മുംബൈ: ഉപമുഖ്യമന്ത്രിയെ ചതിയൻ എന്ന് വിളിച്ചതിൽ തനിക്ക് ഒരു കുറ്റബോധവുമില്ലെന്നും മാപ്പുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, കോടതി നിർദേശിച്ചാൽമാത്രം മാപ്പുപറയുമെന്നും ഹാസ്യതാരം കുനാൽ കമ്ര പറഞ്ഞു. ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയെ കളിയാക്കിയതുമായി ബന്ധപ്പെട്ട് ശിവസേനാപ്രവർത്തകർ ഹാസ്യപരിപാടി നടന്ന ഹോട്ടലിൽ ആക്രമണം നടത്തുകയുണ്ടായി. ഇതേത്തുടർന്ന് കുനാൽ കമ്ര മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും മറ്റു ചില നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് മാപ്പുപറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് കുനാൽ വ്യക്തമാക്കിയത്.
ഏക്‌നാഥ് ഷിന്ദേയെ ലക്ഷ്യംവെച്ച് ഹാസ്യപരിപാടി അവതരിപ്പിക്കുന്നതിന് പ്രതിപക്ഷകക്ഷികൾ പണം നൽകിയെന്നത് വാസ്തവവിരുദ്ധമാണെന്നും കുനാൽ പോലീസിനോടു പറഞ്ഞു. തന്റെ അക്കൗണ്ടുകൾ പരിശോധിക്കാമെന്നും അത്തരത്തിൽ ഒരു പണവും താൻ കൈപ്പറ്റിയിട്ടില്ലെന്നും തമിഴ്‌നാട്ടിലുള്ള കുനാൽ പോലീസിനോട് പറഞ്ഞു.
ആവിഷ്കാരസ്വാതന്ത്ര്യം എവിടെയെന്ന് ജയാ ബച്ചൻ
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയെക്കുറിച്ച് പരാമർശംനടത്തിയതിന് ഹാസ്യകലാകാരൻ കുനാൽ കമ്രയ്ക്കുനേരേ വ്യാപകപ്രതിഷേധമുയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി എംപിയും നടിയുമായ ജയാ ബച്ചൻ രംഗത്തെത്തി. എന്തെങ്കിലുമൊന്ന് സംസാരിച്ചുപോയാൽ അതിനെതിരേ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ആവിഷ്‌കാരസാതന്ത്ര്യം എവിടെയാണെന്നായിരുന്നു അവരുടെ ചോദ്യം.
സംസാരിക്കാൻ വിലക്കേർപ്പെടുത്തിയാൽപ്പിന്നെ മാധ്യമങ്ങളുടെ കാര്യം എന്താകും. നിങ്ങൾ തീർച്ചയായും വിഷമവൃത്തത്തിൽ അകപ്പെടും. അങ്ങനെ നിയന്ത്രണങ്ങൾവന്നാൽ നിങ്ങൾക്ക് ജയാ ബച്ചനെ അഭിമുഖംനടത്താനാവില്ല. ആവിഷ്കാരസ്വാതന്ത്ര്യം എവിടെപ്പോയി, പ്രതിപക്ഷത്തെ തല്ലുക, സ്ത്രീകളെ ബലാത്സംഗംചെയ്യുക, തുടങ്ങിയ ബഹളങ്ങളുണ്ടാകുമ്പോൾ മാത്രമേ പ്രവർത്തനസ്വാതന്ത്ര്യമുള്ളൂ. ഏക്‌നാഥ് ഷിന്ദേ ശിവസേനയെ പിളർത്തി മറ്റൊരുപാർട്ടിയുണ്ടാക്കിയ ആളാണ്. ഇത് ബാബാസാഹിബിനെ അപമാനിക്കുന്നകാര്യമല്ലേയെന്നും അവർ ചോദിച്ചു.
കുനാൽ കമ്രയെ വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേക്കെതിരേ ഹാസ്യകലാകാരൻ കുനാൽ കമ്ര നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരേ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുകയാണെങ്കിൽ അഭിപ്രായസ്വാതന്ത്ര്യം സർക്കാർ അംഗീകരിക്കില്ലെന്ന് തിങ്കളാഴ്ച സംസ്ഥാനനിയമസഭയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
നർമത്തെയും ആക്ഷേപഹാസ്യത്തെയും ഞങ്ങൾ വിലമതിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ആക്ഷേപഹാസ്യം ഞങ്ങൾ അംഗീകരിക്കുന്നു, പക്ഷേ, അത് സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുകയാണെങ്കിൽ അഭിപ്രായസ്വാതന്ത്ര്യം ഞങ്ങൾ അംഗീകരിക്കില്ല. താഴ്ന്നനിലവാരമുള്ള ഹാസ്യമാണ് കമ്ര അവതരിപ്പിച്ചത്.
