കൊതിച്ചത് ആര്‍മി ഓഫീസറാകാന്‍... ഐശ്വര്യ എത്തിയത് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍

6 months ago 6

Aiswarya Raj

Photo: instagram.com/_aiswaryaa_a, aravindpr_clicks

കോളേജില്‍ പഠിക്കുമ്പോള്‍ ഷൂട്ടിങ് മത്സരത്തില്‍ ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യയ്ക്ക് പട്ടാളത്തില്‍ ജോലി ചെയ്യാനായിരുന്നു ആഗ്രഹം. എന്നാല്‍, എത്തിച്ചേര്‍ന്നതാകട്ടെ സിനിമാ ഷൂട്ടിങ്ങിലേക്കും. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ അന്നാ ലൂയിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൊടുമണ്‍ സ്വദേശി ഐശ്വര്യ രാജിനിപ്പോള്‍ കൈനിറയെ അവസരങ്ങളാണ്...

വഴിത്തിരിവായത് ഡിഗ്രി കാലം

പന്തളം എന്‍എസ്എസ് കോളേജില്‍ പഠിക്കുമ്പോള്‍ എന്‍സിസിയില്‍ സജീവമായി. ഷൂട്ടിങ്ങില്‍ ദേശീയതല മത്സരങ്ങളില്‍ പങ്കെടുത്തു. അപ്പോഴൊക്കെ ഇന്ത്യന്‍ ആര്‍മിയില്‍ ചേരണമെന്നായിരുന്നു ആഗ്രഹം.

അതിനിടെ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി കോളേജ് നാടകത്തില്‍ ഒരുകൈ നോക്കി. ഗ്രീക്ക് പുരാണകഥയിലെ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' ആയിട്ടുള്ള അഭിനയം കൈയടി നേടി.

ഓഫീസറിലേക്കുള്ള വഴി തുറന്നത്

എറണാകുളം അമൃത കോളേജില്‍ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ പഠിക്കുമ്പോള്‍ കോളേജിലെ ഷോര്‍ട് ഫിലിമില്‍ അഭിനയിച്ചു. കേന്ദ്ര കഥാപാത്രത്തിന്റെ വേഷത്തില്‍. കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചതോടെ അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അങ്ങനെയിരിക്കെയാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയിലേക്ക് ഓഡിഷന്‍ നടക്കുന്ന വിവരമറിഞ്ഞത്. ഷാഹി കബീര്‍ തിരക്കഥ എഴുതി ജിത്തു അഷറഫ് സംവിധാനം ചെയ്ത സിനിമയില്‍ മൂന്ന് ഘട്ടങ്ങളിലായി ആയിരുന്നു ഓഡിഷന്‍. കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്.

തേടിയെത്തി അവസരങ്ങള്‍

2025-ലെ ഏറ്റവും ലാഭകരമായ രണ്ടാമത്തെ സിനിമയായി ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മാറിയതോടെ ഐശ്വര്യയും സിനിമയുടെ തിരക്കിലേക്ക്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ വില്ലന്‍ കഥാപാത്രത്തിന്റെ അഭിനയം കണ്ട് ഹാഫ് എന്ന സിനിമയിലേക്ക് വിളിയെത്തി. ഹാഫില്‍ കേന്ദ്രകഥാപാത്രത്തിന്റെ വേഷമാണ് ലഭിച്ചത്.

സംജാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംജാദും പ്രവീണ്‍ വിശ്വനാഥും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സിനിമകളില്‍നിന്നുള്ള വിളികളും ഐശ്വര്യയെ തേടി എത്തിയിട്ടുണ്ട്.

അടൂര്‍ കൊടുമണ്‍ കല്ലുവിളയില്‍ വീട്ടില്‍ രാജന്‍നായരുടെയും രമണിയുടെയും ഇളയ മകളാണ് ഐശ്വര്യ. ഐ.ടി. പ്രൊഫഷണലായ അശ്വതിരാജ് ആണ് സഹോദരി.

Content Highlights: Aishwarya Raj`s travel from NCC shooter to pb histrion successful Malayalam films,

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article