'കൂവലെല്ലാം അയാൾ തനിക്കുള്ള കയ്യടിയാക്കി മാറ്റി'; പൃഥ്വിരാജിനെക്കുറിച്ച് ഷഹബാസ് അമൻ

9 months ago 6

Shahabaz Aman and Prithviraj

ഷഹബാസ് അമൻ, പൃഥ്വിരാജ് | ഫോട്ടോ: Facebook

ന്ത്യൻ റുപ്പി എന്ന ചിത്രം ആദ്യദിവസം കാണാൻപോയ കഥ പറഞ്ഞ് ​ഗായകനും സം​ഗീത സംവിധായകനുമായ ഷഹബാസ് അമൻ. ഈ പുഴയും സന്ധ്യകളും എന്ന ​ഗാനം എങ്ങനെ സ്വീകരിക്കപ്പെടുമെന്ന ആന്തലോടെയാണ് തിയേറ്ററിലിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ പേടിക്ക് മൂന്ന് കാരണങ്ങളുണ്ടായിരുന്നു. അതിൽ മൂന്നാമത്തെ കാരണം ചിത്രത്തിലെ നായകനായ പൃഥ്വിരാജിനെതിരെ അക്കാലത്തുയർന്ന പ്രതിഷേധങ്ങളായിരുന്നു. എന്നാൽ തിയേറ്ററിലുയർന്ന കൂവലുകളെയെല്ലാം പൃഥ്വിരാജ് കയ്യടികളായി മാറ്റിയെന്നും ഷഹബാസ് അമൻ ചൂണ്ടിക്കാട്ടി.

ഷഹബാസ് അമൻ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ:

‘ഇന്ത്യൻ റുപ്പി‘ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ കാണാൻ കോഴിക്കോട്ടെ അപ്സര തിയറ്ററിൽ തിങ്ങി നിറഞ്ഞ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയോടെ ഇരിക്കുകയാണ്. ഉള്ളിൽ ചെറിയ ഒരു ആന്തൽ ഉണ്ട്! ‘ഈ പുഴയും സന്ധ്യകളും’ എന്ന പാട്ട് തിയറ്ററിൽ എങ്ങനെ വർക്ക് ആകും എന്നതിൽ ആയിരുന്നു ശ്രദ്ധ മുഴുവൻ!മൂന്ന് കാരണങ്ങൾ കൊണ്ടാണ് പേടി.

മൂന്നാമത്തെ കാരണം മാത്രം ഇപ്പോൾ പറയാം. ചിത്രത്തിലെ നായകനും പ്രൊഡ്യൂസര്മാരിൽ ഒന്നാമനുമായ പൃഥ്വിരാജ് അന്ന് മലയാളികളായ ജന സഹസ്രങ്ങളുടെ വിരോധം ആദ്യമായി ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന കാലമാണ്! കാരണം എന്താണെന്നല്ലേ? തന്റെ ഇന്റർവ്യൂകളിൽ സ്വന്തം കോൺസെപ്റ്റുകൾ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു, അധികപ്രസംഗി. സംസാരം അധികവും ചടുലമായ ഇംഗ്ലീഷിൽ ആണ്. അതിനൊക്കെ കാരണം ബി ബി സി യിലെ അന്നത്തെ ജേർണലിസ്റ്റും (ഇന്നത്തെ ‘അർബൻ നൽസൽ’)അയാളുടെ കാമുകിയും ലൈഫ് പാർട്ട്ണറും ആയ സുപ്രിയ ആണ്. തങ്ങളെ ആരെയും അറിയിക്കാതെ അവളെ വിവാഹവും കഴിച്ച്, മെയ്ൻ ആയി, അഹങ്കാരിയായി നടക്കുകയാണ് അയാൾ. അതും ഒരു ‘മലപ്പുറം എടപ്പാളുകാരന്റെ’ മകൻ ! ഒരു വിനേയ, വിധേയ ഭാവമൊക്കെ വേണ്ടേ? അയാളുടെ മേൽ ജനം ചാർത്തിയ കുറ്റപത്രം ആണ്.

എങ്ങനെയുണ്ട്? സ്‌ട്രോങ്ങല്ലേ? ആ ജനം ആണ് തിയേറ്റർ നിറഞ്ഞിരിക്കുന്നത് ! നിന്നെ ഞങ്ങൾ ശരിയാക്കിത്തരാടാ എന്ന മട്ടിലാണ് അവരുടെ ഇരിപ്പ്! അങ്ങനെയിരിക്കുമ്പോൾ അതാ, ഒരു നീല ഷർട്ടും വെള്ള മുണ്ടും ഉടുത്ത്, ‌ തനി കോഴിക്കോട്ടുകാരൻ ജയ പ്രകാശ് ആയി നടന്ന് വന്ന്,അയാൾ മൈക്ക് കയ്യിലെടുത്ത് പാടുകയാണ്; ഒരു ഓർക്കസ്ട്രയും ഇല്ലാതെ. മുല്ലനേഴി മാഷിന്റെ ലിറിക്സ്. “ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും”. അപ്പുറത്ത് നിൽക്കുന്നതാണെങ്കിൽ വേറൊരു ധിക്കാരി ! റിമ കല്ലിങ്കൽ! അല്ലാഹ്.. ഇന്റെ പാട്ട് എല്ലാം കൊണ്ടും കല്ലത്തായി എന്ന് ഞാൻ ഉറപ്പിച്ചു! വിചാരിച്ച പോലെത്തന്നെ, പ്രകാശൻ മൈക്ക് കയ്യിലെടുത്തതും “കൂ” എന്ന ശബ്ദത്തിൽ പ്രഷർ കുക്കർ ആദ്യത്തെ വിസിലടിച്ചു!

പക്ഷേ കാലം കാത്ത് വെച്ചത് മറ്റൊന്നായിരുന്നു! ഇന്ത്യൻ റുപ്പി നൂറാം ദിവസം ആഘോഷിച്ചു! കൂവലെല്ലാം അയാൾ തനിക്കുള്ള കയ്യടിയാക്കി മാറ്റി!എന്ന് മാത്രമല്ല,‘ഈ പുഴയും’ എന്ന പാട്ടും ആ സിനിമയയും പൃഥ്വിക്കും വിജയിനും റിമയ്ക്കും എനിക്കും മറ്റു പലർക്കും അംഗീകാരങ്ങളും അതിലേറെ മനോഹരമായ ഓർമ്മകളും നല്ല ചില ബന്ധങ്ങളും കുറേ സന്തോഷങ്ങളും കൊണ്ട് വന്ന് തന്നു! അതിലൊന്നാണ് ഇപ്പോൾ നിങ്ങളുമായി വ്യക്തിപരമായി പങ്കു വെയ്ക്കുന്ന ഈ അമൂല്യ നിധി! എല്ലാവർക്കും നന്ദി. എല്ലാവരോടും സ്നേഹം.

Content Highlights: Shahabaz Aman connected Indian Rupee`s Success and Prithviraj Sukumaran

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article