16 April 2025, 05:25 PM IST

മഹേഷ് മഞ്ജരേക്കർ | Photo: Facebook/ Mahesh Manjrekar - महेश मांजरेकर
ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത് മലയാളത്തിലും മറാത്തിയിലും മാത്രമാണെന്ന് പ്രശസ്ത സംവിധായകനും നടനുമായ മഹേഷ് മഞ്ജരേക്കര്‍. മറാത്ത സിനിമ വ്യവസായം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ടുഡേ ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അഭിപ്രായം തുറന്നുപറഞ്ഞത്.
'കണ്ടന്റിന്റെ കാര്യത്തില്‍, മലയാളവും മറാത്തയും മാത്രമാണ് ഉള്ളടക്കമുള്ള ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. മറ്റെല്ലാം വാണിജ്യപരമാണ്', എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇങ്ങനെയൊരു സാഹചര്യത്തിലും മറാത്തി ചിത്രങ്ങള്‍ സ്വന്തം സംസ്ഥാനത്തുപോലും അവഗണിക്കപ്പെടുന്നു. '100% പേര്‍ക്കും ഹിന്ദി മനസിലാവുന്ന സംസ്ഥാനമാണ് നമ്മുടേത്. അത് തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നവും', അദ്ദേഹം വ്യക്തമാക്കി.
ഇക്കാരണത്താല്‍ പ്രേക്ഷകര്‍ ഹിന്ദി ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പിന്നാലെ പോകുന്നു. ഇന്ന് ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഒരുപാട് പ്രേക്ഷകരുണ്ട്. മികച്ച കളക്ഷന്‍ ലഭിക്കുന്നു. അതിനാല്‍ അവര്‍ക്ക് ബജറ്റിന്റെ കാര്യത്തില്‍ ഹിന്ദിയുമായി കിടപിടിക്കുന്ന ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്നു. ഇതേത്തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ ചിത്രമായി തീരുന്നുവെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ഇത്തരത്തില്‍ പുറത്തിറങ്ങുന്ന ദക്ഷിണേന്ത്യന്‍ ചിത്രങ്ങളും പരാജയം ഏറ്റുവാങ്ങുന്നുണ്ടെന്ന് മഞ്ജരേക്കര്‍ ചൂണ്ടിക്കാണിച്ചു. പ്രഭാസിനൊപ്പം താന്‍ അഭിനയിച്ച 'സാഹോ' എന്ന ചിത്രമാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. പാന്‍ ഇന്ത്യനായി പുറത്തിറങ്ങുന്ന ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ വലിയ വിജയം നേടുന്നുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: Malayalam, Marathi lone industries delivering content: Mahesh Manjrekar
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·