'കത്തനാർ' 'ലോക' പോലെയാണോ, സിനിമയിൽ നീലിയുണ്ടോ?;ചോദ്യങ്ങൾ സുഖമുള്ള കാത്തിരിപ്പായി തുടരട്ടെ- രാമാനന്ദ്

4 months ago 4

kathanar lokah ramanand

'കത്തനാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ, കല്യാണി പ്രിയദർശൻ 'ലോക'യിൽ, ആർ. രാമാനന്ദ്‌ | Photo: Facebook/ R Ramanand, Wayfarer Films

കല്യാണി പ്രിയദര്‍ശന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യെ പ്രശംസിച്ച് 'കത്തനാര്‍' തിരക്കഥാകൃത്ത് ആര്‍. രാമാനന്ദ്. 'ലോക'യെ അതിഗംഭീര സിനിമയെന്ന് രാമാനന്ദ് വിശേഷിപ്പിച്ചു. പുരാവൃത്തങ്ങളെ ആധുനിക കാലത്തിന്റെ ഭാവുകത്വങ്ങളുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കുക എന്നത് പ്രതിഭയുടെ പ്രകടനമാണെന്നും രാമാനന്ദ് അഭിപ്രായപ്പെട്ടു.

'നീലി ഇങ്ങനെയായിരുന്നു എന്നോ അല്ല എന്നോ ആ സങ്കല്പത്തെ വക്രമാക്കാത്തിടത്തോളം കാലം പറയുക സാധ്യമല്ല. ചാത്തനെ ഒരു ഫണ്‍ ചാപ് ആക്കി അവതരിപ്പിച്ചത് നന്നായിട്ടുണ്ട്. നര്‍മം ഇഷ്ടപ്പെടുന്നവരാണ് ദൈവങ്ങളെല്ലാം, അതറിയണമെങ്കില്‍ ഒരുതവണ തെയ്യം കെട്ടുമ്പോള്‍ അടുത്ത് ചെന്ന് വാക്കെണ്ണുന്നത് കേള്‍ക്കണം', രാമാനന്ദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'മൊത്തത്തില്‍ ഒരു ഹോളിവുഡ് കളര്‍ ഗ്രേഡിങ്. എഡിറ്റിങ്, സിനിമയുടെ ടെമ്പോ എല്ലാം നിലനിര്‍ത്തിയിട്ടുണ്ട്. ഒരു വാംപയര്‍ സ്റ്റോറിയില്‍ മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങള്‍ ചേരുമ്പോള്‍ ആസ്വാദ്യത വളരെ വര്‍ധിക്കുന്നു. എത്ര കുഴിച്ചാലും, എത്ര കോരിയാലും വറ്റാത്ത പുരാവൃത്തങ്ങളുടെ ഒരു അമൃത കിണര്‍ നമ്മുടെ നാട്ടിലുമുണ്ട്. ശേഷം മൈക്കില്‍ ഫാത്തിമ മുതല്‍ ഞാന്‍ കല്യാണിയുടെ ഫാനാണ്. ഒരു ന്യൂ ഏജ് ഫാന്റസി പുള്ള് ചെയ്യാന്‍ കെല്‍പ്പുള്ള താരശരീരവും പ്രതിഭയും തീര്‍ച്ചയായും കല്യാണിയിലുണ്ട്. 'ലോക' ടീം തീര്‍ച്ചയായും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. 'ലോക'യിലൂടെ അവര്‍ ഉദ്ദേശിക്കുന്ന ഒരു ലോകം നമുക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ട്. ഇനി ആ ലോകത്തെ ഭാവാത്മകമായി വികസിപ്പിച്ചാല്‍ മാത്രം മതി', രാമാനന്ദ് കൂട്ടിച്ചേര്‍ത്തു.

'ഒപ്പം, ഞങ്ങളുടെ കത്തനാര്‍ ഇങ്ങനെയാണോ, ഇങ്ങനെയല്ലേ. ആ സിനിമയില്‍ നീലി ഉണ്ടോ, ഇല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സിനിമ ഇറങ്ങുന്നത് വരെ സുഖമുള്ള കാത്തിരിപ്പായി തുടരട്ടെ ആശംസിക്കുന്നു. അറിയാം, കാത്തിരിപ്പ് കുറച്ച് നീണ്ടു പോയി എന്ന്. എങ്കിലും കാത്തിരിപ്പിന് ഒരു സുഖം ഉണ്ടല്ലോ, ഞാനും നിങ്ങള്‍ക്കൊപ്പം ആ സുഖം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്', രാമാനന്ദ് കുറിച്ചു.

Content Highlights: Kathanar writer praises Lokah: Chapter One- Chandra

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article