
Photo Courtesy: instagram.com/kannappamovie & x.com/Chrissuccess
വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രമായി എത്തുന്ന ബ്രഹ്‌മാണ്ഡചിത്രമാണ് 'കണ്ണപ്പ'. മോഹന്‍കുമാര്‍, പ്രഭാസ്, ശരത്കുമാര്‍, മോഹന്‍ലാല്‍, അക്ഷയ്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. ഏപ്രില്‍ 25-ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ടീസറും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
അതേസമയം, ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ കണ്ണപ്പ സിനിമയെ ആസ്പദമായി ചില ട്രോളുകളും മീമുകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍, സിനിമയെ ട്രോളുന്നവര്‍ക്കെതിരേ പ്രതികരിച്ചിരിക്കുകയാണ് നടന്‍ രഘു ബാബു. 'കണ്ണപ്പ' സിനിമയെ ട്രോളുന്നവര്‍ പരമശിവന്റെ കോപത്തിന് ഇരയാകുമെന്നായിരുന്നു സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ അദ്ദേഹത്തിന്റെ പ്രതികരണം. ട്രോളന്മാര്‍ക്കെതിരേ അദ്ദേഹം ചടങ്ങില്‍ സംസാരിച്ചതും കടുത്ത ഭാഷയിലായിരുന്നു.
നടന്‍ രഘു ബാബുവും 'കണ്ണപ്പ' സിനിമയുടെ ഭാഗമാണ്. അതേസമയം, രഘുബാബുവിന്റെ പുതിയ പ്രതികരണവും സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകളായി നിറയുന്നുണ്ട്.
മോഹന്‍ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'കണ്ണപ്പ' ഏപ്രില്‍ 25-നാണ് പ്രദര്‍ശനത്തിനെത്തുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്റെ തെലുഗിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം.
തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍.
Content Highlights: histrion raghu babu says astir kannappa movie trolls
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·