ഗാന്ധി: ഹന്‍സല്‍ മേത്തയുടെ ടെലിവിഷന്‍ പരമ്പരയുടെ ആഗോള പ്രദര്‍ശനോദ്ഘാടനം ടൊറോന്റോയില്‍ നടന്നു

4 months ago 4

tiff

സമീർ നായരും ആദം ബെർകോവിറ്റ്‌സും, സമീർ നായരും പ്രതീക് ഗാന്ധിയും എ.ആർ. റഹ്‌മാനും ഹൻസൽ മേത്തയും | Photo: TIFF, Suresh Nellikode

ഗാന്ധി ഒരിക്കലും വായിച്ചുതീരാത്ത ഒരു പുസ്തകം പോലെയാണ്. പ്രതിമകളായും, പ്രദര്‍ശനാലയങ്ങളിലെ ശേഷിപ്പുകളായും, ചിത്രങ്ങളായും, സര്‍വകലാശാലകളിലെ പഠനവിഷയങ്ങളായും എത്രയോ രാജ്യങ്ങളിലാണ് അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നത്. എത്രയോ പുസ്തകങ്ങളാണ് ഗാന്ധിയെ കണ്ടവരും, കാണാത്തവരും, പഠിച്ചവരുമായി എഴുതിത്തീര്‍ത്തിട്ടുള്ളത്. അങ്ങനെയുള്ള വിശേഷപ്പെട്ട പഠനങ്ങളില്‍ ചിലതാണ്, പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ ഗാന്ധിയെ കുറിച്ചുള്ള പുസ്തകങ്ങള്‍.

വിഖ്യാത സംവിധായകനായ ഹന്‍സല്‍ മേത്ത ഒരുക്കിയ ഏറ്റവും പുതിയ ടെലിവിഷന്‍ പരമ്പരയാണ് 'ഗാന്ധി'. ഇതിനോടകം പതിനേഴിലധികം ചിത്രങ്ങളും ഏതാനും ടെലിവിഷന്‍ പരമ്പരകളും അദ്ദേഹം സംവിധാനം ചെയ്തുകഴിഞ്ഞു. പരമ്പരയുടേ ആഗോളപ്രദര്‍ശനോദ്ഘാടനമാണ് സെപ്റ്റംബര്‍ ആറിന് ടൊറോന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ നടന്നത്. നിറഞ്ഞ സദസ്സില്‍ അവസാനിക്കാത്ത കൈയടികളുമായാണ് 'ഗാന്ധി'യെ, വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രേക്ഷകര്‍ സ്വീകരിച്ചത്.

അദ്ദേഹത്തിന്റെ Gandhi Before India, Gandhi: The Years That Changed the World എന്നീ രണ്ട് പുസ്തകങ്ങളെ ആധാരമാക്കി കരണ്‍ വ്യാസ്, യഷ്‌ന മല്‍ഹോത്ര, ഹേമ ഗോപിനാഥന്‍, ഫെലിക്‌സ് വോണ്‍ സ്റ്റം, സെഹജ് കൗര്‍ മൈനി, വൈഭവ് വിശാല്‍ എന്നീ ആറുപേരുള്‍പ്പെടുന്ന ടീമാണ് സീരീസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മൂന്നുപേര്‍ വീതമുള്ള രണ്ട് പ്രതിദിന ഷിഫ്റ്റുകളില്‍ തിരക്കഥാകൃത്തുകള്‍ രാപകലെന്യേ പണിയെടുത്തു നടത്തിയ നിരന്തരമായ ചൂടുചര്‍ച്ചകള്‍ക്ക് ശേഷമാണ് എട്ട് എപ്പിസോഡുകളുള്ള മൂന്ന് ഭാഗങ്ങളായി തിരക്കഥയ്ക്ക് അന്തിമരൂപം നല്‍കിയിയത്.

