ഗുരുവായൂര്‍ അമ്പലത്തില്‍ കിടന്നുറങ്ങി അതിരാവിലെ നിര്‍മാല്യംതൊഴുത് 'ഭക്തനായി' വയലാര്‍ എഴുതിയത് ഈ ഗാനം

9 months ago 9

സ്വര്‍ണവര്‍ണം വാരിത്തൂകി കണിക്കൊന്ന മിഴിതുറക്കുകയും പ്രകൃതിതന്നെ പലതരം പച്ചക്കറി വിഭവങ്ങള്‍ വിളയിച്ച് കണിയൊരുക്കുകയും ചെയ്യുന്ന വിഷുവിന് പാടാന്‍ മലയാളക്കരയ്ക്ക് ലഭിച്ച പാട്ടുകളില്‍ ഏറിയപങ്കും വെള്ളിത്തിരയില്‍ മുഴങ്ങിക്കേട്ടവയാണ്. ആ പാട്ടുകളാകട്ടെ യഥാര്‍ഥ വിഷുക്കണിയായി മാറുകയും ചെയ്തു. കണിക്കൊന്നയുടെ നൈര്‍മല്യവും എഴുതിരിയിട്ട് കത്തിച്ച നിലവിളക്കിന്റെ കനകദീപ്തിയും നിറഞ്ഞുനില്ക്കുന്ന അത്തരം പാട്ടുകള്‍ മലയാളത്തിന്റെ പുണ്യം എന്നുതന്നെ നാം വിശേഷിപ്പിക്കണം.

ഭക്തകവിയായ പൂന്താനം ഗുരുവായൂരില്‍ ഭജനം പാര്‍ത്തിരുന്നപ്പോള്‍ എഴുതിയതെന്ന് കരുതിപ്പോരുന്ന ഏതാനും വരികള്‍ 'ഓമനക്കുട്ടന്‍' എന്ന ചിത്രത്തിനുവേണ്ടി മോഹനം, ആനന്ദഭൈരവി, ആരഭി, ഹിന്ദോളം എന്നീ രാഗങ്ങള്‍ ഉള്‍പ്പെടുത്തി രാഗമാലികയായി സംഗീതസംവിധായകനായ ജി. ദേവരാജന്‍ ചിട്ടപ്പെടുത്തി പി. ലീലയും രേണുകയും ചേര്‍ന്ന് പാടി യപ്പോള്‍ അനശ്വരഗാനമായി മാറുകയാണുണ്ടായത്.

'കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ!

ഈശ്വരവിഗ്രഹം, പ്രത്യേകിച്ച് ശ്രീകൃഷ്ണവിഗ്രഹം വിഷുദിവസം കണികാണുന്നതിന്റെ പ്രാധാന്യം ഈ ഗാനം നമുക്ക് വ്യക്തമാക്കിത്തരുന്നു. കൃഷ്ണഗാഥ'യില്‍ ചെറുശ്ശേരി വര്‍ണിച്ച കണ്ണന്റെ ശീലക്കേടുകള്‍ പലതും ഭംഗ്യന്തരേണ ഗാനത്തില്‍ കൊണ്ടുവന്നിരിക്കുന്നു പൂന്താനം.

വിഷുവിന്റെ തലേന്നാള്‍ ഗുരുവായൂരമ്പലത്തില്‍ കിടന്നുറങ്ങി അതിരാവിലെ നിര്‍മാല്യം തൊഴുന്ന തികഞ്ഞ ഭക്തനായി മാറിക്കൊണ്ട് വയലാര്‍ രാമവര്‍മ എഴുതിയ ഗാനത്തിന് സംഗീതം പകരാനുള്ള ഭാഗ്യം സിദ്ധിച്ചതും ജി. ദേവരാജനുതന്നെ

'ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി,
ഗുരുവായൂരപ്പാ നിന്നെ കണി കാണേണം
(ചിത്രം: അടിമകള്‍)

ഒരു ചലച്ചിത്രത്തിനുവേണ്ടി സൃഷ്ടിച്ചതാണെന്ന് വ്യവച്ഛേദിക്കാനാകാത്തവിധം രചനയും സംഗീതവും പരസ്പരപൂരകങ്ങളായിത്തീര്‍ന്ന ഗാനമാണിത്. ഗുരുവായൂരപ്പന്റെ ഏതുതരം വിഗ്രഹമാണ് വിഷുദിനം കണികാണേണ്ടതെന്ന വ്യക്തമായ ഒരു ധാരണയുണ്ട് ഇതെഴുതിയ ആളിന്. അതിന്റെ സൂചനയോടെയാണ് അദ്ദേഹം ഗാനം സമാരംഭിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള വരികളില്‍ അക്കാര്യം അദ്ദേഹം കൂടുതല്‍ ഉറപ്പിക്കുന്നു.

