
ത്യാഗരാജൻ, സ്റ്റണ്ട് മാസ്റ്റർ മോഹൻരാജ്, മരണത്തിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് എടുത്ത ചിത്രം | Photo: Mathrubhumi Archives Special Arrangement
സിനിമയ്ക്കുവേണ്ടി അത്യന്തം അപകടകരമായ സാഹസികരംഗങ്ങൾ നിഷ്പ്രയാസം നിർവഹിച്ചശേഷം പുഞ്ചിരിയോടെയുള്ള ഒരു വരവുണ്ട് സ്റ്റണ്ട്മാൻ മോഹൻരാജിന്. വലിയ ഒരു യുദ്ധം ജയിച്ച പടത്തലവനെപോലെയായിരിക്കും അന്നേരം അയാളുടെ മുഖം. ഒട്ടനവധി സിനിമാചിത്രീകരണങ്ങൾക്കിടയിൽ ഈ കാഴ്ച ത്യാഗരാജനും നേരിൽ കണ്ടിട്ടുണ്ട്. സംവിധായകൻ ആക്ഷൻ പറയുന്ന നിമിഷം മോഹൻരാജ് മറ്റൊരാളായി മാറും. പിന്നീടുള്ള ഏതാനും നിമിഷങ്ങൾ ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെയാകും അയാളുടെ സഞ്ചാരം. മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു കയറുമ്പോൾ മോഹൻരാജിന്റെ മുഖത്ത് വിടരുന്ന പുഞ്ചിരി കണ്ടാൽ അത്രയും വലിയൊരു അഭിമാനനിമിഷം അയാളുടെ ജീവിതത്തിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്ന് തോന്നിപ്പോകും. പക്ഷേ, സാഹസികതയെ പ്രണയിച്ച അയാൾ മൂന്നുനാൾ മുൻപ് അതേ സാഹസികതയുടെ രക്തസാക്ഷിയായി മാറി. ജൂലായ് പതിമൂന്നിന്റെ പകലിൽ നാഗപട്ടണത്ത് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന 'വേട്ടുവം' സിനിമയുടെ ഷൂട്ടിംഗ്സെറ്റ് സാക്ഷിയായത് തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ പേരെടുത്ത വാഹനാഭ്യാസികളിലൊരാളായ എസ്. മോഹൻരാജ് എന്ന എസ്.എം. രാജുവിന്റെ മരണത്തിനാണ്. അതിസാഹസികതയുടെ മുൻപിലും നിറഞ്ഞ പുഞ്ചിരി തൂകിയ ഒരു ജീവിതമായിരുന്നു അവിടെ അവസാനിച്ചത്. ചേസിങ്ങിനിടയിൽ രാജു ഓടിച്ച എസ് യു വി ചരിച്ചുവെച്ച മരപ്പാളികളിലൂടെ ഉയർന്നു ചാടിവരുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിൽ തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്.
കാഞ്ചീപുരം സ്വദേശിയായ മോഹൻരാജ് തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് സിനിമയുമായി ബന്ധപ്പെടുന്നത്. വടപളനിയിലെ സൗത്ത് ഇന്ത്യൻ സ്റ്റണ്ട് യൂണിയൻ ഓഫീസിനടുത്തുള്ള ഒരു വർക്ക്ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രാജുവിന് സാഹസികരായ സ്റ്റണ്ട് ആർട്ടിസ്റ്റുകളോട് വലിയ ആരാധനയായിരുന്നു. അവരുടെ ജീവിതം ക്രമേണ രാജു മനസ്സിലാക്കി തുടങ്ങി. അത് ഒരുപാട് തിരിച്ചറിവുകളിലേക്കാണ് അയാളെ നയിച്ചത്. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ വൈകുന്നേരം ജീവനോടെ തിരിച്ചെത്തുമെന്ന ഉറപ്പ് ഒട്ടുമില്ലാത്ത ജോലിയാണ് ഡ്യൂപ്പ് ആർട്ടിസ്റ്റുകളുടെതെന്ന തികഞ്ഞ ബോധ്യത്തോടെയാണ് രാജു സ്റ്റണ്ട് യുണിയനിൽ ചേർന്നത്. ഡ്രൈവിംഗിൽ രാജുവിനുള്ള സാമർത്ഥ്യം യൂണിയൻ നേതൃത്വം കൃത്യമായി മനസ്സിലാക്കിയിരുന്നു. ബൈക്കും കാറും ജീപ്പുമൊക്കെ ജമ്പ് ചെയ്യിക്കാൻ രാജു പരിശീലിച്ചത് വർക്ക് ഷോപ്പ് ജീവിതകാലത്താണ്. ആ കഴിവ് തന്നെയാണ് സ്റ്റണ്ട് യൂണിയനിലെ പ്രത്യേക വിഭാഗമായ വാഹനാഭ്യാസികളുടെ നിരയിലേക്ക് രാജുവിനെ എത്തിച്ചതും. അതിനപ്പുറം, ജീവൻ പണയംവെച്ചാണെങ്കിലും പെട്ടെന്ന് പൈസയുണ്ടാക്കാമെന്ന മോഹവും.
