"കൃഷ്ണൻ പ്രസാദിക്കാതിരിക്കുമോ നിന്നിൽ? അതുപോലൊരു വിളിയല്ലേ നീ ഭഗവാനെ വിളിച്ചത്.."

4 months ago 4

ks chithra

കെ.എസ് ചിത്ര| Photo: Mathrubhumi

ഴുപത്തെട്ട്‍ വയസ്സ് പിന്നിട്ട ജീവിതത്തിൽ അപൂർവം ആഗ്രഹങ്ങളേ ബാക്കിയുള്ളൂ രാധാ കുപ്പുസ്വാമിക്ക്. കെ എസ് ചിത്രയെ നേരിൽ കാണുക എന്നതാണ് അവയിലൊന്ന്. കണ്ടാൽ മാത്രം പോരാ, ഒന്ന് കെട്ടിപ്പിടിക്കുകയും വേണം.

"കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ" എന്ന പാട്ടിനുള്ളതാണ് ആ ആശ്ലേഷം. "നന്ദന"ത്തിലെ ആ പാട്ടിനൊപ്പമാണ് വർഷങ്ങളായി താൻ ഉണരുന്നതും ഉറങ്ങുന്നതും എന്ന് പറയുന്നു, യേശുദാസിന്റെ ഗാനമേളകളിലെ ആദ്യകാല സഹഗായികയായിരുന്ന രാധ. "പാട്ടിനൊടുവിൽ ചിത്ര ഉള്ളിന്റെയുള്ളിൽ നിന്ന് കൃഷ്ണനെ വിളിച്ചു പാടിക്കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറയാറുണ്ട് . എനിക്ക് കൂടി വേണ്ടിയാണ് ചിത്രയുടെ ആ പ്രാർത്ഥന എന്ന് തോന്നും.... ഉള്ളിലൊരു കൃഷ്ണഭക്ത ഉള്ളതുകൊണ്ടാവാം." - മുഹമ്മദ് റഫിയോടൊപ്പവും വേദി പങ്കിടാൻ ഭാഗ്യമുണ്ടായ മധുര സ്വദേശിനി രാധയുടെ വാക്കുകൾ.

"കാർമുകിൽവർണ്ണ"ന്റെ റെക്കോർഡിംഗ് കഴിഞ്ഞ് ദിവസങ്ങൾക്കകം ഒരു സ്റ്റുഡിയോയിൽ വെച്ച് നേരിൽ കണ്ടപ്പോൾ യേശുദാസ് പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് ചിത്രയുടെ ഓർമ്മയിൽ: "കൃഷ്ണൻ പ്രസാദിക്കാതിരിക്കുമോ നിന്നിൽ? അതുപോലൊരു വിളിയല്ലേ നീ ഭഗവാനെ വിളിച്ചത്..'' ആ വിളി മലയാളികളുടെ മുഴുവൻ ഹൃദയത്തെ തൊട്ടു എന്നറിഞ്ഞത് പിന്നീടാണ്. കാർമുകിൽ വർണ്ണൻ പാടാതെ ഗാനമേളാവേദി വിടാൻ ചിത്രയെ സമ്മതിക്കാറില്ല ഇന്നും ആസ്വാദകർ. ഒരർത്ഥത്തിൽ ചിത്ര എന്ന ഗായികയുടെ മുദ്രാഗീതം തന്നെയായി മാറിക്കഴിഞ്ഞു അത്. പുറത്തിറങ്ങി രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും ജാതിമതങ്ങളുടെയും ഭാഷയുടേയുമൊക്കെ അതിർവരമ്പുകൾ ഭേദിച്ച് സംഗീതാസ്വാദകരെ വശീകരിച്ചുകൊണ്ടിരിക്കുന്ന പാട്ട്.

