
സത്യരാജ് പ്രതിഷേധ റാലിയിൽ സംസാരിക്കുന്നു | Photo: x
ഗാസയില്‍ നടക്കുന്ന കൂട്ടക്കൊല മനുഷ്യത്വലംഘനമാണെന്നും ഇത്തരം ആക്രമണങ്ങള്‍ നടത്തിയശേഷം സമാധാനമായി ഉറങ്ങാന്‍ കഴിയുന്നത് എങ്ങനെയാണെന്നും തമിഴ് നടന്‍ സത്യരാജ്. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യക്കെതിരെ പെരിയാര്‍ ഫോളോവേഴ്‌സ് ഫെഡറഷേന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു സത്യരാജ്.
'ഒരു മനുഷ്യത്വവുമില്ലാതെ എങ്ങനെയാണ് ഗാസയില്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ കഴിയുന്നത്? ഇത്തരം ആക്രമണങ്ങള്‍ നടത്തിയ ശേഷം അവര്‍ക്ക് എങ്ങനെ സമാധാനമായി ഉറങ്ങാന്‍ കഴിയും? മനുഷ്യന്‍ കുരങ്ങില്‍ നിന്നാണ് പരിണമിച്ചതെന്ന് പറയുന്നു, എന്നാല്‍ ആ പ്രക്രിയ പാതിവഴിയില്‍ നിലച്ചുപോയെന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് ഇത്തരം ക്രൂരമായ ചിന്തകള്‍ നിലനില്‍ക്കുന്നത്'-അദ്ദേഹം പ്രതികരിച്ചു.
ഗാസയ്ക്കുവേണ്ടി ലോകരാജ്യങ്ങള്‍ ഇടപെടണമെന്നും കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനമെടുക്കണമെന്നും സത്യരാജ് കൂട്ടിച്ചേര്‍ത്തു. തമിഴ് ഈഴ പോരാട്ടവുമായി താരതമ്യപ്പെടുത്തിയായിരുന്നു സത്യരാജിന്റെ പ്രസംഗം.
'വിമോചനത്തിനായി ജനങ്ങള്‍ പോരാടുമ്പോഴെല്ലാം വംശഹത്യ നടക്കുന്നു. പോരാടിയ നമ്മുടെ തമിഴ് ഈഴം സഹോദരങ്ങളെ ക്രൂരമായി കൊന്നൊടുക്കി. പോരാളികളെ മാത്രമല്ല, നിരപരാധികളായ സാധാരണക്കാരെയും. യുദ്ധത്തിന്റെ പേരില്‍, അമേരിക്കയുടെ പിന്തുണയോടെ, മുഴുവന്‍ സമൂഹങ്ങളെയും ആസൂത്രിതമായി നശിപ്പിക്കുകയാണ്.
ചെന്നൈയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്നതുകൊണ്ട് എന്ത് ഫലമെന്ന് ചിലര്‍ ചോദിച്ചേക്കാം. എന്നാല്‍ ഇന്നത്തെ സോഷ്യല്‍ മീഡിയയുടെ ലോകത്ത് ഈ സന്ദേശം ആഗോളതലത്തില്‍ പ്രചരിക്കും. ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കുക എന്നത് എന്നെപ്പോലുള്ള കലാകാരന്മാരുടെ കടമയാണ്. നമ്മുടെ പ്രശസ്തി മനുഷ്യത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയല്ലെങ്കില്‍, പ്രശസ്തരായ നടന്മാരായിരിക്കുന്നതില്‍ ഒരു പ്രയോജനവുമില്ല.'-സത്യരാജ് കൂട്ടിച്ചേര്‍ത്തു.
വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവും എംപിയുമായ തോല്‍ തിരുമാവലവന്‍, എംഎല്‍എ തനിയരശു, നടന്‍ പ്രകാശ് രാജ്, സംവിധായകന്‍ വെട്രിമാരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ റാലിയിലും പ്രതിഷേധ യോഗത്തിലും പങ്കെടുത്തു.
Content Highlights: satyaraj speaks astatine palastine solidarity rally
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·