കൈകളിൽ ഫംഗസ് ബാധ, സൂര്യപ്രകാശം കണ്ടിട്ട് നാളുകളായി; കുറച്ചുവിഷം തരൂവെന്ന് കോടതിയോട് ദര്‍ശന്‍

4 months ago 4

10 September 2025, 07:32 AM IST

pavitra gowda darshan

പവിത്ര ഗൗഡ, ദർശൻ | Photo: PTI

ബെംഗളൂരു: കോടതിയിൽ പൊട്ടിക്കരഞ്ഞ് രേണുകാസ്വാമി കൊലക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ. ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു. വേറെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ബെംഗളൂരുവിലെ സിറ്റി സിവിൽ കോടതി പരിഗണിക്കുമ്പോഴായിരുന്നു നാടകീയരംഗങ്ങൾ അരങ്ങേറിയത്. എന്നാൽ, ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജയിൽ മാറ്റണമെന്ന ആവശ്യവും കോടതി തള്ളി.

പരപ്പന അഗ്രഹാര ജയിലിൽനിന്ന് ബല്ലാരി ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ദർശൻ ഹർജി സമർപ്പിച്ചത്. പരപ്പന അഗ്രഹാര ജയിലിൽ വളരെ മോശപ്പെട്ടനിലയിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും സൂര്യപ്രകാശം കണ്ടിട്ടു നാളുകളായെന്നും കരഞ്ഞുകൊണ്ടു പറഞ്ഞ ദർശൻ കൈകളിൽ ഫംഗസ് ബാധയുണ്ടായെന്നും ചൂണ്ടിക്കാട്ടി. ജയിലിൽ രണ്ട് കിടക്കവിരികളും രണ്ട് തലയണകളും നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇത് അനുവദിക്കാൻ നിർദേശിച്ച കോടതി, ജയിലെ പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള സൗകര്യങ്ങൾമാത്രമേ പാടുള്ളൂവെന്നും വ്യക്തമാക്കി.

നിലവിൽ ജയിൽമാറ്റേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു. നടിയും ദർശന്റെ സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചതിനെത്തുടർന്നാണ് രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിൽ പവിത്ര ഗൗഡ ഒന്നാം പ്രതിയും ദർശൻ രണ്ടാം പ്രതിയുമാണ്.

Content Highlights: Give maine poison, haven’t seen sunlight: Actor Darshan to court

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article