"മറക്കാനാവാത്ത പല അനുഭവങ്ങളുമുണ്ട് ആ ഗാനവുമായി ചേർത്തുവെക്കാൻ.'' - ചിത്ര പറയുന്നു. "ബെംഗളൂരുവിൽ ഒരു സ്‌കൂളിന് വേണ്ടി നടത്തിയ ചാരിറ്റി ഷോയ്ക്കിടെ പർദ ധരിച്ച ഒരു സ്ത്രീ വേദിക്ക് പിറകിൽ വന്ന് കാർമുകിൽ വർണ്ണന്റെ പാടാൻ അഭ്യർഥിച്ചത് ഓർക്കുന്നു. പാടിക്കഴിഞ്ഞപ്പോൾ അവർ വീണ്ടും വന്നു. എന്റെ കൈ രണ്ടും നെഞ്ചോടു ചേർത്തു വികാരാധീനയായി നന്ദി പറഞ്ഞു. ആ ഗാനം എപ്പോൾ കേട്ടാലും കരച്ചിൽ അടക്കാൻ കഴിയാറില്ലത്രെ അവർക്ക്. അങ്ങനെ ഹൃദയസ്പർശിയായ എത്രയോ അനുഭവങ്ങൾ. ആളുകൾ ആ പാട്ടിനെകുറിച്ചു നല്ലതു പറഞ്ഞുകേൾക്കുമ്പോൾ ആദ്യം ഓർമ്മവരിക ഗിരീഷ് പുത്തഞ്ചേരി സാറിനേയും രവീന്ദ്രൻ മാഷെയുമാണ്. രണ്ടു പേരും ഇന്ന് കൂടെയില്ലല്ലോ...''

ലോകമെങ്ങുമുള്ള സദസ്സുകൾക്ക് മുന്നിൽ പാടിയിട്ടുണ്ടെങ്കിലും ഒരു പൂജാമുറിയുടെ ഏകാന്തവിശുദ്ധമായ അന്തരീക്ഷത്തിൽ, കണ്ണടച്ചു നിന്നുകൊണ്ട് ധ്യാനലീനയായി ആ ഗാനം പാടിയതാണ് ചിത്രയുടെ മനസ്സിലെ മായാത്ത ഓർമ്മ. "ഗാനമേളയിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തിയതായിരുന്നു ഞാൻ. വിജയൻ ചേട്ടനുമുണ്ട് ഒപ്പം. പതിവുപോലെ ഞങ്ങളെ രണ്ടുപേരെയും വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ഗിരീഷ് സാർ. സുഭിക്ഷമായ ഉച്ചഭക്ഷണത്തിനു ശേഷം അദ്ദേഹം പറഞ്ഞു: എനിക്കൊരു ആഗ്രഹമുണ്ട്. പറ്റില്ല എന്ന് പറയരുത്. ഇവിടെ ഈ പൂജാവിഗ്രഹത്തിന് മുന്നിൽ നിന്നുകൊണ്ട് ചിത്ര കാർമുകിൽ വർണ്ണന്റെ എന്ന പാട്ട് പാടണം. സ്നേഹപൂർവമുള്ള ആ അപേക്ഷ നിരസിക്കാൻ തോന്നിയില്ല. അവിടെ നിന്നുകൊണ്ട് ആ ഗാനം പാടിയത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം. നമ്മളും ഭഗവാനും മാത്രമല്ലേയുള്ളൂ ആ മുറിയിൽ....''

മുല്ലപ്പൂവിന്റെ വിശുദ്ധിയും കളഭചന്ദനങ്ങളുടെ സൗരഭ്യവുമുള്ള ഒരു ഗാനം- "നന്ദന''ത്തിന്റെ സംവിധായകന്‍ രഞ്ജിത്തിന് വേണ്ടത് അതായിരുന്നു. സുശീലാമ്മ പാടിയ ഏറെ പ്രശസ്തമായ "കണ്ണാ കരുമൈനിറക്കണ്ണാ' എന്ന തമിഴ് പാട്ടിന്റെ ഭാവഗരിമയെ ഓർമ്മിപ്പിക്കുന്ന, ഭക്തിയും പ്രണയവും വിരഹവുമെല്ലാം ഇഴചേര്‍ന്നു നില്‍ക്കുന്ന ഗാനം. രഞ്ജിത്തിന്റെ കോഴിക്കോട്ടെ ഫ്ലാറ്റില്‍ വെച്ചാണ് കമ്പോസിംഗ്. പതിവു തമാശകള്‍ക്കും കലഹങ്ങള്‍ക്കും സൗന്ദര്യപ്പിണക്കങ്ങൾക്കും ഒടുവില്‍ രവീന്ദ്രൻ മാഷിന്റെ ഹാര്‍മോണിയം സംവിധായകന്റെ മനസ്സിലെ ഈണം പാടിത്തുടങ്ങുന്നു. ഹരികാംബോജിയുടെ സ്പർശമുള്ള ട്യൂൺ. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ചിത്രയുടെ സ്വരസൗന്ദര്യവും കൂടി ചേർന്നതോടെ ഭക്തിയുടെ അഭൗമമായ മറ്റേതോ ലോകത്തേക്ക് പറന്നുയരുകയായി ആ ഗാനം; കാലത്തിനപ്പുറത്തേക്കും.

