'കഠിനമായ സാഹചര്യങ്ങള്‍ ആരെയും ശക്തയാക്കും'; സഞ്ജയ് ദത്ത് ജയിലില്‍ കഴിഞ്ഞ കാലത്തെപ്പറ്റി മകള്‍

4 months ago 7

05 September 2025, 11:02 AM IST

sanjay dutt

1. സഞ്ജയ് ദത്ത് 2. സഞ്ജയും ത്രിശാലയും | AFP, File Photo

പ്രതിസന്ധികളാണ് തന്നെ ശക്തയായ വ്യക്തിയായി രൂപപ്പെടുത്തിയതെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ മകള്‍ ത്രിശാല ദത്ത്. സഞ്ജയ് ദത്ത് ജയിലില്‍ കഴിഞ്ഞ സമയത്ത് പ്രതിസന്ധികളെ എങ്ങനെ നേരിട്ടു എന്ന് വെളിപ്പെടുത്തുന്ന അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറയുന്നത്. രണ്ടുദിവസം മുന്‍പ് അവര്‍ രക്ഷാകര്‍തൃത്വത്തെയും മാനസികാരോഗ്യത്തെയും കുറിച്ച് ഒരു നിഗൂഢമായ കുറിപ്പ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അത് അവരും അച്ഛനും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചു. അതിനിടെയാണ് അച്ഛന്റെ ജയില്‍വാസത്തെ എങ്ങനെ നേരിട്ടു എന്ന് ത്രിശാല സംസാരിക്കുന്ന പഴയ അഭിമുഖം വീണ്ടും ശ്രദ്ധ നേടുന്നത്.

ഞാന്‍ പരസ്യമായി കരയുമെന്നാണ് പലരും പ്രതീക്ഷിച്ചതെന്ന് ത്രിശാല അഭിമുഖത്തില്‍ പറയുന്നു. 'എന്നാല്‍ ഞാനിപ്പോള്‍ അങ്ങനെയൊരാളല്ല. പ്രയാസകരമായ സാഹചര്യങ്ങള്‍ ഒരു വ്യക്തിയെന്ന നിലയില്‍ നമ്മളെ ശരിക്കും ശക്തിപ്പെടുത്തും. അദ്ദേഹം ജയിലില്‍ പോയപ്പോള്‍ അടുത്ത രണ്ടുമൂന്നു വര്‍ഷത്തേക്ക് അച്ഛന്റെ സ്‌നേഹം എനിക്ക് നഷ്ടപ്പെടുമെന്ന് അറിയാമായിരുന്നു. ഇനി പക്വതയോടെ പെരുമാറണമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് ദുഃഖമുണ്ടായിരുന്നു. പക്ഷേ കുടുംബത്തിനും എനിക്കുംവേണ്ടി ഞാന്‍ ശക്തയായിരിക്കണമായിരുന്നു' - ത്രിശാല പറഞ്ഞു.

അനധികൃതമായി ആയുധങ്ങള്‍ കൈവശം വെച്ച കേസിലാണ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്. അഞ്ച് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ച അദ്ദേഹത്തെ നല്ല നടപ്പിന്റെ പേരില്‍ ശിക്ഷാ കാലാവധി തീരുന്നതിന് ഏകദേശം എട്ട് മാസം മുന്‍പ് 2016 ഫെബ്രുവരിയില്‍ ജയില്‍ മോചിതനാക്കിയിരുന്നു. അദ്ദേഹം ജയിലില്‍നിന്ന് തിരിച്ചുവരുമ്പോള്‍ ശ്രദ്ധയോടെ കാത്തിരിക്കണമെന്ന് 2015-ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ത്രിശാല സഞ്ജയ് ദത്തിന്റെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റേത് വന്‍ തിരിച്ചുവരവായിരിക്കും. അദ്ദേഹത്തെ അങ്ങനെയൊന്നും തകര്‍ക്കാന്‍ കഴിയില്ല, തിരിച്ചുവരുമ്പോള്‍ ആരാധകര്‍ പൂര്‍ണ്ണമായും വിസ്മയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എനിക്കും ആകാംഷയുണ്ട് - അവര്‍ പറഞ്ഞിരുന്നു.

സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ റിച്ച ശര്‍മ്മയിലുള്ള മകളാണ് ത്രിശാല. 1996-ല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് റിച്ച അന്തരിച്ചു. അ്രമേരിക്കയില്‍ താമസിക്കുന്ന ത്രിശാല ഒരു സൈക്കോതെറാപ്പിസ്റ്റാണ്. 2008-ല്‍ സഞ്ജയ് മാന്യത ദത്തിനെ വിവാഹം കഴിച്ചു. 2010-ല്‍ ഈ ദമ്പതികള്‍ക്ക് ഷഹ്റാന്‍ എന്ന മകനും ഇഖ്റ എന്ന മകളും ഇരട്ടക്കുട്ടികളായി ജനിച്ചു. ത്രിശാല പൊതുശ്രദ്ധയില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ ഷഹ്റാനും ഇഖ്റയും ഇടയ്ക്കിടെ അവരുടെ മാതാപിതാക്കളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

Content Highlights: Trishala opens up astir her begetter Sanjay Dutt`s jailhouse word and their relationship

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article