കേന്ദ്രമന്ത്രി അഭിനയിച്ച സിനിമയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ എന്തായിരിക്കും?- സജി ചെറിയാന്‍

6 months ago 6

saji cherian suresh gopi

സുരേഷ് ഗോപി, സജി ചെറിയാൻ | Photo: Special Arrangement, Mathrubhumi

സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. അതിനോട് ഒരുകാരണവശാലും യോജിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ പൂര്‍ണ്ണമായും സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരോടൊപ്പമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

'ഒരുപേരിട്ടതിന്റെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കുന്നില്ല എന്ന് പറയുന്നത് ആവിഷ്‌കാരസ്വാതന്ത്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. ഒരുകാരണവശാലും യോജിക്കാന്‍ കഴിയില്ല. കേന്ദ്രത്തിലെ മന്ത്രി, ബിജെപി നേതാവ് അഭിനയിച്ച സിനിമ, അദ്ദേഹത്തിന്റെ അവസ്ഥ ഇതാണെങ്കില്‍, സാധാരണ ആളുകളുടെ അവസ്ഥ എന്തായിരിക്കും?', സജി ചെറിയാന്‍ ചോദിച്ചു.

'പൃഥ്വിരാജ് സംവിധാനംചെയ്ത സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നം വന്നപ്പോഴും ഇതുതന്നെയല്ലേ സമീപനം. ആ സിനിമയുടെ എല്ലാഭാഗവും വെട്ടിമാറ്റി. ഭീഷണിപ്പെടുത്തി, സാമ്പത്തിക കുറ്റം ആരോപിച്ച് വീടുകള്‍ റെയ്ഡ് ചെയ്തു. ആ സിനിമയെ മോശപ്പെടുത്താനുള്ള ശ്രമം നടത്തി. പക്ഷേ, കേരളത്തിലെ ജനങ്ങള്‍ അത് ഏറ്റെടുക്കുകയാണ് ചെയ്തത്', അദ്ദേഹം അഭിപ്രായപ്പെട്ടു.

'നമ്മുടെ നാട്ടില്‍ ഇത്തരത്തിലുള്ള സിനിമയും സാഹിത്യവും സംഗീതവും ഭക്ഷണവുമടക്കം, മനുഷ്യന് ആവശ്യമുള്ളതെല്ലാം ഉപയോഗിക്കാനുള്ള ജനാധിപത്യപരമായ അവകാശം ഭരണഘടന നല്‍കുന്നുണ്ട്. അതിന്മേലുള്ള കടന്നുകയറ്റമാണ്. ഒരുകാരണവശാലും അനുവദിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ എല്ലാപിന്തുണയും നല്‍കും. സര്‍ക്കാര്‍ പൂര്‍ണ്ണമായും സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരോട് ഒപ്പമാണ്. സ്വതന്ത്രമായ രീതിയില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ള സമീപനമാണ് സ്വീകരിക്കുന്നത്', സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Saji Cherian condemns the censor board`s determination to contradict JSK release

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article