പരമ്പരയുടെ ആദ്യഭാഗം 1888 മുതല്‍ 1915 വരെയുള്ള ഗാന്ധിയുടെ ജീവിതമാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൗമാരക്കാരനും യുവാവുമായ 'മോഹന്‍' എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ പോര്‍ബന്തറിലെ ഗ്രാമജീവിതത്തില്‍ തുടങ്ങുന്ന ചിത്രം അക്കാലത്തെ നാട്ടുനടപ്പുകളായ അന്ധവിശ്വാസങ്ങളുടെയും പരമ്പരാഗത ഗ്രാമ്യജീവിതത്തിന്റേയും യഥാതഥമായ കാഴ്ചകളാണ് തരുന്നത്. കടല്‍ കടന്നു വിദേശത്തേയ്ക്കു പോയാല്‍ ജാതിഭ്രഷ്ട് ഉണ്ടാകുന്ന ഒരു കാലമായിരുന്നു, ഗാന്ധിയുടെ ചെറുപ്പകാലം. ഒരു നാട്ടിന്‍പുറത്തുകാരന്‍ അക്കാലത്ത് ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് നാട്ടില്‍ തിരിച്ചെത്തിയാല്‍ നേരിടേണ്ട ബുദ്ധിമുട്ടുകളൊക്കെ ഗാന്ധിക്കുമുണ്ടായി. ബാരിസ്റ്റര്‍ പരീക്ഷ പാസ്സായി ഗുജറാത്തിലേയ്ക്ക് തിരിച്ചെത്തിയാല്‍ ദിവാന്‍ ജോലി കിട്ടാന്‍ എളുപ്പമായിരിക്കും എന്നാണ് കുടുംബം ചിന്തിച്ചത്. ഇന്നത്തെ സംസ്ഥാനമുഖ്യമന്ത്രിക്കു സമാനമായ ഉദ്യോഗമായിരുന്നു അന്നത്തെ നാട്ടുരാജ്യങ്ങളുടെ ദിവാന്‍ സ്ഥാനം. അങ്ങനെ, നാട്ടുസഭ വിലക്കിയിട്ടും അമ്മയുടെ പിന്തുണയില്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ പഠനത്തിനായി പോയി. സമ്മതം കിട്ടാന്‍ അമ്മയുടെ മുമ്പില്‍ മൂന്ന് പ്രതിജ്ഞകള്‍ അദ്ദേഹത്തിന് എടുക്കേണ്ടതായി വന്നു. സസ്യേതരഭക്ഷണം കഴിക്കില്ല, മദ്യപാനം നടത്തില്ല, സ്ത്രീകളുമായി കൂട്ടുകെട്ടുകളുണ്ടാക്കില്ല എന്നിവയായിരുന്നു ആ മൂന്ന് പ്രതിജ്ഞകള്‍. തന്റെ ലണ്ടന്‍ പഠനകാലത്ത് ഇവയെല്ലാം കൃത്യമായി അദ്ദേഹം പാലിച്ചിരുന്നു.

ലണ്ടനില്‍നിന്ന് ബാരിസ്റ്റര്‍ പരീക്ഷ പാസ്സായി തിരിച്ചുവന്നെങ്കിലും 'ദിവാന്‍സ്വപ്‌നം' നടക്കാതെപോയതിന്റെ കാരണങ്ങള്‍ ചിത്രം പറയുന്നുണ്ട്. 1893-ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോയ മോഹന്‍ 21 വര്‍ഷം അവിടെ ചിലവഴിക്കുന്നുണ്ട്. അക്കാലത്ത് നേരിടേണ്ടി വന്ന വര്‍ണ്ണവിവേചന പീഡനങ്ങളുടെ കാഴ്ചകള്‍ ഞെട്ടിക്കുന്ന രീതിയിലാണ് പരമ്പരയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

പരമ്പര എട്ട് എപ്പിസോഡുകളുള്ള മൂന്നു ഭാഗങ്ങളായി ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുയാണ്. ലോകപ്രശസ്ത സംഗീതജ്ഞനായ എ.ആര്‍. റഹ്‌മാന്‍ ആണ് ഗാനങ്ങളും പശ്ചാത്തലസംഗീതവുമൊരുക്കിയിരിക്കുന്നത്. ഗാന്ധിയുടെ ജീവിതം പലപ്പോഴായി പലരും ചലച്ചിത്രരൂപത്തിലാക്കിയിട്ടുണ്ടെങ്കിലും 'മോഹന്‍' എന്നപേരില്‍ മാത്രം അറിയപ്പെട്ടിരുന്ന യുവഗാന്ധിയെ അഭ്രപാളികളില്‍ ആരും തന്നെ അത്ര പരിചിതമാക്കിയിരുന്നില്ല. അതിനാലാണ് പരമ്പരയുടെ സാമൂഹ്യപ്രസക്തി വര്‍ധിക്കുന്നത്.

