'കളങ്കാവൽ' പുത്തൻ പോസ്റ്റർ പുറത്ത്; മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ച് മലയാള സിനിമയും ആരാധകരും

4 months ago 4

Kalamkaval

കളങ്കാവൽ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

74-ാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനം മലയാള സിനിമാ ലോകവും സിനിമ പ്രേക്ഷകരും ചേർന്ന് ആഘോഷമാക്കുന്നു. ഇതിൻ്റെ ഭാഗമായി മമ്മൂട്ടിയുടെ അടുത്ത റിലീസായെത്തുന്ന കളങ്കാവൽ എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്ററും പുറത്തുവന്നു. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച ഈ ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്.

മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കളങ്കാവൽ. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും ചേർന്ന് വലിയ ജന്മദിന ആഘോഷമാണ് നടത്തിയത്. രാവിലെ മുതൽ മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളത്തിലെ ഒട്ടേറെ താരങ്ങളുടെ ജന്മദിന ആശംസകൾ മമ്മൂട്ടിയെ തേടിയെത്തി. ഒപ്പം സോഷ്യൽ മീഡിയയിലും ആരാധകർ ഈ ദിവസം മമ്മൂട്ടി സ്പെഷ്യൽ പോസ്റ്റുകളുമായി ആഘോഷിക്കുകയാണ്. ബിഗ് ബോസ് ഷോയിൽ, മമ്മൂട്ടിയുടെ ചിത്രങ്ങൾ പതിപ്പിച്ച മനോഹരമായ ഷർട്ടും അണിഞ്ഞാണ് മോഹൻലാൽ ഈ ദിവസം പ്രത്യക്ഷപ്പെടുന്നത് എന്നതും ആഘോഷങ്ങളുടെ മാറ്റു കൂട്ടുന്നു.

ഇതോടൊപ്പം മമ്മൂട്ടിയുടെ അതിഥികളായി പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവൺമെൻ്റ് എൽ.പി. സ്‌കൂളിൽ നിന്നുള്ള 19 വിദ്യാർത്ഥികളും 11 അധ്യാപകരും അടങ്ങുന്ന സംഘം കൊച്ചിയിൽ എത്തി. കൊച്ചി മെട്രോയും, നെടുമ്പാശ്ശേരി വിമാനത്താവളവും, ആലുവ രാജഗിരി ആശുപത്രിയും സന്ദർശിച്ചതിന് ശേഷം മമ്മൂട്ടിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തതും ഹൃദ്യമായ കാഴ്ചയായി മാറി. കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നാണ് ഈ വിനോദയാത്ര സംഘടിപ്പിച്ചത്. പാലക്കാട് കാണാൻ ആഗ്രഹിച്ച കുട്ടികളെ കൊച്ചി കാണിക്കാനും മെട്രോയിൽ കയറ്റാനും വിമാനത്താവളത്തിൽ കൊണ്ടുപോകാനും നിർദേശിച്ചത് മമ്മൂട്ടിയാണ്.

കളങ്കാവലിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Mammootty's 74th Birthday Celebrated with 'Kalamkaval' Poster Release

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article