
അരുൺ കുര്യനും ചന്തു സലിമും 'കിളിയേ കിളിയേ' പാടുന്നു, ജേക്‌സ് ബിജോയ് | Photo: Special Arrangement
ദുല്‍ഖര്‍ സല്‍മാന്റെ വെഫെറര്‍ ഫിലിംസ് നിര്‍മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' മികച്ച പ്രേക്ഷകപ്രതികരണം നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷന്‍ കഴിഞ്ഞദിവസം ഹൈദരാബാദില്‍ നടന്നിരുന്നു. താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചന്തു സലിം കുമാര്‍ സംസാരിച്ചപ്പോള്‍ വേദിയില്‍നിന്നുള്ള രസകരമായ നിമിഷങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.
റെട്രോ സോങ് 'കിളിയേ കിളിയേ' ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു. ഇത് വേദിയില്‍ പാടാന്‍ പരിപാടിയുടെ അവതാരക ചന്തുവിനോടും നടന്‍ അരുണ്‍ കുര്യനോടും ആവശ്യപ്പെട്ടിരുന്നു. ഇരുവരും പാട്ട് പാടുകയും ഇതൊരു ഒഡിഷനായി കണക്കാക്കണമെന്നും അവതാരക പറഞ്ഞു. തുടര്‍ന്ന് വേദിയിലെത്തിയ സംഗീതസംവിധായകന്‍ ജേക്‌സ് ബിജോയ്, ചന്തുവിന്റെ പിതാവ് സലിം കുമാര്‍ അഭിനയിച്ച 'കോഫി അറ്റ് എംജി റോഡ്' ആല്‍ബം ഓര്‍മിപ്പിച്ച്, തനിക്ക് ചില പ്ലാനുകളുണ്ടെന്ന് പറഞ്ഞു.
അരുണ്‍ കുര്യനും ചന്തുവും ഒരുമിച്ചായിരുന്നു വേദിയില്‍ സംസാരിക്കാന്‍ എത്തിയത്. അരുണിന് ശേഷം ചന്തുവിനായിരുന്നു സംസാരിക്കാനുള്ള ഊഴം. ഓണാശംസ പറഞ്ഞ ശേഷം മലയാളത്തില്‍ ഇനി എന്താണ് പറയേണ്ടതെന്ന് ചന്തു സദസ്സിനോട് ചോദിച്ചു. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലെ 'ലൂസടിക്കടാ' എന്ന ഡയലോഗ് പറയണമെന്നായിരുന്നു സദസ്സിന്റെ ആവശ്യം.
ലൂസടി നിര്‍ത്താന്‍ വേണ്ടിയാണ് താന്‍ 'ലോക' ചെയ്തത് എന്നായിരുന്നു ചന്തുവിന്റെ മറുപടി. പിന്നേയും തന്നെക്കൊണ്ട് ലൂസടിപ്പിക്കുകയാണോയെന്ന് ചന്തു ചോദിച്ചു. 'ലൂസടിക്കണോ' എന്ന് ചോദിച്ചപ്പോള്‍ കാണികള്‍ വേണമെന്ന് വീണ്ടും പറഞ്ഞു. 'ഞാന്‍ അതില്‍നിന്ന് റിട്ടയര്‍ ചെയ്തതാണ്. എങ്കിലും ലോകയ്ക്കുവേണ്ടി ഞാനത് പറയാം', എന്ന മുഖവുരയോടെ ചന്തു 'ലൂസടിക്കടാ' എന്ന ഡയലോഗ് പറഞ്ഞു. ഇത് വലിയ കരഘോഷത്തോടെ കാണികള്‍ സ്വീകരിച്ചു.
എന്തുകൊണ്ടാണ് ആളുകള്‍ രണ്ടുംമൂന്നും തവണ 'ലോക' കാണുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന്, 'ചന്തു സലിമിനെ കാണാന്‍ വേണ്ടി' എന്നായിരുന്നു ചന്തുവിന്റെ തമാശരൂപേണയുള്ള മറുപടി. ചിത്രത്തിന് ലഭിച്ച 100 കോടി ചന്തുവിന് നല്‍കിയാല്‍ എന്തുചെയ്യുമെന്നായി അവതാരകയുടെ അടുത്ത ചോദ്യം. 100 കോടിയും ഡൊമനിക് അരുണിനും ഛായാഗ്രാഹകന്‍ നിമിഷ് രവിക്കും കൊടുത്ത ശേഷം ദുല്‍ഖറിനെ നായകനാക്കി സിനിമ നിര്‍മിക്കും എന്നായിരുന്നു ചന്തുവിന്റെ മറുപടി.
തുടര്‍ന്നാണ് അവതാരകയുടെ ആവശ്യപ്രകാരം ചന്തുവും അരുണ്‍ കുര്യനും 'കിളിയേ കിളിയേ' പാടിയത്. ഇത് ഒഡിഷനാണെന്ന് സദസ്സിലുള്ള സംഗീതസംവിധായകന്‍ ജേക്‌സ് ബിജോയിയോട് അവതാരക പറഞ്ഞു. പിന്നീട് സംസാരിക്കാന്‍ വേദിയിലെത്തിയ ജേക്‌സിനോട്, ഇരുവരുടേയും പാട്ട് എങ്ങനെയുണ്ടായിരുന്നെന്ന് അവതാരക ചോദിച്ചു. ചന്തു നന്നായി പാടിയെന്ന് പറഞ്ഞ ജേക്‌സ്, ചന്തുവിന് വേണ്ടി ചില പ്ലാനുകള്‍ മനസിലുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സലിം കുമാര്‍ 'പലവട്ടം കാത്തുനിന്നു ഞാന്‍' എന്ന മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചത് ഓര്‍മിപ്പിച്ച ജേക്‌സ്, 'ചന്തൂ, പണി വരുന്നുണ്ട്' എന്നും പറഞ്ഞാണ് വേദി വിട്ടത്.
Content Highlights: Lokah Chapter One Chandra Success: Chandu Salim`s Hilarious Moments
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·