കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം; 'ലോക'യിലെ സംഭാഷണത്തിൽ മാറ്റംവരുത്തുമെന്ന് നിർമാതാക്കൾ

4 months ago 5

02 September 2025, 03:39 PM IST

lokah

വേഫെറർ ഫിലിംസ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പ്രസ്താവന, പ്രതീകാത്മക ചിത്രം | Photo: Instagram/ Wayfarer Films

കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യിലെ ഒരു ഡയലോഗില്‍ മാറ്റംവരുത്തുമെന്ന് നിര്‍മാതാക്കള്‍. ഡയലോഗ് കന്നഡ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ച് മനഃപൂര്‍വ്വമുള്ളതായിരുന്നില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.

'ഞങ്ങളുടെ ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ അവിചാരിതമായി വ്രണപ്പെടുത്തിയതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. മറ്റെല്ലാത്തിനുമുപരി, മനുഷ്യര്‍ക്കാണ് വേഫെറര്‍ ഫിലിംസ് സ്ഥാനം നല്‍കുന്നത്. ഞങ്ങള്‍ക്കുണ്ടായ വീഴ്ചയില്‍ അഗാധമായി ഖേദിക്കുന്നു. ഇതിലൂടെ ഞങ്ങള്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കംചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുന്നതായിരിക്കും. ഇതുമൂലമുണ്ടായ വിഷമത്തിന് ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു'- എന്നാണ് വേഫെറര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ബെംഗളൂരുവിനെ പാര്‍ട്ടിയുടേയും മയക്കുമരുന്നിന്റേയും ഹബ്ബായി ചിത്രീകരിക്കുന്നു എന്ന ആരോപണവുമായി കന്നഡ സിനിമാ മേഖലയില്‍നിന്നുള്ളവര്‍ തന്നെ 'ലോക'യ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലെ പെണ്‍കുട്ടികളെ അപമാനിക്കുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. പിന്നാലെ സംഭവം അന്വേഷിക്കുമെന്ന് ബെംഗളൂരു പോലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് അറിയിച്ചു.

പാന്‍ ഇന്ത്യന്‍ ശ്രദ്ധനേടി ചിത്രം തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനംചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. 'ലോക' എന്ന സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് 'ചന്ദ്ര'.

Content Highlights: Filmmakers apologize for dialog successful `Lokah: Chapter One- Chandra` that offended Kannada sentiments

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article