നുവെന്ന് ചിത്രങ്ങള്‍ക്കൊപ്പം ടൊവിനോ കുറിച്ചു.

"പ്രിയപ്പെട്ട ജീവിതമേ, വിശ്വസിക്കാനാകുന്നില്ല!
'നരിവേട്ട'യ്ക്ക് വേണ്ടി സെപ്റ്റിമിയസ് അവാര്‍ഡ്‌സ് 2025-ല്‍ വീണ്ടും മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷം. നമ്മുടെ സിനിമയെ ഈ വേദിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ജീവിതം തരുന്ന എന്തിനോടും നമ്മള്‍ പൊരുത്തപ്പെട്ടുപോകുമെന്ന് പറയാറുണ്ട്. പക്ഷേ ഇതിനോട് ഒരിക്കലുമല്ല! ഓരോ അംഗീകാരവും മുന്‍പത്തേതിനേക്കാള്‍ പ്രിയപ്പെട്ടതായി തോന്നുന്നു. ഇതിന് എന്റെ പ്രിയപ്പെട്ട നരിവേട്ട ടീമിന് ഹൃദയം നിറഞ്ഞ നന്ദി. ഓരോ ദിവസവും മുന്നോട്ട് പോകാന്‍ എന്നെ സഹായിക്കുന്ന എല്ലാവര്‍ക്കും എന്റെ സ്‌നേഹം. ഒരുപാട് സ്‌നേഹം", പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അനുരാജ്, ബേസില്‍ ജോസഫ്, ഫെമിനാ ജോര്‍ജ്, മംമ്താ മോഹന്‍ദാസ്, ജിയോ ബേബി, സംഗീത് പ്രതാപ്, രാജേഷ് മാധവന്‍, തുടങ്ങി നിരവധിപേര്‍ ടൊവിനോയുടെ പോസ്റ്റിന് പ്രതികരണവുമായെത്തി. ഡൊമിനിക് അരുണ്‍, ചമന്‍ ചാക്കോ, നിമിഷ് രവി, തുടങ്ങി, തങ്ങളുടെ സഹപ്രവര്‍ത്തകന് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട് ലോകയിലെ ടീമംഗങ്ങളും സ്‌റ്റോറികള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ വര്‍ഷംതോറും നല്‍കിവരുന്ന രാജ്യാന്തര പുരസ്‌കാരമാണ് സെപ്റ്റിമിയസ് അവാര്‍ഡ്‌സ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച സിനിമ, നടന്‍, നടി, നിര്‍മാതാവ്, സിനിമാറ്റോഗ്രഫി, തിരക്കഥ, ആനിമേഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

സെപ്റ്റിമിയസ് അവാര്‍ഡ് ലഭിച്ച ആദ്യ തെന്നിന്ത്യന്‍ നടനാണ് ടൊവിനോ തോമസ്.

Content Highlights: Tovino Thomas wins Best Asian Actor astatine the Septimius Awards 2025

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article