13 September 2025, 06:42 PM IST

റിനി ആൻ ജോർജ്| Photo: https://www.instagram.com/rinianngeorge/
കൊച്ചി: തനിക്കെതിരായ സൈബർ ആക്രമണങ്ങളിൽ സൈബർ പോലീസിനും മുഖ്യമന്ത്രിക്കും പരാതി സമർപ്പിച്ച് നടി റിനി ആന്‍ ജോര്‍ജ്. കൊള്ളുന്നവർക്ക് പൊള്ളുന്നുണ്ടെന്ന് മനസ്സിലായി. സുഹൃത്തുക്കളുടെ സ്വകാര്യതയെ പോലും ഇത്തരം ആക്രമണങ്ങൾ ബാധിച്ചതിനാലാണ് നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
'സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ വന്നു തുടങ്ങിയപ്പോൾ മുതൽ ഈ സമയം വരെ നിരന്തരമായ സൈബർ ആക്രമണമാണ് എനിക്കെതിരേ ഉണ്ടായിരുന്നത്. കൊള്ളുന്നവർക്ക് പൊള്ളുന്നുണ്ട് എന്നുള്ളതിനാലാണ് ഇതുണ്ടാകുന്നത്. ഇതിനെതിരേ നടപടി സ്വീകരിക്കണമെന്ന് കുടുംബവും സുഹൃത്തുകളും പറഞ്ഞതിനാലാണ് പരാതി സമർപ്പിച്ചത്. ഇത്തരത്തിൽ വേദനകൾ പുറത്തുപറയുന്ന ഇരകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമം അവർക്ക് മൊഴി കൊടുക്കാനോ പരാതി നൽകാനോ ഭയംവരുത്തുന്ന സാഹചര്യമുണ്ട്. അതിനാലാണ് മുൻകൈ എടുത്ത് നടപടി സ്വീകരിച്ചത്.
കൃത്യമായ പേരും ലിങ്കും വച്ചിട്ടാണ് പരാതി നൽകിയിരിക്കുന്നത്. രൂക്ഷമായ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. തന്റെ മറ്റ് പുരുഷ സുഹത്തുക്കളെകൂടി ഇതിലേക്ക് വലിച്ചിഴച്ചു. പെയ്ഡ് രീതിയിലാണ് സൈബർ അറ്റാക്കുണ്ടാകുന്നത്. അതിനായി ചരടുവലിക്കുന്ന ചില ശക്തികളെക്കൂടി നിയമത്തിനു മുന്നിലേക്ക് കൊണ്ടുവരണം. അവർക്കെതിരായ നടപടികൾ സ്വീകരിക്കണം.
സുഹൃത്തുക്കളായിട്ടുള്ള പ്രശസ്തരായ പല പുരുഷന്മാരുമുണ്ട്. ചലച്ചിത്രമേഖലയിലുള്ളവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച്, അവരുടെ സ്വകാര്യതയെ പോലും ബാധിക്കുന്ന തരത്തിലായിരുന്നു ആക്രമണം. അതിനാലാണ് പെട്ടെന്ന് നടപടിയെടുക്കണമെന്ന് തോന്നിയത്. ഒന്നും അറിയാത്തവരേയും ഇതിലേക്ക് വലിച്ചിഴക്കുന്നു', റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി.
Content Highlights: Actress Rini Ann George Files Cyber Harassment Complaint with Kerala Police





English (US) ·