09 September 2025, 06:15 PM IST

1. നേപ്പാളിൽ പ്രക്ഷോഭം അക്രമാസക്തമായപ്പോൾ 2. മനീഷ കൊയ്‌രാള | File Photo - PTI, AFP
നേപ്പാളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ ക്രൂരമായ അടിച്ചമര്‍ത്തലിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി മനീഷ കൊയ്‌രാള. രാജ്യത്തിന്റെ 'കറുത്ത ദിനം' എന്നാണ് അവര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. അഴിമതിക്കും സോഷ്യല്‍ മീഡിയ നിരോധനത്തിനുമെതിരെ തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭകരെ ക്രൂരമായി അടിച്ചമര്‍ത്തിയതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ നേപ്പാളില്‍ അതിശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. 20 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പിന്നാലെയാണ് നടി മനീഷ കൊയ്‌രാള അടിച്ചമര്‍ത്തലിനെ അപലപിക്കുകയും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയ ദിവസത്തെ രാജ്യത്തിന്റെ കറുത്ത ദിനമെന്ന് വിശേഷിപ്പിക്കുകയും ചെയ്തത്.
നേപ്പാള്‍ സ്വദേശിനിയായ മനീഷ നേപ്പാളി ഭാഷയിലുള്ള കുറിപ്പിനൊപ്പം രക്തം പുരണ്ട ഒരു ഷൂവിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അവരുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു: 'അഴിമതിക്കെതിരായ രോഷത്തിനും നീതിക്കുവേണ്ടിയുള്ള ദാഹത്തിനും ജനശബ്ദത്തിനും വെടിയുണ്ടകള്‍ മറുപടി നല്‍കുമ്പോള്‍, ഇന്ന് നേപ്പാളിന് ഒരു കറുത്ത ദിനമാണ്.'
തിങ്കളാഴ്ച കാഠ്മണ്ഡുവിലെ പാര്‍ലമെന്റിന് സമീപം നേപ്പാളി സുരക്ഷാ സേന പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 20 പേര്‍ കൊല്ലപ്പെടുകയും 250-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് ജെന്‍ സീ പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് വളപ്പിലേക്ക് ഇരച്ചുകയറിയതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. ഇതോടെ സുരക്ഷാസേന ലാത്തി, കണ്ണീര്‍ വാതകം, റബ്ബര്‍ ബുള്ളറ്റുകള്‍ എന്നിവ പ്രയോഗിച്ചു. ഇതോടെ സംഘര്‍ഷം രൂക്ഷമായി. പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിച്ചതോടെ നിരവധി നഗരങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ദില്‍ സെ, ബോംബെ, 1942: എ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ പ്രശസ്തയായ നടിയാണ് മനീഷ കൊയ്‌രാള. അടുത്തിടെ സഞ്ജയ് ലീല ബന്‍സാലിയുടെ നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായ 'ഹീരാമണ്ഡി: ദി ഡയമണ്ട് ബസാറി'ലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.
Content Highlights: Manisha Koirala calls Nepal protests a `black day` aft convulsive crackdown connected Gen Z protest
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·