ഇമചിമ്മിയിരിക്കുമ്പോള്‍ ഉള്ളില്‍ത്തെളിയുന്ന ഒരു ഓര്‍മയാണ് ഇത്. പി. ജയചന്ദ്രന്‍ എന്ന പാട്ടുകാരനപ്പുറം ജയചന്ദ്രന്‍ എന്ന വ്യക്തിയിലേക്ക് നീളുന്നു ഇത്. മുഹമ്മദ് റഫിയുടെ പാട്ടുകളെ ഇഷ്ടപ്പെടുംപോലെത്തന്നെ നല്ല മൊരിഞ്ഞ ദോശയും കഴിക്കുന്ന ജയചന്ദ്രന്‍. സത്യനെയും ശിവാജി ഗണേശനെയും ഇഷ്ടപ്പെടുന്ന ജയചന്ദ്രന്‍. മറ്റൊരു മനുഷ്യന്‍; മറ്റുപലപല ഭാവങ്ങള്‍... ജയചന്ദ്രനില്ലാത്തൊരീഭൂവില്‍ അതൊക്കെ ഓര്‍ത്തുപോകുന്നു...
ഞാന്‍ ചോദിച്ചിട്ടുണ്ട്, ജയേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട 'ചിരി' ആരുടേതാണ്? ഉടന്‍ പറയും. കെ.വി. രാമനാഥന്‍ മാസ്റ്ററുടെ. ജയേട്ടനിലെ കലാകാരനെ കണ്ടെത്തിയ ആദ്യഗുരുവിന്റെ വാത്സല്യവും സ്‌നേഹം നിറഞ്ഞ ചിരി. മൃദംഗം വായിച്ച് കൈവേദനിക്കുന്നു എന്നുപറയുന്ന ജയന്‍കുട്ടന്റെ കൈ ഉഴിഞ്ഞുകൊടുക്കുന്ന സ്‌നേഹനിധിയായ രാമനാഥന്‍ മാസ്റ്റര്‍. ''ദേവരാജന്‍ മാസ്റ്റര്‍?'' -ഞാന്‍ വീണ്ടും ചോദിച്ചു.
''മാസ്റ്ററുടെ കാര്‍ക്കശ്യവും ഗൗരവവുമാര്‍ന്ന മുഖം ഓര്‍മയില്‍ വരുമ്പോള്‍ ഞാന്‍ എണീറ്റു നില്‍ക്കും. അത്രയ്ക്ക് ഭയഭക്തി ബഹുമാനം. ഇത്രയും ആത്മവിശ്വാസവും സത്യവുമുള്ള മറ്റൊരു മുഖമില്ല. എന്നെ പഠിപ്പിച്ചും ശാസിച്ചും അനുസരിപ്പിച്ചും വളര്‍ത്തിയ ഗുരുനാഥന്‍.''
ചാനലുകള്‍ക്ക് അഭിമുഖം കൊടുക്കാന്‍ മടിച്ചിരുന്ന ദേവരാജന്‍ മാസ്റ്റര്‍ ജയേട്ടനൊപ്പം ഒരു അഭിമുഖം തന്നതും ഞാന്‍ ഓര്‍ക്കുന്നു. ''ചന്ദന ഉരുളപോലെ ഒരു ഉണ്ണി'' എന്നാണ് രാമനാഥന്‍ മാസ്റ്റര്‍ ജയേട്ടനെ വിശേഷിപ്പിച്ചത്. 351 ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ ഒരുക്കിയ ജി. ദേവരാജന്‍ മാസ്റ്ററുടെ ഇഷ്ടഗാനവും ജയേട്ടന്‍ പാടിയ പാട്ടാണ്.
തൊട്ടേനെ ഞാന്‍ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനെ ഞാന്‍... എന്ന മാധുരിക്കൊപ്പം പാടിയ യുഗ്മഗാനം ദേവരാജന്‍ മാസ്റ്ററെ തോളിലേറ്റിയാണ് നടക്കുന്നത് എന്ന് മാസ്റ്ററുടെ മരണശേഷം ജയേട്ടന്‍ പറയുമായിരുന്നു.
തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ എം.എസ്. വിശ്വനാഥന്‍ മറ്റൊരു ഗുരുവാണ്. 'രക്ഷിതാവ്' എന്നും പറയും. 'അകം' നിറച്ചുള്ള സ്‌നേഹം ആവോളം ജയേട്ടന് വിളമ്പിയ ഗുരു. എംഎസ്വി ഈണമിട്ട് പി. സുശീലാമ്മ പാടിയ പാട്ടുകള്‍ ഭാവാത്മകമായി പാടിയിരുന്ന രാത്രികള്‍, പകലുകള്‍, വര്‍ഷങ്ങള്‍...
ജയേട്ടന്റെ നെഞ്ചിനുമുകളില്‍ തലയ്ക്കുകീഴില്‍ പി. സുശീലയുടെ പാട്ടുകളും തന്റെ ദൈവം എന്ന് വിശ്വസിപ്പിച്ചിരുന്ന റഫി സാബിന്റെ പാട്ടുകളും ദാസേട്ടന്റെ പാട്ടുകളും സ്ഥിരതാമസമായിരുന്നു. സ്വരവും ഭാവവും ആ തൊണ്ടയില്‍ നിത്യമായി വിളങ്ങി. മലയാളത്തിലെയും തമിഴിലെയും ഹിന്ദിയിലെയും ഒട്ടുമിക്ക ഗാനങ്ങളും ജയേട്ടന് മനഃപാഠമായിരുന്നു.
