ക്യാമ്പസ് രാഷ്ട്രീയവും പ്രണയവും ചർച്ച ചെയ്ത് 'ഋ'; ഒടിടിയിൽ മികച്ച പ്രതികരണം

9 months ago 8

Iru Movie

'ഋ' സിനിമയുടെ പോസ്റ്ററുകൾ | ഫോട്ടോ: അറേഞ്ച്ഡ്

ഒടിടി പ്ലാറ്റ്ഫോമിൽ ചർച്ചയായി ക്യാമ്പസ് രാഷ്ട്രീയവും പ്രണയവും ചർച്ച ചെയ്യുന്ന 'ഋ' എന്ന കൊച്ചുചിത്രം. ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഷേക്സ്പിയറിൻറെ വിഖ്യാത നാടകം ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മഹാത്മാഗാന്ധി സർവകലാശാല കാമ്പസിലാണ് ചിത്രം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. സർവകലാശാല കാമ്പസിൽ നടക്കുന്ന മൂന്ന് പ്രണയങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരേ സമുദായത്തിൽപ്പെട്ടവരുടെ പ്രണയം, മുസ്‍ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയം, ദളിത് യുവാവും ഉയർന്ന സമുദായത്തിൽപ്പെട്ട യുവതിയുമായുള്ള പ്രണയവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഋ എന്ന ചിത്രത്തിന്റെ പ്രമേയം. വർണരാഷ്ട്രീയവും ജാതി രാഷ്ട്രീയവും സിനിമയിൽ ചർച്ചയാകുന്നുണ്ട്. പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ളതാണ് ചിത്രത്തിൻറെ ക്ലൈമാക്സ്. ഒഥല്ലോയോട് അങ്ങേയറ്റം നീതി പുലർത്തുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സും.

മലയാള അക്ഷരമാലയിലെ പാർശ്വവത്ക്കരിക്കപ്പെട്ട അക്ഷരമാണ് ഋ. ചിത്രത്തിലെ പ്രധാന കഥാപാത്രവും അരികുവത്ക്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നുള്ളയാളാണ്. അതുകൊണ്ട് തന്നെയാണ് ചിത്രത്തിന് 'ഋ' എന്ന പേരിടാനും കാരണമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

രഞ്ജി പണിക്കർ, രാജീവ് രാജൻ, നയന എൽസ, ഡെയിൻ ഡേവിസ്, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. വൈദികനായ ഫാ. വർഗീസ് ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലെറ്റ്‌ഴ്‌സ് അധ്യാപകനായ ഡോ. ജോസ് കെ. മാനുവലിൻറെതാണ് തിരക്കഥ. കാമ്പസിലെ പൂർവ വിദ്യാർഥിയും നടനും സംവിധായകനുമായ സിദ്ധാർഥ് ശിവയാണ് ഛായാഗ്രഹണം.

കോട്ടയം പ്രദീപ്, കൈനകരി തങ്കരാജ്, ഗിരിഷ് രാം കുമാർ, ജിയോ ബേബി, ടോം ഇമ്മട്ടി, നയന എൻസ, വിദ്യ വിജയകുമാർ, അഞ്‌ജലി നായർ, ശ്രീലത തമ്പുരാട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം-സൂരജ് എസ്.കുറുപ്പ്, ഗാനരചന-വിശാൻ ജോൺസൺ, ആലാപനം: വിനീത് ശ്രീനിവാസൻ, മഞ്ജരി, പി.എസ്. ബാനർജി. ഷേക്സ്പിയർ പിച്ചേഴ്സിൻറെ ബാനറിൽ ഗിരീഷ് രാം കുമാർ, ജോർജ് വർഗീസ്, മേരി റോയ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

മികച്ച തിരക്കഥയ്ക്കും നവാഗത സംവിധായകനുമുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, മികച്ച രണ്ടാമത്തെ സിനിമ, മികച്ച തിരക്കഥ, ഗാനാലാപനം എന്നിവയ്ക്കുള്ള ജെ.സി.ഡാനിയൽ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

Content Highlights: Watch `Iru`, a captivating Malayalam movie connected Amazon Prime

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article