ചെറുപ്പകാലം മുതലേ ത്യാഗരാജന്റെ ആരാധകനായിരുന്നു രാജു. സ്റ്റണ്ട് യൂണിയൻ ഓഫീസിൽ വെച്ചുള്ള ത്യാഗരാജനുമായുള്ള പരിചയപ്പെടൽ രാജുവിന്റെ കരിയറിൽ വലിയ ഗുണംചെയ്തു. മലയാളത്തിലും തമിഴിലുമായി ത്യാഗരാജന്റെ കീഴിൽ നിരവധി പടങ്ങളിൽ പ്രവർത്തിക്കാൻ രാജുവിനായി. അന്നേ ത്യാഗരാജൻ മനസ്സിലാക്കി. 'ഇവൻ അസാമാന്യ ധൈര്യമുള്ളവനാണ്'. താൻ കമ്പോസ് ചെയ്യുന്ന ആക്ഷനുകളിൽ റിസ്കി ഷോട്ടുകൾ ഉൾപ്പെടുത്താൻ രാജു വിനയത്തോടെ ത്യാഗരാജനോട് പറയുമായിരുന്നു. അതിനു പിന്നിലെ രാജുവിന്റെ മോഹം പെട്ടെന്ന് പണം സമ്പാദിക്കലായിരുന്നു. ഒരു ഫൈറ്റർക്ക് ഒരു സീക്വൻസിൽ ലഭിക്കുന്ന പ്രതിഫലം പതിനായിരമോ ഇരുപതിനായിരമോ ആണെങ്കിൽ ഏറെ അപകടം പിടിച്ച കാർചേസിങ്ങിൽ ഒരു ലക്ഷമോ രണ്ടു ലക്ഷമോ ആയിരിക്കും. കോരിത്തരിപ്പിക്കുന്ന അത്തരം സീനുകൾ പല ചിത്രങ്ങളിലും ത്യാഗരാജൻ രാജുവിനായി രൂപപ്പെടുത്തി. അതെല്ലാം അതിശയകരമായി ചെയ്യാനും രാജുവിന് കഴിഞ്ഞു. തെന്നിന്ത്യൻ സിനിമയിലെ മികച്ച സ്റ്റണ്ട്മാനായി വളരാൻ രാജുവിന് ഏറെനാളുകൾ വേണ്ടിവന്നില്ല. അപ്പോഴെല്ലാം അയാൾ ആഗ്രഹിച്ചത് മറ്റാരും ചെയ്യാത്ത, ചെയ്യാനാവാത്ത രംഗങ്ങൾ സിനിമയിലവതരിപ്പിക്കാനാണ്.
'എപ്പോഴും ഉപദേശം തരാൻ എനിക്കാവില്ല. ഒന്നിലും ഓവർ കോൺഫിഡൻസ് വേണ്ട.' ത്യാഗരാജൻ ആവർത്തിച്ചു പറഞ്ഞു.
'ഇല്ല മാസ്റ്റർ, എല്ലാം ഒരാവേശമാണ്. സാമ്പത്തികനില ഭദ്രമായാൽ ഞാൻ ഈ പണിനിർത്തും.' രാജുവിന് പറയാനുണ്ടായിരുന്ന ഒരേയൊരു മറുപടി ഇതുമാത്രമായിരുന്നു.
ക്യാമറക്ക് മുന്നിൽ സാഹസികനാണെങ്കിലും യഥാർത്ഥജീവിതത്തിൽ പാവം മനുഷ്യനായിരുന്നു രാജുവെന്നാണ് ത്യാഗരാജനുൾപ്പെടെയുള്ളവരുടെ അനുഭവം. സെറ്റിൽ എപ്പോഴും തമാശപറയുന്ന ആൾ ആക്ഷൻ എന്ന് കേൾക്കുമ്പോൾ മാറും. പിന്നെ മറ്റൊന്നിനെക്കുറിച്ചും രാജു ചിന്തിക്കില്ല. ഷോട്ട് പൂർത്തീകരിച്ചു വരുന്നത്തോടെ അയാൾ വീണ്ടും തമാശ പറഞ്ഞ് സെറ്റിലുള്ളവരെ ചിരിപ്പിച്ചു തുടങ്ങും.