ഈ കലാകാരൻ പ്രധാനമന്ത്രിക്കെതിരേയും ചീഫ് ജസ്റ്റിസിനെതിരേയും പ്രസ്താവനകൾ നടത്തുന്നു. വിവാദങ്ങൾ സൃഷ്ടിച്ച് പ്രശസ്തിനേടാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹം ഏക്‌നാഥ് ഷിന്ദേയെ ലക്ഷ്യമിടുകയും ഗുണനിലവാരമില്ലാത്ത ഹാസ്യം അവതരിപ്പിക്കുകയുംചെയ്തു. ഏക്‌നാഥ് ഷിന്ദേ രാജ്യദ്രോഹിയാണോ സ്വാർഥനാണോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരെയും അപമാനിക്കാൻ ആർക്കും അവകാശമില്ല. അദ്ദേഹത്തിന് ഞങ്ങളെക്കുറിച്ച് കവിതകളോ ആക്ഷേപഹാസ്യങ്ങളോ എഴുതാം. പക്ഷേ, അദ്ദേഹം ഞങ്ങളെ അപമാനിക്കുകയാണെങ്കിൽ നടപടിയെടുക്കും. അപ്പോൾ വേദനിക്കരുത്. മഹാരാഷ്ട്രയിൽ ഇത്തരം കാര്യങ്ങൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചതിയനെ ചതിയനെന്നല്ലാതെ എന്താണ് വിളിക്കുക -ഉദ്ധവ് താക്കറെ
മുംബൈ: ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയെ ചതിയനെന്നുവിളിച്ച ഹാസ്യകലാകാരൻ കുനാൽ കമ്രയെ ന്യായീകരിച്ച് മുൻമുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. ചതിയനെ ചതിയനെന്നല്ലാതെ എന്താണ് വിളിക്കുകയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ‘കുനാൽ കമ്രയുടെ ഷോയിലെ മുഴുവൻഗാനവും കേൾക്കുകയും മറ്റുള്ളവരെ കേൾപ്പിക്കുകയും വേണം.’ -ഉദ്ധവ് താക്കറെ പറഞ്ഞു.
ശിവസേനക്കാർ കുനാലിന്റെ പരിപാടിനടന്ന ഹോട്ടൽ ആക്രമിച്ചല്ലോ എന്ന ചോദ്യത്തിന് ഈ ആക്രമണത്തിൽ ശിവസേനക്കാർക്ക് ഒരുപങ്കുമില്ലെന്നും ചതിയൻസേനയാണ് അത് നടത്തിയതെന്നും രക്തത്തിൽ ‘ചതി’ കലർന്നവർക്ക് ഒരിക്കലും ശിവസൈനികനാകാൻ പറ്റില്ലെന്നും ഉദ്ധവ് പറഞ്ഞു.
‘ആരും നിയമവും ഭരണഘടനയും ലംഘിക്കരുത് ’
ഛത്രപതി സാംഭാജിനഗർ: ശിവസേന അധ്യക്ഷൻ ഏക്നാഥ് ഷിന്ദേയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഹാസ്യകലാകാരൻ കുനാൽ കമ്ര നടത്തിയ പരാമർശങ്ങൾക്കെതിരേ ഉപമുഖ്യമന്ത്രി അജിത് പവാർ രംഗത്തെത്തി.
ആരും നിയമവും ഭരണഘടനയും ലംഘിക്കരുതെന്നും അവർ എന്താണ് പറയുന്നതെന്ന് പരിശോധിക്കണമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.
നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ പ്രസ്താവനകൾ നടത്തണം. പ്രത്യയശാസ്ത്രങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ പ്രസ്താവനകൾ നിയമത്തിന്റെ ചട്ടക്കൂടിലാണ് നടത്തേണ്ടത്. പരാമർശങ്ങൾ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അജിത് പവാർ വ്യക്തമാക്കി. നിർഭാഗ്യവശാൽ, മഹാരാഷ്ട്രയിൽ അടുത്തിടെ നടന്ന ചില സംഭവങ്ങൾ ദുഃഖകരമാണ്. നാമെല്ലാവരും മനുഷ്യരാണ്, നമ്മുടെ രക്തം ഒരേ നിറമാണ്. എന്നിരുന്നാലും, ചില ആളുകൾ രാഷ്ട്രീയനേട്ടത്തിനായി മാത്രം, സമൂഹത്തിൽ ഭിന്നതകൾ സൃഷ്ടിക്കുന്നു. ഇത്തരം നടപടികൾ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയോ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയോ മഹാരാഷ്ട്രയിലേക്ക് വലിയ നിക്ഷേപം ആകർഷിക്കുകയോ ചെയ്യുമോ എന്ന് നാഗ്പുർ കലാപത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ചില സ്ത്രീകൾ ലാഡ്കി ബഹിൺ യോജനയ്ക്ക് കീഴിലുള്ള 2100 രൂപയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചേക്കാം.
മഹായുതി സർക്കാർ വാക്കുനൽകിയിട്ടുണ്ട്, അടിസ്ഥാനസൗകര്യ ചെലവുകൾ പോലുള്ള സുപ്രധാന പ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ തീരുമാനമെടുക്കും. പദ്ധതി റദ്ദാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു, പക്ഷേ അത് നിർത്തില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kunal Kamra refuses to apologize for his gag astir Eknath Shinde
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·