'കെട്ടിടത്തിലേക്ക് ചാടിക്കയറും, കാരവാനിലേക്ക് ഓടും; സെറ്റിൽ ഷൈനിന്റേത് അസ്വാഭാവിക പെരുമാറ്റം'

9 months ago 8

Subash Ponoly  Shina Tom Chacko

സുഭാഷ് പോണോളി, ഷൈൻ ടോം ചാക്കോ | Photo: Screen grab/ Mathrubhumi News, Amaldev PD/ Mathrubhumi

സെറ്റില്‍ ഷൈന്‍ ടോം ചാക്കോയില്‍നിന്ന് അസാധാരണ പെരുമാറ്റമുണ്ടായിട്ടുണ്ടെന്ന് 'സൂത്രവാക്യം' സിനിമയിലെ സഹനടനായ സുഭാഷ് പോണോളി. ലഹരി ഉപയോഗിച്ചതിന് സമാനമായ പെരുമാറ്റമായിരുന്നു ഷൈന്‍ ടോം ചാക്കോയുടേതെന്ന് സുഭാഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞാല്‍ കാരവാനിലേക്ക് ഓടിക്കയറുക, കെട്ടിടത്തിന് മുകളിലേക്ക് ചാടിക്കയറുക, താഴേക്ക് ചാടുക തുടങ്ങി അസാധാരണ പെരുമാറ്റങ്ങളാണ് ഉണ്ടായതെന്നും സുഭാഷ് പറഞ്ഞു.

'ഷൂട്ടിങ് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് ഷൈന്‍ എത്തിയത്. അന്നുമുതല്‍ അസ്വാഭാവികമായ രീതിയില്‍ ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികള്‍ ചെയ്യുന്നതുപോലെയുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. ഓടുക, ചാടുക, ചാടിക്കയറുക, കെട്ടിടത്തിന് മുകളിലേക്ക് ചാടുക, അവിടുന്ന് താഴേക്ക് ചാടുക... സാധാരണ നടന്മാര്‍ അഭിനയിക്കുന്നതും അവര്‍ വന്നിരിക്കുന്നതും കാണുന്നുണ്ടല്ലോ? അവരൊക്കെ വന്ന് കസേരയില്‍ ഇരിക്കുന്നു. സീന്‍ പറയുന്നു. പോയി അഭിനയിക്കുന്നു. ഇങ്ങേര് ഷൂട്ടിങ് കഴിയുമ്പോഴേക്കും 100 മീറ്റര്‍ അപ്പുറത്ത് കിടക്കുന്ന കാരവാനിലേക്ക്, സാധാരണ നടന്നുപോകുന്നതിന് പകരം ഒരൊറ്റ ഓട്ടം ഓടും. അയാളുടെ കൂടെയുള്ള ഗണ്‍മാനും സെക്യൂരിറ്റി ആയി വന്നവരൊക്കെ പിന്നാലെ ഓടും', എന്നായിരുന്നു സുഭാഷ് പോണോളിയുടെ വാക്കുകള്‍.

സ്ഥിരമായി സെറ്റില്‍ ഇതായിരുന്നു നടന്നുകൊണ്ടിരുന്നത്. സാധാരണ മനുഷ്യന്മാരൊക്കെ ഇത് അസ്വാഭാവികമായാണ് വിലയിരുത്തിയത്. വിന്‍ സി കുറച്ചുദിവസമേ ഷൂട്ടിന് ഉണ്ടായിരുന്നുള്ളൂ. ആ സമയങ്ങളിലാണ് ഇങ്ങനെയൊരു സംഭവമുണ്ടായതായി ടെക്‌നീഷ്യന്മാരൊക്കെ പറഞ്ഞു കേട്ടത്. 'കുട്ടിയുടെ അടുത്ത് മോശമായി എന്തോ പറഞ്ഞു. ആഭ്യന്തരപരാതി പരിഹാര സമിതിയില്‍ പരാതി കൊടുത്തു. സംവിധായകന്‍ അടക്കം സിനിമയിലുള്ളവര്‍ തന്നെ അക്കാര്യങ്ങള്‍ സംസാരിച്ചു. അതിന് ശേഷമാണ് കുട്ടി ഷൂട്ടിങ്ങിന് തയ്യാറായത് എന്നൊക്കെയാണ് അവിടെ പറഞ്ഞുകേട്ടിട്ടുള്ളത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിന്‍ സി വെളിപ്പെടുത്തിയ സംഭവത്തിന് ശേഷം നടി വളരെ മൂഡ് ഓഫായാണ് കാണപ്പെട്ടതെന്നും സുഭാഷ് പറഞ്ഞു.

ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിന്‍ സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍. വിന്‍ സിക്ക് പിന്തുണയുമായെത്തിയ സിനിമാ സംഘടനകള്‍ നടിയോട് രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഫിലിം ചേംബറിന് നല്‍കിയ പരാതിയില്‍ 'സൂത്രവാക്യം' എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറി എന്ന് വ്യക്തമാക്കിയിരുന്നു. താരസംഘടനയായ 'അമ്മ'യ്ക്കും നടി പരാതി നല്‍കി.

ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറിയെന്നായിരുന്നു വിന്‍ സിയുടെ വെളിപ്പെടുത്തല്‍. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമചെയ്യില്ലെന്ന് വിന്‍സിയുടെ പ്രസ്താവനയുണ്ടായിരുന്നു. വിശദീകരണമെന്നനിലയിലാണ് പുതിയ വെളിപ്പെടുത്തല്‍.

'ലൊക്കേഷനില്‍വെച്ച് എന്റെ വസ്ത്രത്തിന്റെ ഷോള്‍ഡറിന് ചെറിയൊരു പ്രശ്‌നംവന്നപ്പോള്‍ അടുത്തുവന്നിട്ട് 'ഞാന്‍ നോക്കട്ടെ, ഞാനിത് ശരിയാക്കിത്തരാം' എന്നൊക്കെ നടന്‍ പറഞ്ഞു. മറ്റൊരവസരത്തില്‍ ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ വായില്‍നിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്കുതുപ്പുന്നതു കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സെറ്റില്‍ത്തന്നെ അത് ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് വ്യക്തമായിരുന്നു'- വിന്‍ സി പറഞ്ഞു.

Content Highlights: Co-actor reveals Shine Tom Chacko unusual,behavior connected the sets of Soothravakyam

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article