ചിത്രയുടെ ശബ്ദത്തിൽ ജന്മനാ അന്തർലീനമായ സ്നേഹവും ഭക്തിയും വിശുദ്ധിയും മനസ്സിൽ കണ്ടുകൊണ്ടാണ് നന്ദനത്തിലെ കാര്‍മുകില്‍വര്‍ണന്റെ ചുണ്ടിൽ എന്ന പാട്ടിലെ ഓരോ വാക്കുകളും താൻ കുറിച്ചതെന്ന് പറഞ്ഞിട്ടുണ്ട് ഗിരീഷ് പുത്തഞ്ചേരി. "ഞാനെൻ മിഴിനാളം അണയാതെരിച്ചും, നീറും നെഞ്ചകം അകിലായ് പുകച്ചും, വാടും കരൾത്തടം കണ്ണീരാൽ നനച്ചും നിന്നെ തേടിനടന്നു തളർന്നു കൃഷ്ണാ എന്നെഴുതുമ്പോൾ ആ വരികളുടെ ആത്മാവിലൂടെ ചിത്ര സർവവും മറന്ന് ഒഴുകിപ്പോകുന്നത് സങ്കല്പിക്കാനാകുമായിരുന്നു എനിക്ക്. എന്നിട്ടോ? എന്റെയും രവിയേട്ടന്റെയുമൊക്കെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് ഉയർത്തിക്കൊണ്ടുപോയി ചിത്ര ആ പാട്ടിനെ... ''

ചെന്നൈ കൃഷ്ണ ഡിജിഡിസൈൻ സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ "കാര്‍മുകില്‍വര്‍ണന്റെ ചുണ്ടിൽ'' പാടാൻ നിൽക്കുമ്പോൾ അത്ര പ്രസാദാത്മകമല്ല ചിത്രയുടെ മനസ്സ്. അപ്രതീക്ഷിതമായ ഒരു ആഘാതത്തിൽ മനസ്സ് തളർന്നുപോയ ഘട്ടം. റെക്കോർഡിംഗുകളിൽ നിന്ന് ബോധപൂർവം ഒരകൽച്ച പാലിച്ചിരുന്നു അക്കാലത്ത്. എങ്കിലും ഒരേയൊരു ശബ്ദം മാത്രം മനസ്സിൽ കണ്ടുകൊണ്ട് സൃഷ്ടിച്ച ഗാനമാണെന്ന് രവീന്ദ്രൻ മാസ്റ്റർ ആവർത്തിച്ച് പറഞ്ഞപ്പോൾ നിരസിക്കാൻ തോന്നിയില്ലെന്ന് ചിത്ര.

മനസ്സ് സംഘർഷഭരിതമായിരുന്നെങ്കിലും പാടിത്തുടങ്ങിയതോടെ മറ്റെല്ലാം മറന്നു. വോയിസ് ബൂത്തിന്റെ ഏകാന്ത മൂകതയിൽ ഗായികയും ഇഷ്ടദൈവവും തനിച്ചായി. "ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ചുതന്നെയാണ് ആ പാട്ട് പാടിയത്; എല്ലാം ഈശ്വരനിൽ അർപ്പിച്ചു പാടിയതുകൊണ്ടാവാം ആ പാട്ട് ജനങ്ങൾ ഇത്രയേറെ ഇഷ്ടപ്പെട്ടത്.''

