'ക്രിസ്റ്റീന' വിളിച്ചിരുന്നു,കഞ്ചാവ് വേണോയെന്ന് ചോദിച്ച് കളിയാക്കിയതാണെന്നാണ് കരുതിയത്-ശ്രീനാഥ് ഭാസി

9 months ago 11

സ്വന്തം ലേഖിക

07 April 2025, 01:56 PM IST

sreenath bhasi thaslima

ശ്രീനാഥ് ഭാസി, തസ്‌ലിമ സുൽത്താന | Photo: Muhammed Shaheer CH/ Mathrubhumi, Special Arrangement

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമാ സുല്‍ത്താന തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ ആരില്‍ നിന്നും കഞ്ചാവ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും നടന്‍ ശ്രീനാഥ് ഭാസി. ക്രിസ്റ്റീന എന്ന പേരിലാണ് തന്നെ വിളിച്ചത്‌. എന്നാല്‍ തനിക്ക് ഇവരുമായി യാതൊരുബന്ധവും ഇല്ലെന്നും ശ്രീനാഥ് ഭാസി പറയുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ഭയന്ന് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് നടന്‍ ഇക്കാര്യങ്ങള്‍ വാദിച്ചത്.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയായ തസ്ലിമാ സുല്‍ത്താന തന്നെ വിളിച്ചിരുന്നു. ക്രിസ്റ്റീന എന്ന പേരില്‍ ആരാധികയാണെന്ന് പറഞ്ഞാണ് വിളിച്ചത്. എന്നാല്‍ സംഭാഷണത്തിനിടയില്‍ കഞ്ചാവ് വേണോയെന്ന് ചോദിച്ചു. കളിയാക്കുന്നതാണെന്ന് കരുതി കോള്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

പ്രതിക്ക് ചാറ്റ് വഴി യാതൊരു മറുപടിയും നല്‍കിയിട്ടില്ല. താന്‍ അറിയപ്പെടുന്നൊരു സിനിമ നടനാണ്. അതുകൊണ്ട് തന്നെ ആരില്‍ നിന്നും കഞ്ചാവ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നു.

രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് കണ്ണൂര്‍ സ്വദേശിനി തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന)യെയും ആലപ്പുഴ സ്വദേശി കെ. ഫിറോസിനെയും എക്സൈസ് പ്രത്യേകസംഘം അറസ്റ്റുചെയ്തത്. സിനിമ, ടൂറിസം മേഖലയിലുള്ളവര്‍ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളുടെ പേര് തസ്ലിമ വെളിപ്പെടുത്തിരുന്നു.

കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം മാത്രമേ നടന്മാരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കൂവെന്ന് എക്‌സൈസ് സംഘം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്‌തേക്കുമെന്ന് ഭയന്ന് ശ്രീനാഥ്ഭാസി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച തന്നെ പരിഗണിക്കും. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമാ സുല്‍ത്താനയേയും സഹായി കെ. ഫിറോസിനേയും റിമാന്‍ഡുചെയ്തിരുന്നു.

Content Highlights: Details of Sreenath Bhasi anticipatory bail application

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article