
അയിലം ഉണ്ണികൃഷ്ണൻ | ഫയൽചിത്രം
തിരുവനന്തപുരം: പ്രശസ്ത കാഥികനും നാടകപ്രവര്‍ത്തകനുമായ അയിലം ഉണ്ണികൃഷ്ണന്‍(72) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഥാപ്രസംഗരംഗത്ത് 50 വര്‍ഷം പിന്നിട്ട കലാകാരനാണ് അയിലം ഉണ്ണികൃഷ്ണന്‍. വര്‍ക്കല എസ്.എന്‍. കോളേജില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം കഥാപ്രസംഗത്തിലേക്ക് എത്തുന്നത്. സാംബശിവന്റെയും കെടാമംഗലം സദാനന്ദന്റെയും ആരാധകനായിരുന്ന അയിലം ഉണ്ണികൃഷ്ണന്റെ ആഗ്രഹവും ഒരു കാഥികനാവുക എന്നതായിരുന്നു. തുടര്‍ന്ന് മണമ്പൂര്‍ ഡി. രാധാകൃഷ്ണന്റെ ശിഷ്യത്വം സ്വീകരിച്ച് അദ്ദേഹം കഥാപ്രസംഗം അവതരിപ്പിച്ചുതുടങ്ങി. 1973-ല്‍ 'കുത്തബ് മിനാര്‍' എന്ന കഥാപ്രസംഗമാണ് അദ്ദേഹം ആദ്യം അവതരിപ്പിച്ചത്. ആദ്യവര്‍ഷം തന്നെ 42 കഥകള്‍ അവതരിപ്പിച്ചു. പിന്നീടങ്ങോട്ട് വിവിധ വേദികളില്‍ അയിലം ഉണ്ണികൃഷ്ണന്‍ എന്ന കാഥികന്‍ ഒട്ടേറെ കഥകള്‍ പറഞ്ഞു.
രക്തപുഷ്പം, ശരത്കാല രാത്രി, മൗനരാഗപ്പക്ഷി, കല്‍ക്കത്ത, ഞാന്‍ ഭാരതീയന്‍, നാരായണ ഗുരുദേവന്‍ എന്നിവയാണ് അയിലം ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച പ്രധാന കഥകള്‍. 'ശരത്കാല രാത്രി'യാണ് അയിലം ഉണ്ണികൃഷ്ണന്‍ ഏറ്റവും കൂടുതല്‍ വേദികളില്‍ അവതരിപ്പിച്ച കഥാപ്രസംഗം. 'മൗനരാഗപ്പക്ഷി' എന്ന കഥ ഒരുവര്‍ഷം മാത്രം 342 വേദികളില്‍ അവതരിപ്പിച്ചു. ഈ കഥയാണ് പിന്നീട് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന പേരില്‍ സിനിമയായത്.
കഥാപ്രസംഗവേദികളെ നാടകം കൈയേറിത്തുടങ്ങിയതോടെ ഉപജീവനം വഴിമുട്ടാതിരിക്കാന്‍ അയിലം ഉണ്ണികൃഷ്ണന്‍ നാടകസമിതിയുണ്ടാക്കി. ഒരു കൊയ്ത്തുപാട്ടിന്റെ സംഗീതം ആണ് ആദ്യം നിര്‍മിച്ച നാടകം. കര്‍ണന്‍, ചാണക്യന്‍, പൂന്താനം, മഹാകവി കുമാരനാശാന്‍, ഭഗത് സിങ്, ജയദേവര്‍, അന്നാകരേനിന, അനീസ്യ തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍.
കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം, സാംബശിവന്‍ പുരസ്‌കാരം, കെടാമംഗലം പുരസ്‌കാരം, പറവൂര്‍ സുകുമാരന്‍ പുരസ്‌കാരം, ഇടക്കൊച്ചി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: സന്താനവല്ലി. മക്കള്‍: രാജേഷ്‌കൃഷ്ണ, രാഗേഷ് കൃഷ്ണ
Content Highlights: ayilam unnikrishnan passes away
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·