നൂറോളം നാടകവേദികളില്‍ ഗാന്ധിയെ അവതരിപ്പിച്ചു തഴക്കം വന്ന, പ്രശസ്ത ചലച്ചിത്ര നടനായ പ്രതീക് ഗാന്ധി, പരമ്പരയില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ അനായാസമായി അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ യഥാര്‍ഥ ജീവിത പങ്കാളിയായ ഭാമിനി ഓസ ഗാന്ധി തന്നെയാണ് കസ്തൂര്‍ബയുടെ വേഷത്തില്‍ വരുന്നത്. ലണ്ടനിലെ വിദ്യാര്‍ഥിജീവിതത്തില്‍ ഗാന്ധിയുടെ വെജിറ്റേറിയന്‍ സുഹൃത്തായ ജൊസായ ഓള്‍ഡ്ഫീല്‍ഡ് ആയിട്ടാണ് ടോം ഫെല്‍ട്ടണ്‍ പരമ്പരയില്‍ പ്രത്യക്ഷപ്പെടുന്നത്. ടോം ഫെല്‍ട്ടണ്‍ എന്ന പേരിനേക്കാള്‍ പ്രേക്ഷകര്‍ അദ്ദേഹത്തെ വിളിക്കാന്‍ ആഗ്രഹിക്കുന്ന പേര് ഹാരി പോട്ടര്‍ സീരീസിലെ ഡ്രേക്കോ മാല്‍ഫോയ് എന്നാണ്. കൊച്ചുകുട്ടികള്‍ അദ്ദേഹത്തെ ടൊറോന്റോയിലെ തെരുവുകളില്‍ പോലും തിരിച്ചറിയുന്നത് ഡ്രാക്കോ ആയിട്ടാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകരില്‍ ഒരാളും പിന്നീട് പ്രസിഡന്റുമായ ദാദാഭായ് നവറോജിയായി ഇതില്‍ പ്രത്യക്ഷപ്പെടുന്നത് പ്രശസ്ത നടന്‍ കബീര്‍ ബേഡിയാണ്.

2019-ല്‍ പരമ്പരയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയ സമയത്ത് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തന്റെ പുസ്തകങ്ങള്‍ പരമ്പരയുടെ ചിത്രീകരണത്തിനായി ഉപയോഗിക്കുന്നതിനുള്ള അനുവാദം കൊടുത്തിരുന്നില്ല. ഒരു വര്‍ഷത്തോളമുള്ള നിരന്തരപരിശ്രമത്തിനൊടുവിലാണ് അദ്ദേഹം സമ്മതം മൂളിയത്. ആദിത്യ ബിര്‍ള ഗ്രൂപ്പിനു കീഴിലുള്ള അപ്ലോസ് എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടി സമീര്‍ നായരാണ് പരമ്പര നിര്‍മിക്കുന്നത്. അധികം വൈകാതെ ടെലിവിഷനിലെത്തുന്ന പരമ്പരയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് പ്രഥം മേത്തയാണ്. ചിത്രസംയോജനം നിര്‍വഹിച്ചിട്ടുള്ളത് അമിതേഷ് മുഖര്‍ജി. പ്രിയ ജാവര്‍, ആഡം ബെര്‍കോവിറ്റ്സ്, പ്രസൂന്‍ ഗാര്‍ഗ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

പരമ്പരയുടെ ആദ്യ രണ്ട് എപ്പിസോഡുകളാണ് ടൊറോന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ടെലിവിഷന്‍ സീരീസിന് ഈ ബഹുമതി ലഭിക്കുന്നത്.

Content Highlights: Gandhi Web Series presented astatine TIFF by Hansal Mehta

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article