''മയില്‍പ്പീലി ചൂടിക്കൊണ്ടും മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും കണി കാണേണം!
ഏതൊരു ഭക്തന്റെ (ഭക്തയുടെയും) അദമ്യമായ മോഹമാണ് വയലാര്‍ ഇവിടെ അനാവരണം ചെയ്തിരിക്കുന്നത്. ഭക്തിമാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ച് വിഷുവിനെ സമീപിച്ചപ്പോഴും വയലാറിന്റെ തൂലിക സാര്‍ഥകമായ വരികള്‍ സമ്മാനിച്ചു.

''എന്റെ കൈയില്‍ പൂത്തിരി നിന്റെ കൈയില്‍ പൂത്തിരി
എങ്ങും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി
പുലരിക്കു പൊന്‍പണം കൈനീട്ടം
ഈപുഞ്ചിരിക്കു പുഞ്ചിരി കൈനീട്ടം(ചിത്രം: സമ്മാനം)

തന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ല. അതിനുശേഷം സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ അനുവദിച്ചില്ല. രാവണനെ രാമന്‍ വധിച്ചതോടെയാണ് സൂര്യന് നേരെ ഉദിക്കാന്‍ സാധിച്ചത്. അസുരശക്തികളുടെ മേല്‍ വിജയം നേടിയതിന്റെ ആ ഓര്‍മയ്ക്കായിട്ടാണ് വിഷു ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം. വിഷുവിന് പൂത്തിരി കത്തിക്കുന്നത് സൂര്യന്‍ നേരെ ഉദിച്ചതിന്റെ പ്രതീകമായിട്ടാണ് എന്നാണ് വ്യാഖ്യാനം.

വിഷു ആഘോഷത്തിന് തലേന്നാള്‍ മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങും. അന്ന് വൈകിട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വര്‍ഷത്തെ വരവേല്‍ക്കുകയുമാണ് ഇതിന്റെ ഉദ്ദേശ്യം. അതോടെ പടക്കങ്ങള്‍ പൊട്ടിച്ചുതുടങ്ങുകയായി. പ്രകൃതിപോ ലും ഉത്സവലഹരിയിലാറാടാന്‍ തയ്യാറെടുക്കുന്നതിന്റെ ഹൃദ്യമായ ചിത്രം കാവ്യാത്മകമായി വരച്ചിട്ടു വയലാര്‍ രാമവര്‍മ

വിഷു സംക്രാന്തി വിളക്കുകള്‍
കൊളുത്താന്‍ ഉഷസ്സെഴുന്നേല്‍ക്കും നേരം-
പുത്തന്‍ ഉഷസ്സെഴുന്നേല്‍ക്കും നേരം
വരുകില്ലേ കോര്‍ത്തു തരുകില്ലേ പുതിയ രാഗമാല്യം?
(നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന ചിത്രത്തിലെ അമ്പലപ്പറമ്പിലെയാരാമത്തിലെ ചെമ്പരത്തിപ്പൂവേ...' എന്നുതുടങ്ങുന്ന ഗാനം)

ഗ്രഹം ഒരു രാശി വിട്ട് മറ്റൊരു രാശിയില്‍ പ്രവേശിക്കുന്ന സമയമാണ് സംക്രാന്തി. അങ്ങനെ പ്രവേശിക്കുന്ന പ്രക്രിയയ്ക്കാണ് സംക്രമം എന്ന് പറയുന്നത്. സംക്രാന്തികളില്‍ പ്രധാനമായത് വിഷുവാണ്. 'പതിറ്റുപ്പത്ത്' എന്ന കൃതിയില്‍ വിഷുസംക്രാന്തിയെക്കുറിച്ച് പരാമര്‍ശമുള്ളതിനാല്‍ സംഘകാലം മുതല്‍ ഇത് ആഘോഷിച്ചുപോരുന്നു എന്ന് കരുതാം. വയലാര്‍ ഈ ഗാനമെഴുതുമ്പോള്‍ കാലത്തിന്റെ മാറ്റം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു എന്ന് വക്ത്യം.

