'ക്വീന്‍ ഓഫ് ദ നൈറ്റ്...'; വേഫെറര്‍ ഫിലിംസ് ചിത്രം 'ലോക'യിലെ പുത്തന്‍ഗാനം പുറത്ത്

4 months ago 4

17 September 2025, 09:47 PM IST

Lokah

ലോക എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, അറേഞ്ച്ഡ്

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യിലെ സൂപ്പര്‍ഹിറ്റായ 'ക്വീന്‍ ഓഫ് ദ നൈറ്റ്' എന്ന ഗാനം പുറത്ത്. ഗാനത്തിന്റെ വീഡിയോ ഉള്‍പ്പെടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ജേക്സ് ബിജോയ് ഈണം നല്‍കിയ ഗാനം രചിച്ച് ആലപിച്ചത് സേബ ടോമി ആണ്. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ചന്ദ്ര എന്ന കേന്ദ്രകഥാപാത്രത്തെയാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ സൂപ്പര്‍ ഹിറ്റായ ഒറിജിനല്‍ സൗണ്ട് ട്രാക്ക് പുറത്ത് വിട്ടിരുന്നു. ജേക്സ് ബിജോയ് ഈണം നല്‍കി ബി.കെ ഹരിനാരായണന്‍ വരികള്‍ രചിച്ച ചിത്രത്തിന്റെ ഒറിജിനല്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ആണ് റിലീസ് ചെയ്തത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ഡൊമിനിക് അരുണ്‍ ആണ്.

കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച 'ലോക' പാന്‍ ഇന്ത്യന്‍ വിജയമാണ് നേടുന്നത്. 250 കോടി ആഗോള കളക്ഷന്‍ പിന്നിട്ട് കുതിപ്പ് തുടരുകയാണ് 'ലോക'. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ഗംഭീര ബുക്കിങ്ങും ബോക്‌സ് ഓഫീസ് കളക്ഷനും നേടി മുന്നേറുകയാണ്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്.

ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിലെ ദുല്‍ഖര്‍, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിരയും പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ചിത്രം വമ്പന്‍ റിലീസായി എത്തിച്ചതും വേഫെറര്‍ ഫിലിംസ് ആണ്.

Content Highlights: Lokah Chapter 1 Song Release

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article