21 April 2025, 03:00 PM IST

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ | സ്ക്രീൻഗ്രാബ്
കൊച്ചി: ഒന്നോ രണ്ടോ ആളുകൾ ലഹരി ഉപയോഗിക്കുന്നുവെന്ന് കരുതി സിനിമാ മേഖലയെ മൊത്തം ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഇതൊന്നും ആരും പിന്തുണയ്ക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെങ്കിൽ അത് തെറ്റാണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചു. തനിക്ക് വ്യക്തിപരമായി ഇത്തരം കാര്യങ്ങൾ അനുഭവപ്പെട്ടിട്ടില്ല. വാർത്തകളിൽക്കൂടിയുള്ള അറിവുമാത്രമേയുള്ളൂ. ഷൈനുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ച് അറിയില്ല. സിനിമാ സെറ്റുകളിലെ പരിശോധന സ്വാഗതം ചെയ്യുന്നു. ഇക്കാര്യം തങ്ങൾതന്നെ നേരത്തേ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടിച്ചേർത്തു.
അതേസമയം ഷൈൻ ടോം ചാക്കോയ്ക്കെതിരായ വിൻ സി അലോഷ്യസിന്റെ പരാതിയിൽ സൂത്രവാക്യം സിനിമയുടെ ആഭ്യന്തര സമിതി തിങ്കളാഴ്ച വൈകീട്ട് യോഗം ചേരും. യോഗത്തിൽ വിൻ സി അലോഷ്യസ് പങ്കെടുക്കുകയും തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്യും. ഇതോടെ ഷൈൻ ടോമിനെതിരെ എന്ത് നടപടിയുണ്ടാവുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.യോഗത്തിൽ ഹാജരാകണമെന്ന് ഷൈനിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഷൈനിനെതിരെ നടപടിയെടുക്കണോ എന്ന് തീരുമാനിക്കാൻ ഫിലിം ചേംബർ യോഗവും വൈകീട്ട് ചേരുന്നുണ്ട്.
Content Highlights: Listin Stephen connected Drug Use successful Malayalam Film Industry





English (US) ·