കൂലിയിൽ ആ വേഷത്തിൽ ആദ്യം പരി​ഗണിച്ചത് ഫഹദിനെ, പകരം വന്നയാളാണ് സൗബിൻ -ലോകേഷ് കനകരാജ്

6 months ago 6

Fahadh Soubin and Lokesh

ഫഹദ് ഫാസിൽ, സൗബിനും ലോകേഷ് കനകരാജും | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി, X

ജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. അടുത്തമാസം റിലീസ് ചെയ്യുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകരും ചലച്ചിത്ര പ്രേമികളും കാത്തിരിക്കുകയാണ്. ചിത്രത്തിലെ മോണിക്ക എന്ന ​ഗാനവും ഇതിലെ സൗബിൻ ഷാഹിറിന്റെ പ്രകടനവും ഏറെ കയ്യടി നേടിയിരുന്നു. കൂലിയിൽ സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി ആദ്യം മറ്റൊരാളാണ് മനസിലുണ്ടായിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്.

ദയാൽ എന്ന കഥാപാത്രമായാണ് 'കൂലി'യിൽ സൗബിൻ ഷാഹിർ എത്തുന്നത്. ഈ വേഷം അവതരിപ്പിക്കാൻ താൻ മനസിൽ കണ്ടത് ഫഹദ് ഫാസിലായിരുന്നു എന്നാണ് ലോകേഷ് പറഞ്ഞത്. എന്നാൽ ചില തിരക്കുകൾ കാരണം ഫഹദ് ഓഫർ നിരസിക്കുകയായിരുന്നെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.

" കൂലിയിലെ ഒരു പ്രധാന വേഷം അവതരിപ്പിക്കാൻ ഫഹദ് ഫാസിലിനെയാണ് ആദ്യം വിചാരിച്ചിരുന്നത്. എന്നാൽ ഷെഡ്യൂളിലെ ചില പ്രശ്നങ്ങൾ കാരണം അത് നടന്നില്ല. സൗബിൻ ഷാഹിർ അവതരിപ്പിച്ച കഥാപാത്രമായിരുന്നു അത്. കഥാപാത്രത്തിനായി ഫഹദിനെ സമീപിച്ചിരുന്നു. ഫഹദിനെ അഭിനയിപ്പിക്കാൻ ആറു മാസത്തോളമെടുത്താണ് ദയാൽ എന്ന കഥാപാത്രത്തെ വികസിപ്പിച്ചെടുത്തത്. എന്നാൽ ഫഹദ് മറ്റ് പ്രോജക്ടുകളിൽ ഇതിനകം തന്നെ ഏർപ്പെട്ടിരുന്നതിനാൽ, അദ്ദേഹത്തിന് ആ ഓഫർ നിരസിക്കേണ്ടിവന്നു." ലോകേഷ് പറഞ്ഞു.

അതേസമയം മോണിക്ക എന്ന ​ഗാനരം​ഗത്തിലെ സൗബിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. പൂജ ഹെ​ഗ്ഡേയെ നിഷ്പ്രഭമാക്കുന്നതാണ് സൗബിന്റെ പ്രകടനമെന്നും കയ്യടി മുഴുവൻ സൗബിൻ കൊണ്ടുപോയെന്നുമുള്ള പ്രതികരണങ്ങളാണ് ​ഗാനത്തിന് ലഭിക്കുന്നത്. വിഷ്ണു എടവന്‍ ആണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. സുബ്‌ലാഷിണിയും അനിരുദ്ധുമാണ് പാടിയിരിക്കുന്നത്. അസല്‍ കോലാര്‍ റാപ്പും പാടിയിരിക്കുന്നു.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് 'കൂലി'യുടെ നിര്‍മാണം. നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ഓഗസ്റ്റ് 14 ചിത്രം പ്രദര്‍ശനത്തിനെത്തും.

Content Highlights: Lokesh Kanagaraj's 'Coolie': Fahadh Faasil's Missed Role and Soubin Shahir's Rise

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article