
ഡീൻ കുര്യാക്കോസ് എംപി, UKOK സിനിമയുടെ പോസ്റ്റർ | ഫോട്ടോ: മാതൃഭൂമി, Facebook
രഞ്ജിത് സജീവ്, ജോണി ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ വൈഗ സംവിധാനംചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK) എന്ന ചിത്രത്തെ അഭിനന്ദിച്ച് ഡീൻ കുര്യാക്കോസ് എംപി. നമ്മൾ പരസ്പരം അടക്കം പറഞ്ഞിരുന്ന കാര്യം പൊതുമണ്ഡലത്തിൽ സജീവ ചർച്ചയാക്കിയ സിനിമയാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ ഭാവിയെ സംബന്ധിച്ച ആശങ്ക ചിത്രത്തിന്റെ അണിയറപ്രവർത്തകർ മനോഹരമായി അവതരിപ്പിച്ചു. ഈ പ്രശ്നങ്ങളിൽ അടിയന്തര നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡീൻ കുര്യാക്കോസിന്റെ വാക്കുകൾ ഇങ്ങനെ:
യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ടു. അധികം വൈകാതെ കേരളം ഒരു വൃദ്ധസദനം ആകും എന്ന് നമ്മൾ 'പരസ്പരം അടക്കം പറഞ്ഞിരുന്ന കാര്യം പൊതുമണ്ഡലത്തിൽ സജീവ ചർച്ചയാക്കിയ സിനിമ. ഇതിനോടകം കഴിഞ്ഞ 10 വർഷത്തിനകം 46 ലക്ഷം ചെറുപ്പക്കാർ വിദേശ രാജ്യങ്ങളിൽ എത്തി എന്നത് എത്രയോ ഭീകരമാണ്.
"നിങ്ങൾ പോകുന്നിടത്ത് 50 വയസിൽ കുറഞ്ഞ എത്ര പേർ ഉണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് " സിനിമയിലെ നായക കഥാപാത്രം മുഖ്യമന്ത്രിയോട് ചോദിക്കുന്നുണ്ട്. ഭരണാധികാരിളോടും, രാഷ്ട്രീയ പാർട്ടി നേതൃത്വത്തോടുമുള്ള ചോദ്യമാണത്. വർത്തമാന കാലഘട്ടത്തിൽ രാഷ്ട്രീയ പാർട്ടി നേതൃത്വം ഇരുത്തി ചിന്തിക്കേണ്ട ഒരു പിടി വിഷയങ്ങൾ ഇക്കാര്യത്തിലുണ്ട്.
സിനിമ ചർച്ച ചെയ്യുന്ന 3 പ്രധാന കാര്യങ്ങൾ
1. കേരളത്തിൽ തൊഴിൽ സാധ്യതകൾ ഇല്ലാത്തതിനാൽ വിദേശ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ ക്രമാതീതമായ ഒഴുക്ക്.
2. ഇങ്ങനെ വിദേശ രാജ്യങ്ങളിൽ എത്തിയവർ അനുഭവിക്കുന്ന സമാനതകൾ ഇല്ലാത്ത പീഡനം.
3. കേരളത്തിൽ ഉള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ തുനിഞ്ഞിറങ്ങുന്ന, ചെറുപ്പക്കാരുടെ ആത്മവിശ്വാസം തകർത്ത് ഇല്ലാതെയാക്കുന്ന കേരളത്തിൻ്റെ വെറുപ്പിക്കുന്ന പശ്ചാത്തലം.
ഈ മൂന്നു കാര്യത്തിലും അടിയന്തിരമായ പരിഹാരം ആവശ്യമാണ്. കേരളമൊന്നാകെ ഒരുമിച്ച് നിന്നുകൊണ്ട് ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കേണ്ടതാണ്. ഞാനടക്കമുള്ള ജനപ്രതിനിധികളും, രാഷ്ട്രീയ നേതൃത്വവും തീർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണ്ടതാണ് എന്ന ഉത്തമ ബോധ്യത്തിൽ തന്നെ കേരളത്തിൻ്റെ ഭാവിയെ സംബന്ധിച്ച ആശങ്ക മനോഹരമായ നിലയിൽ അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് ഒരായിരം ആശംസകൾ നേരുന്നു. സംവിധായകൻ അരുൺ വൈഗ, മുഖ്യ കഥാപാത്രം അവതരിപ്പിച്ച ജോണി ആൻ്റണി, നിർമ്മാതാവ് അലക്സ് മാത്യു എന്നിവരെ നേരിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. തീർച്ചയായും വിജയിക്കേണ്ട ഈ സിനിമക്ക് എല്ലാ ആശംസകളും നേരുന്നു.
Content Highlights: MP Dean Kuriakose Lauds "United Kingdom of Kerala," Highlights Youth Exodus Crisis
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·