''സംക്രമവിഷുപ്പക്ഷി, സംവത്സരപ്പക്ഷി
പൊന്മണിച്ചുണ്ടിനാല്‍ കാലത്തിന്‍ ചുവരിലെ
പുഷ്പപഞ്ചാംഗങ്ങള്‍ മാറ്റി നീയെത്ര പുഷ്പപഞ്ചാംഗങ്ങള്‍ മാറ്റി
(ചിത്രം: ചുക്ക്)

ഇത്തരമൊരു ഭാവന വയലാറിനെപ്പോലെയൊരു കവിക്കേ സാധിക്കുകയുള്ളൂ. ജ്യോതിഷശാസ്ത്രത്തെ നിഷേധിക്കാതെതന്നെ കവിതയുടെ കാല്‍ച്ചിലമ്പൊലി കേള്‍പ്പിച്ചിരിക്കുന്നു അദ്ദേഹം.

പ്രണയവും വിഷുവുമായി എന്ത് ബന്ധം? ദൃഢമായ ബന്ധമുണ്ടെന്ന് സ്ഥാപിച്ചിരിക്കുന്നു വയലാര്‍.
'കളപ്പുരത്തളത്തില്‍ മേടപ്പുലരിയില്‍
കണികണ്ടു കണ്ണുതുറന്നപ്പോള്‍
വിളക്കുകൊളുത്തി നീയാദ്യമായ് നല്‍കിയ
വിഷുക്കൈനീട്ടങ്ങളോര്‍മയില്ലേ- പ്രേമത്തിന്‍
വിഷുക്കൈനീട്ടങ്ങളോര്‍മയില്ലേ (കൂട്ടുകുടുംബ'ത്തിലെ ''തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി...' എന്ന് ആരംഭിക്കുന്ന ഗാനം)

വിഷുവിനും വിഷുക്കൈനീട്ടത്തിനും എത്ര അനായാസമായിട്ടാണ് കവി ഇവിടെ പുതിയ അര്‍ഥതലം സമ്മാനിച്ചത്. കാമിനി പ്രണയപൂര്‍വം നല്‍കിയ വിഷുക്കൈനീട്ടങ്ങള്‍ ഒരു കാമുകനും മറക്കിനിടയില്ലതാനും. ചുംബനമോ പരിരംഭണമോ ഒക്കെയാണ് വിഷുക്കൈനീട്ടങ്ങളായി കവി ഇവിടെ വിവക്ഷിച്ചിട്ടുള്ളത്. പക്ഷേ, അത് നേരിട്ട് പറയാതെ ഗാനത്തിന് കൂടുതല്‍ കാവ്യപരിവേഷം നല്‍കുകയാണ് അദ്ദേഹം ചെയ്തത്. ചലച്ചിത്രഗാനങ്ങള്‍ക്ക് പുതിയ മുഖമുദ്ര സമ്മാനിച്ച പി. ഭാസ്‌കരനും അതുല്യമായ ഒരു വിഷുപ്പാട്ട് എഴുതിയിട്ടുണ്ട്.

'വാകച്ചാര്‍ത്ത് കഴിഞ്ഞൊരു ദേവന്‍ മോഹനമലര്‍മേനി കണികാണേണം
കണികാണണം കണ്ണാ കണികാണണം കമനീയ മുഖപദ്മം കണികാണണം
(ചിത്രം: ഇരുട്ടിന്റെ ആത്മാവ്.)

ഏത് കണികാണല്‍പ്പാട്ടിനും അടിസ്ഥാനം പൂന്താനത്തിന്റെ രചനയാണ്. പക്ഷേ, വയലാറാകട്ടെ, പി. ഭാസ്‌കരനാകട്ടെ രണ്ടുപേരും മൗലികമായ ശൈലിക്കുടമകളായതിനാല്‍ അവരുടെ ഗാനങ്ങളും വേറിട്ട് നില്‍ക്കുന്നു.

കേരളത്തിന്റെ തനതുത്സവങ്ങളില്‍ എന്നും ഊറ്റം കൊള്ളുന്ന കവിയാണ് ഒ.എന്‍. വി. കുറുപ്പ്. വിഷുവും കവിക്ക് ഏറെ പ്രിയപ്പെട്ട ആഘോഷമാണ്.

''പൂവിട്ടല്ലോ മലയുടെ നിറുകി-
ലരുമയൊടലരികള്‍ വിരിയേ, -അലരികള്‍ വിരിയേ,
പൂവിട്ടല്ലോ- പുഴയുടെ മടിയിലു-
മിളവെയിലിതളുകളുലയേ,
കണികാണാന്‍ വെള്ളോട്ടുരുളിയില്‍
പുതുകൊന്നപ്പൂവും പുടവേം ചെറുവെള്ളരി
വാല്‍ക്കണ്ണാടിം നറുവര്‍ണമയില്‍പ്പീലികളും
കണിയുടെ പുകിലുകളുണരുക!
വിഷു വരവായി!
പാടിയാടിവാ കിളിമകളേ!
പൂവിട്ടല്ലോ-പൂവിട്ടല്ലോ- പൂവിട്ടല്ലോ?(ചിത്രം: ഒരുമുത്തം മണിമുത്തം).

