
ടോണി വട്ടക്കുഴി ഗായകൻ ജയചന്ദ്രനോടൊപ്പം (ഫയൽ ചിത്രം)
കല്ലൂര്‍: അധ്യാപികയായ കന്യാസ്ത്രീ നല്‍കിയ ബൈബിളിലെ ഉത്പത്തി പതിവായി വായിച്ച് വിക്കിനെ തോല്‍പ്പിച്ച കഥയാണ് ടോണി വട്ടക്കുഴിയുടേത്. ഏഴാം ക്ലാസുവരെ വിക്കുണ്ടായിരുന്ന ടോണി സഹപാഠികള്‍ക്കിടയില്‍ പരിഹാസപാത്രമായിരുന്നു.
മദര്‍ തെരേസ അന്തരിച്ചപ്പോള്‍ സംസ്‌കാരകര്‍മം ആകാശവാണിക്കുവേണ്ടി ദൃക്സാക്ഷിവിവരണം നടത്തിയ ശബ്ദം ടോണി വട്ടക്കുഴിയുടേതായിരുന്നു. മദര്‍ തെരേസയുടെ മൃതദേഹവുമായി കൊല്‍ക്കത്തയില്‍ പ്രദക്ഷിണം നടത്തുമ്പോഴും സംസ്‌കാരം നടത്തുന്നതുവരെയും ഇതേ ശബ്ദം ശ്രോതാക്കളുടെ കണ്ണുകള്‍ ഈറനണിയിച്ചു. ടോമിന്‍ ജെ. തച്ചങ്കരിയുടെ 'വാഗ്ദാനം' എന്ന ക്രിസ്തീയഭക്തി ഓഡിയോ ആല്‍ബത്തില്‍ കെ.എസ്. ചിത്ര, സുജാത എന്നിവരുടെ ഗാനങ്ങള്‍ക്കൊപ്പം വചനശബ്ദം നല്‍കിയതും ഇദ്ദേഹംതന്നെ.
തൃശ്ശൂര്‍ പൂരം പ്രദര്‍ശനനഗരിയില്‍ വര്‍ഷങ്ങളോളം മുഴങ്ങിയ ശബ്ദഗാംഭീര്യമായിരുന്നു ടോണി വട്ടക്കുഴിയുടേത്. ആകാശവാണിയില്‍ ആയിരക്കണക്കിന് പരസ്യങ്ങള്‍ക്കും നിരവധി ഡോക്യുമെന്ററികള്‍ക്കുമായി 14 ഭാഷകളില്‍ ശബ്ദം നല്‍കി. വര്‍ഷങ്ങള്‍ക്കുമുന്‍പ് ആദ്യമായി നടത്തിയ അനൗണ്‍സ്മെന്റ് കളക്ടര്‍ നിരോധിച്ച അനുഭവവും അദ്ദേഹത്തിനുണ്ടായി.
'വിശ്വഹിന്ദു മഹാസമ്മേളനം, യുവസംഗമം...' പത്ത് വാഹനങ്ങളില്‍ ഘനഗംഭീരമായ ശബ്ദം നഗരത്തില്‍ മുഴങ്ങിയപ്പോള്‍ ശബ്ദത്തിന്റെ കാഠിന്യംകൊണ്ട് ജില്ലാ ഭരണകൂടത്തിന് ഇടപെടേണ്ടിവന്നു. അനൗണ്‍സ്മെന്റ് കളക്ടര്‍ തടഞ്ഞു. നാലാംദിവസം മദിരാശിയില്‍ പരസ്യചിത്രത്തിന് ശബ്ദം നല്‍കാന്‍ ക്ഷണമെത്തി. അതൊരു തുടക്കമായി.
നിരവധി സിനിമകളിലും പരസ്യങ്ങളിലും ശബ്ദം നല്‍കിയ ടോണി അവസാനമായി പൃഥ്വിരാജിന്റെ 'ഊഴം' എന്ന സിനിമയില്‍ പ്രധാന വില്ലനായ ജെ.പി.ക്കും കെജിഎഫില്‍ സിബിഐ ഡയറക്ടര്‍ രാഘവനും ശബ്ദം നല്‍കിയിരുന്നു. സാംസ്‌കാരികരംഗത്ത് സക്രിയമായിരുന്ന ടോണി വട്ടക്കുഴി തൃശ്ശൂരിലെ റീജന്‍സി ക്ലബ്ബ്, ബാനര്‍ജി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ്, ആമ്പല്ലൂര്‍ പാം ബ്രീസ് ക്ലബ്ബ് എന്നിവയുടെ സാരഥ്യം വഹിച്ചിട്ടുണ്ട്.
ഡബ്ബിങ് കലാകാരന്‍ ടോണി വട്ടക്കുഴി അന്തരിച്ചു
തൃക്കൂര്‍: പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റും പരസ്യങ്ങളിലെ സ്ഥിരം ശബ്ദസാന്നിധ്യവുമായ ടോണി വട്ടക്കുഴി (63) അന്തരിച്ചു. കല്ലൂര്‍ സ്വദേശിയാണ്. ഒട്ടേറെ സിനിമകളില്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള ടോണി ആയിരത്തോളം പരസ്യങ്ങള്‍ക്കുപിന്നിലും ശബ്ദമായി.
14 ഭാഷകളില്‍ ശബ്ദം നല്‍കിയിട്ടുള്ള ടോണിക്ക് സിറോ മലബാര്‍ സഭയുടെ ദൈവശബ്ദം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളിലും ഭക്തി-ഓഡിയോ ആല്‍ബങ്ങളിലും ആമുഖശബ്ദം നല്‍കിയിട്ടുള്ളയാളാണ്.
പ്രമുഖ വാഹന ഡീലറായിരുന്ന സെഞ്ചുറി അസോസിയേറ്റ്‌സിന്റെ മാനേജിങ് പാര്‍ട്ണര്‍ ആയിരുന്നു. ഭാര്യ: തൃശ്ശൂര്‍ കാരോക്കാരന്‍ കുടുംബാംഗം റീന. മക്കള്‍: മോന, പരേതയായ ലിസ്. മരുമക്കള്‍: പ്രശാന്ത് ഷാ, സിജോ കോതാനിക്കല്‍. സംസ്‌കാരം തിങ്കളാഴ്ച 9.30-ന് കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളി സെമിത്തേരിയില്‍.
Content Highlights: Renowned dubbing creator Tony Vattakkuzhi, known for his dependable successful KGF and galore ads
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·