കോട്ടയം: നാടുവിട്ട് പ്രവാസലോകത്ത് കഴിയുന്ന ഏതൊരു കോട്ടയംകാരനും മനസില്‍ കുളിര്‍മയുണ്ടാക്കുന്ന സംഗീത ആല്‍ബവുമായി പ്രവാസിയായ സഞ്ജയ് ചമ്പക്കര. കോട്ടയം പശ്ചാത്തലമാക്കി ഒരുക്കിയ 'കെ എല്‍ 5, ദി കോട്ടയം ഡയറീസ്' എന്ന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. ജോബിന്‍ കയനാടാണ് ഛായഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
കുമരകം, ഏറ്റുമാനൂര്‍, ഇല്ലിക്കല്‍ കല്ല്, ചങ്ങനാശ്ശേരി, കുറവിലങ്ങാട്, കറുകച്ചാല്‍, ചമ്പക്കര തുടങ്ങി കോട്ടയത്തെ വിവിധ സ്ഥല നാമങ്ങള്‍ക്കൊപ്പം മെലഡിയും റാപ്പും ഇടകലര്‍ന്ന ഗാനം ദീപക് നായരാണ് അഭിനയിച്ച് ആലപിച്ചത്. 'വാ കൂടും കൂട്ടുമായി.. എന്റെ നാടും സ്വര്‍ഗാരാമമായി.....' എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം നിരവധി പേരാണ് കണ്ടത്. ഫൈസല്‍ പൊന്നാനിയുടെ വരികള്‍ക്ക് അരുണ്‍ ജി എസ് ആണ് സംഗീതം നല്‍കിയത്. കോട്ടയം എന്ന എന്റെ ജന്മനാടിനോടുള്ള എന്റെ പ്രചോദനവും പ്രണയവുമാണ് ഈ ആല്‍ബമെന്ന് നിര്‍മ്മാതാവ് സഞ്ജയ് പറഞ്ഞു. എന്റെ കുട്ടിക്കാല ഓര്‍മ്മകളും, നാടും നാട്ടിടവഴിയും, ആചാരങ്ങളും, ആഘോഷങ്ങളും സന്നിവേശിപ്പിച്ചാണ് ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ആഘ്രഹത്തിനൊപ്പം ഒരു കൂട്ടം സുഹൃത്തുക്കളും അണിചേര്‍ന്നപ്പോള്‍ കെ.എല്‍ 5; ദി കോട്ടയം ഡയറീസ് പിറന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയത്തിന്റെ പ്രകൃതിഭംഗി ഒപ്പിയെടുത്ത ഈ ഗാനം കോട്ടയം ജില്ല രൂപീകൃതമായ ജൂലായ് ഒന്നിന് സഞ്ജയ് ചമ്പക്കര പ്രൊഡക്ഷന്‍സ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയിരുന്നു. കോട്ടയത്തിന്റെ പൗരാണികതയും, പാരമ്പര്യ തനിമയും, ഗ്രാമീണ ഭംഗിയും വിളിച്ചോതുന്ന വരികളാണ് കെ എല്‍ 5, ദി കോട്ടയം ഡയറീസിലൂടെ ഒരുക്കിയിരിക്കുന്നത്. ഡിഐ, എഡിറ്റിംഗ് - റെക്സണ്‍ ജോസഫ്, കാമറ അസിസ്റ്റന്റ്- മിഥുന്‍ മോഹന്‍, ബേസില്‍ ബിജു, പോസ്റ്റര്‍-ആസ്ട്ര.
Content Highlights: kl5 the kottayam diaries euphony album
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·