
'എമ്പുരാനി'ൽ മോഹൻലാൽ | ഫോട്ടോ: Facebook
മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനംചെയ്ത എമ്പുരാൻ തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രം തിയേറ്ററുകളിൽ പുതിയ റെക്കോർഡുകൾ തീർത്ത് മുന്നേറുമ്പോൾ ചിത്രത്തിലെ ഒരു വമ്പൻ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. സിനിമയിലെ നിർണായക രംഗത്തുവരുന്ന ഒരു ഗാനത്തിന്റെ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
എമ്പുരാനിൽ പ്രേക്ഷകരെ ഒന്നടങ്കം ത്രസിപ്പിച്ച ഫോറസ്റ്റ് ഫൈറ്റ് സീനിന് പശ്ചാത്തലമായി വരുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ആദ്യഭാഗമായ ലൂസിഫറിലെയും രണ്ടാം ഭാഗമായ എമ്പുരാനിലേയും വരാനിരിക്കുന്ന എൽ-3യിലേയും ഭാഗങ്ങൾ കോർത്തിണക്കിയാണ് ഗാനം എത്തിയിരിക്കുന്നത്. ലൂസിഫറിലേയും എമ്പുരാനിലേയും പ്രധാന കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും ഗാനത്തിനിടയ്ക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ദീപക് ദേവ് ഈണമിട്ട ഗാനം ജെയ്ക്സ് ബിജോയിയും ആനന്ദ് ശ്രീരാജും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ജെഫ് ജെ. പാണിക്കുളം ആണ് മലയാളം വരികൾ എഴുതിയിരിക്കുന്നത്. ലോഗൻ തമിഴ് വരികളും രചിച്ചിരിക്കുന്നു. റൈക്കോയുടേതാണ് റാപ്പ് വരികൾ.
ആഗോള കളക്ഷനിൽ 100 കോടി തീയേറ്റർ ഷെയർ നേടുന്ന ആദ്യമലയാള ചിത്രമായി എമ്പുരാൻ മാറിയിരുന്നു. 250 കോടി ആഗോള കളക്ഷനിലൂടെ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റടിക്കുകയും ചെയ്തിരുന്നു. കേരളത്തിൽനിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കളക്ഷൻ സ്വന്തമാക്കുന്ന മൂന്നാമത്തെ മലയാള ചിത്രമായും എമ്പുരാൻ മാറിയിരുന്നു.
ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.
മോഹൻലാലിന് പുറമേ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിൻ, ബൈജു, സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്‌സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേൽ നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.
Content Highlights: Empuraan`s Forest Fight Song Released





English (US) ·