ലോകേഷ് കനഗരാജ് | ഫോട്ടോ: twitter.com/MemesChennai
രജനീകാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന കൂലി. ചിത്രത്തിലെ ആദ്യഗാനമുൾപ്പെടെ ഇതുവരെ പുറത്തുവന്ന എല്ലാ അപ്ഡേറ്റുകളും ഇരുകയ്യുംനീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ, ചിത്രത്തിലെ തന്റെ പ്രതിഫലം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
'രജനികാന്ത് സാറിന്റെ ശമ്പളത്തെക്കുറിച്ച് എനിക്കൊന്നും പറയാൻ കഴിയില്ല. അതിനെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. എന്നാൽ, നിങ്ങൾ സൂചിപ്പിച്ച 50 കോടി രൂപ എന്റെ ശമ്പളമാണ്. മുൻ ചിത്രമായ ലിയോയുടെ വലിയ വിജയമാണ് ഈ തുക പ്രതിഫലമായി ലഭിക്കാൻ കാരണമായത്. 600 കോടിയിലധികം രൂപയാണ് ലിയോയുടെ കളക്ഷൻ. മുമ്പ് എനിക്ക് ലഭിച്ചതിനേക്കാൾ ഇരട്ടി തുകയാണ് ഇപ്പോൾ ഞാൻ നേടുന്നത്.
ഈ നിലയിൽ എത്താൻ സഹിച്ച ത്യാഗങ്ങളെക്കുറിച്ച് എനിക്ക് പരാതികളൊന്നുമില്ല. കഴിഞ്ഞ രണ്ട് വർഷം പൂർണമായും കൂലിയുടെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുവേണ്ടിയാണ് ചിലവഴിച്ചത്. അത് എന്റെ ഉത്തരവാദിത്വമാണ്', ലോകേഷ് ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് പറഞ്ഞു.
അതേസമയം, സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് 'കൂലി'യുടെ നിര്‍മാണം. ആമിർ ഖാൻ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. അനിരുദ്ധ് സംഗീത സംവിധാനവും അൻബറിവ് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ഓഗസ്റ്റ് 14 ചിത്രം പ്രദര്‍ശനത്തിനെത്തും.
Content Highlights: Lokesh Kanagaraj On His Salary for Coolie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·