വിഷുപ്പുലരിയിലെ കണികാണലിന്റെ കമനീയചിത്രം തെളിയും വിധത്തില്‍ വരികളോരോന്നും ശ്രദ്ധാപൂര്‍വം സന്നിവേശിപ്പിച്ചിരിക്കുകയാണ് കവി.

''വിഷുക്കിളി
വിളിച്ചതെന്തിനെന്നെ
ജനലരികില്‍ വന്നു മധുമൊഴികള്‍ ചൊല്ലി
വിഷുക്കിളി വിളിച്ചതെന്തിനെന്നെ
ഉഷമലരി പൂത്തു
ഉണരുണരുകന്നോ? വിഷുക്കിളി! വിളിച്ചതെന്തിനെന്നെ?' എന്ന ചോദ്യം ഒളിയമ്പുകള്‍' എന്ന ചിത്രത്തിലൂടെ നാം കേട്ടതും ഇതേ കവിയില്‍ നിന്നാണ്. വിഷുക്കിളിയുമായി ചങ്ങാത്തം കൂടിയ കവിയെയാണ് നാം ഇവിടെ പരിചയപ്പെടുന്നത്.

ഇതേ വിഷുക്കിളിയെ മറ്റൊരവസരത്തിലും ഒ.എന്‍.വി. സംബോധന ചെയ്ത് പാടി.

'വിഷുക്കിളീ! കണിപ്പൂ കൊണ്ടുവാ
മലര്‍ക്കുടന്നയില്‍ തേനുണ്ണാന്‍ വാ
സിന്ദൂരവും തൃച്ചാന്തും ചാര്‍ത്തണ്ടേ
പൊന്‍നെറ്റിയില്‍ തിങ്കള്‍പ്പൂ ചൂടണ്ടേ
മന്ദാരങ്ങള്‍ തളിര്‍ക്കും താഴ്വാരം കാണണ്ടേ!
(ചിത്രം: ഇവന്‍ മേഘരൂപന്‍)

'നന്ദന'ത്തിനുവേണ്ടി ഗാനരചന നിര്‍വഹിച്ച ഗിരീഷ് പുത്തഞ്ചേരി പ്രകടിപ്പിച്ചതും ഗോപകുമാരനെ കണികാണാനുള്ള ആഗ്രഹമാണ്. ആര്‍ക്കും എത്ര കണ്ടാലും മതിവരാത്തതാണല്ലോ ആ കണി.

'മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി മഞ്ഞപ്പട്ടാംബരം ചാര്‍ത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം- നിന്റെ
ഗോരോചനക്കുറി കണികാണണം

കേരളത്തിലെ കാര്‍ഷിക സംസ്‌കാരവുമായി ബന്ധപ്പെട്ട ആഘോഷമാണ് വിഷു. ആ ദിവസത്തെ ആദ്യ കാഴ്ചയെ ആശ്രയിച്ചായിരിക്കും ആ വര്‍ഷത്തെ മുഴുവന്‍ ഐശ്വര്യവും ഉണ്ടാവുക എന്നാണ് വിശ്വാസം. അതുകൊണ്ടാണ് കണിക്കൊന്നപ്പൂവ്, ധാന്യം, ഫലം തുടങ്ങിയ പ്രകൃതിവിഭവങ്ങള്‍ ക്കൊപ്പം ഈശ്വര വിഗ്രഹവും അന്ന് കണികാണുന്നത്. പ്രകൃത്യുപാസകരായ കവികള്‍ ചിത്രഗീതികളിലൂടെ ഒരുക്കിയ കണിയാകട്ടെ ഒരു വര്‍ഷത്തേക്കല്ല വിഷുഫലം നല്‍കുന്നത്; ഒരു പുരുഷായുസ്സ് മുഴുവനുമാണ്.

(മാതൃഭൂമി വാരാന്തപ്പതിപ്പില്‍ 2013-ല്‍ ടി.പി. ശാസ്തമംഗലം എഴുതിയ ലേഖനത്തില്‍ നിന്ന്)

Content Highlights: Vishu songs successful Malayalam lit and cinema

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article