തിരുവനന്തപുരം: ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന് ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ. നാല്പത്തി അഞ്ച് വർഷത്തിലേറെ നീണ്ട തൻ്റെ അഭിനയ ജീവിതത്തിലൂടെ, ഓരോ മലയാളിയുടെയും ഹൃദയത്തിൽ സ്ഥാനം നേടിയ ഒരു കലാകാരനാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാരനായ ഒരു വ്യക്തിയിൽ നിന്ന് വിശ്വവിഖ്യാതനായ ഒരു നടനിലേക്കുള്ള അദ്ദേഹത്തിൻ്റെ വളർച്ച, കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ഉത്തമ ഉദാഹരണമാണ്. മികച്ച നടൻ, മികച്ച നിർമ്മാതാവ്, ഗായകൻ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് നിർണ്ണായകമായി. ഈ പുരസ്‌കാരം മലയാള സിനിമയ്ക്കും കേരളത്തിനും ലഭിച്ച വലിയ അംഗീകാരമാണ്.- മന്ത്രി പറഞ്ഞു.
ഈ ചരിത്ര നേട്ടത്തിൽ മോഹൻലാലിനെ തൻ്റെയും, കേരള ജനതയുടെയും പേരിൽ ഹാർദ്ദവമായി അഭിനന്ദിക്കുന്നുവെന്നും അന്താരാഷ്ട്ര നിലവാരമുള്ള സിനിമകൾക്ക് കേരളം എന്നും നൽകിയ പിന്തുണയുടെയും ഇവിടെയുള്ള കലാകാരന്മാരുടെ പ്രതിഭയുടെയും തിളക്കമാർന്ന പ്രതീകമാണ് ഈ അവാർഡെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് 2023 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് ലഭിച്ചത്. 2025 സെപ്തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർഡ്സ് പുരസ്കാര വേദിയിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും. കഴിഞ്ഞവർഷത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി. 2004 ലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.
രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969-ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം
Content Highlights: Mohanlal honored with Dadasaheb Phalke Award 2023
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·