ഗുരുവായൂരപ്പനെ കുറിച്ച് പാടുമ്പോൾ പലപ്പോഴും ആത്മവിസ്മൃതിയുടെ തീരങ്ങളിലേക്ക് സഞ്ചരിക്കും ചിത്രയുടെ മനസ്സ്. ചില പാട്ടുകളിൽ അലിയുമ്പോൾ അറിയാതെ കണ്ണ് നിറയും. ചിത്രയുടെ ഐതിഹാസികമായ സംഗീതയാത്രയുടെ ആരംഭബിന്ദുവിൽ തന്നെയുണ്ട് ഒരു കൃഷ്ണ ഭക്തിഗീതം. ആകാശവാണിക്ക് വേണ്ടി ആറാം വയസ്സിൽ ചിത്ര പാടിയ പാട്ട്: "എന്റെ പേര് കണ്ണനുണ്ണി, എനിക്ക് വയസ്സ് രണ്ടല്ലോ; നിന്റെ കാലിലെ പാദസരം പോലെ എനിക്ക് ചിരിക്കാനറിയാം....'' അഷ്ടമിരോഹിണി നാളിലെ സംഗീത ശിൽപ്പത്തിന് വേണ്ടി എം ജി രാധാകൃഷ്ണൻ സ്വരപ്പെടുത്തിയതായിരുന്നു ആ കുട്ടിപ്പാട്ട്.

തുടർന്ന് എത്രയെത്ര കൃഷ്ണഗീതികൾ. "വടക്കുംനാഥൻ" സിനിമയിലെ കളഭം തരാം (ഗിരീഷ് പുത്തഞ്ചേരി-രവീന്ദ്രൻ), നന്ദനത്തിലെ മൗലിയിൽ മയിൽ‌പ്പീലി ചാർത്തി (ഗിരീഷ് പുത്തഞ്ചേരി-രവീന്ദ്രൻ), അധിപനിലെ ശ്യാമമേഘമേ വാ യദുകുല പ്രേമദൂതുമായ് നീ (ചുനക്കര -ശ്യാം), കിഴക്കുണരും പക്ഷിയിലെ ഘനശ്യാമ മോഹന കൃഷ്ണാ (കെ ജയകുമാർ - രവീന്ദ്രൻ), ആകാശക്കോട്ടയിലെ സുൽത്താനിലെ തുളസിമാലയിതാ വനമാലീ (ഒ എൻ വി - രവീന്ദ്രൻ), ഇങ്ങനെ ഒരു നിലാപ്പക്ഷിയിലെ ബ്രൂഹികൃഷ്ണ ഘനശ്യാമ (യൂസഫലി - സഞ്ജയ് അന്തര), റൺവേയിലെ പുലരിയിലൊരു പൂന്തെന്നൽ (ഗിരീഷ് പുത്തഞ്ചേരി-സുരേഷ് പീറ്റേഴ്സ്), ദി പ്രിൻസിലെ ശ്യാമയാം രാധികേ (ഗിരീഷ് പുത്തഞ്ചേരി- ദേവ), വെണ്ടർ ഡാനിയേലിലെ നീലക്കണ്ണാ നിന്നെക്കണ്ടു (കൈതപ്രം - എസ് പി വെങ്കടേഷ്), പൈതൃകത്തിലെ നീലാഞ്ജനപ്പൂവിൻ (കൈതപ്രം - എസ് പി വെങ്കടേഷ്)...... രാധാകൃഷ്ണസങ്കല്പം വൈവിധ്യമാർന്ന ഭാവങ്ങളിൽ പീലിവിടർത്തി നിൽക്കുന്ന "ചിത്രഗീതങ്ങൾ'' അങ്ങനെ എത്രയെത്ര.

Content Highlights: Exploring the interaction and bequest of KS Chithra`s iconic opus `Kaarmukil Varnante` song

ABOUT THE AUTHOR

ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article