മരണം മുന്നിൽ കണ്ട നിമിഷങ്ങളെക്കുറിച്ച് മാത്രമേ അപ്പോൾ രാജുവിന് പറയാനുണ്ടായിരുന്നുള്ളൂ. പുലികേശി മുതൽ ഒട്ടേറെപേരുടെ ദാരുണമായ അന്ത്യത്തെക്കുറിച്ച് ത്യാഗരാജൻ രാജുവിന് പറഞ്ഞുകൊടുത്തിരുന്നു. അപ്പോഴെല്ലാം കണ്ണ് നിറഞ്ഞുകൊണ്ടുള്ള രാജുവിന്റെ മറുപടി ഇങ്ങനെയാവും. 'ഒരു രാജു പോയാൽ മറ്റൊരു രാജു വരും മാസ്റ്റർ. പക്ഷേ, എന്റെ കുടുംബത്തിന് ആരുമുണ്ടാകില്ല.' സിനിമയിൽ തന്റെ സ്ഥാനം എന്താണെന്ന് കൃത്യമായി തിരിച്ചറിഞ്ഞ മനുഷ്യനായിരുന്നു രാജു. ഉദ്ദേശിച്ച രീതിയിൽ ചലിക്കുന്ന കൈകളും കാലുകളും മാത്രമാണ് സിനിമയിൽ തന്നെ നിലനിർത്തുന്നതെന്ന തിരിച്ചറിവിൽ നിന്നുകൊണ്ടു തന്നെയാണ് രാജു പ്രവർത്തിച്ചതും. യൂണിയൻ ഓഫീസിലെ മീറ്റിങ്ങിൽ വെച്ചാണ് ത്യാഗരാജൻ പലപ്പോഴും രാജുവിനെ കണ്ടുമുട്ടാറുള്ളത്. വീട്, ഭാര്യ, കുട്ടികൾ തുടങ്ങി ഒരുപാട് വിശേഷങ്ങൾ അപ്പോൾ രാജുവിന് പറയാനുണ്ടാവും. കാണുമ്പോഴും പിരിയുമ്പോഴും ത്യാഗരാജന്റെ പാദത്തിൽ തൊട്ടു നമസ്കരിച്ചേ രാജു മടങ്ങാറുള്ളൂ. ഒടുവിൽ കണ്ടപ്പോഴും അങ്ങനെയായിരുന്നു.
ജൂലായ് പതിമൂന്ന് ഞായാറാഴ്ച ഉച്ചയോടെയാണ് രാജുവിന്റെ മരണവാർത്ത ത്യാഗരാജനറിയുന്നത്. പുലികേശി മുതൽ സിനിമയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ഒരുപാട് സാഹസികരുടെ മുഖങ്ങൾ അന്നേരം ത്യാഗരാജന്റെ മനസ്സിലൂടെ കടന്നുപോയി. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു രാജുവിന്. ഒടുവിൽ സിനിമയ്ക്ക് വേണ്ടി ആ ജീവനും കൂടി... പോസ്റ്റ്മോർട്ടം കഴിഞ്ഞ് സ്റ്റണ്ട് യൂണിയൻ ഓഫീസിലേക്ക് കൊണ്ടുവന്ന രാജുവിന്റെ മൃതദേഹത്തിന് മുന്നിൽ നിൽക്കുമ്പോൾ മുൻപ് രാജു പറഞ്ഞ വാക്കുകളാണ് ത്യാഗരാജന്റെ ഓർമ്മകളിലേക്ക് കടന്നുവന്നത്. 'മറ്റെന്തു ജോലിക്ക് പോകുമ്പോഴും അമ്മയോടും ഭാര്യയോടും മക്കളോടും ധൈര്യമായി പറയാം. വൈകുന്നേരം തിരിച്ചെത്തുമെന്ന്. പക്ഷേ, ഓരോ നിമിഷവും മരണം മുന്നിൽ കണ്ടുകൊണ്ട് ലൊക്കേഷനിൽ കഴിയുന്ന നമ്മൾക്ക് വീട്ടുകാർക്ക് എന്ത് ഉറപ്പ് നൽകാനാവും മാസ്റ്റർ.'
രാജുവിന്റെ കീറിമുറിച്ച്, തുന്നിക്കെട്ടി വെള്ളത്തുണിയിൽ പൊതിഞ്ഞ രാജുവിന്റെ ശരീരവുമായി വടപളനിയിൽ നിന്നും ആംബുലൻസ് പുറപ്പെടുമ്പോൾ സാഹസികതയെ പ്രണയിച്ച ആ ധീരന്റെ പുഞ്ചിരിക്കുന്ന മുഖം തന്നെയായിരുന്നു ത്യാഗരാജന്റെ മനസ്സിൽ!
Content Highlights: Thyagarajan remembers stunt maestro Mohanraj, who died successful an accident
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·