ഇഷ്ടദേവനായ ഗുരുവായൂരപ്പന്റെ ചന്ദനംചാര്‍ത്തിയ മുഖം കണ്‍കുളിരെക്കണ്ട് തൊഴുത് പ്രദക്ഷിണം വെച്ച് മടങ്ങുമ്പോള്‍ ഉള്ളില്‍ത്തെളിയുന്നത് മുഹമ്മദ് റഫിയുടെ ചിരിക്കുന്ന മുഖമാണെന്ന് എത്ര തവണ എന്നാടു പറഞ്ഞിരിക്കുന്നു! താമസമെന്തേ വരുവാന്‍... എന്ന പാട്ട് എത്ര കേട്ടാലും മതിവരാത്ത ഗായകനായിരുന്നു ജയേട്ടന്‍. എത്ര പാടിയാലും വീണ്ടുംവീണ്ടും ആ ഗാനത്തെ ഭാവാത്മകമായി മരണംവരെ കൊണ്ടുനടന്നു.
പി. ഭാസ്‌കരന്‍ മാസ്റ്റര്‍ ഗുരുവിനെപ്പോലെ തലോടുകയും സുഹൃത്തിനെപ്പോലെ പെരുമാറുകയും ചെയ്ത കാര്യം പറയുമായിരുന്നു. 'ബാബുക്ക' കൂട്ടുകാരനെപ്പോലെ കൂടെക്കൂട്ടിയിരുന്നു. വയലാറിനെ പേടിയായിരുന്നു. സംഗീതം പഠിക്കാത്തതില്‍ നീരസമുണ്ടായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ക്ക് കൊടുക്കുന്ന അതേ ബഹുമാനവും ഭയഭക്തിയും വയലാറിനോടും ഉണ്ടായിരുന്നു.
നടന്മാരില്‍ സത്യന്‍ മാസ്റ്ററെയും ശിവാജി ഗണേശനെയുമായിരുന്നു കൂടുതല്‍ ഇഷ്ടം പ്രേംനസീര്‍ അദ്ഭുതമായിരുന്നു. 'ടോ തമ്പ്രാന്‍' എന്നാണ് സത്യന്‍ മാസ്റ്റര്‍ വിളിച്ചിരുന്നത്. 'പൂര്‍ണേന്ദുമുഖിയോടമ്പലത്തില്‍വെച്ച്...' എന്ന പി. ഭാസ്‌കരന്‍-കെ. രാഘവന്‍ ഗാനം സത്യന് ഏറെ പ്രിയമായിരുന്നു.
''ടോ... തമ്പ്രാന്‍ ഈ പാട്ടുകേട്ട് തനിക്ക് ഒരുപാട് കാമുകിമാര്‍ ഉണ്ടാവും. അവരെ വെറുതേവിടരുത്'' എന്ന് പറയുമായിരുന്നുവത്രേ മഹാനടന്‍.
മൃദംഗവും ചെണ്ടയും അഭ്യസിച്ച ജയചന്ദ്രന്‍കുട്ടന്‍ ആലുവയില്‍ താമസിക്കുമ്പോഴാണ് പാട്ടിന്റെ ലോകത്തേക്ക് കടക്കുന്നത്. പിന്നീട് ഗായകനായശേഷം അച്ഛന്‍ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന് ജയേട്ടന്റെ പാട്ടുകളോട് വലിയ താത്പര്യമില്ലായിരുന്നു എന്ന് ഉറക്കെ ചിരിച്ചുകൊണ്ട് പറയുമായിരുന്നു. അച്ഛന്‍ സംഗീതത്തെ അറിഞ്ഞ തമ്പുരാന്‍ തന്നെയായിരുന്നു. അച്ഛനെക്കുറിച്ച് പറയുമ്പോള്‍ ജയേട്ടന്റെ കണ്ണുകള്‍ നിറയും.

ദക്ഷിണാമൂര്‍ത്തി ഈണമിട്ട 'സിന്ധുഭൈരവീ രാഗരസം...' എന്ന പാട്ടിനെക്കാള്‍ ബാബുരാജിന്റെ സിന്ധുഭൈരവിയില്‍ തീര്‍ത്ത 'പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍...' എന്ന പാട്ടിനെ ആ അച്ഛന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു. സ്വാമിയോട് ഇക്കാര്യം നേരിട്ട് പറയാനും അച്ഛന് ധൈര്യമുണ്ടായിരുന്നു.
''പുതിയ കാറ് വാങ്ങണം. തമിഴ്നാട്ടില്‍ നടക്കുന്ന എല്ലാ സംഗീതക്കച്ചേരികളും ആസ്വദിച്ച് ആ പുതിയ കാറ് എവിടെയെങ്കിലും ഇടിച്ച് മരിക്കണം'' -ഇതായിരുന്നു ജയേട്ടന്റെ അച്ഛന്റെ ഏറ്റവും വലിയ മോഹം. ഇത് പറഞ്ഞ് ജയേട്ടന്‍ കരച്ചിലിനെ ചിരിയാക്കി മാറ്റും.
അമ്മന്നൂര്‍ മാധവചാക്യാര്‍ ജയേട്ടനെ പല വേദികളില്‍വെച്ച് പ്രശംസിച്ചതും എപ്പോഴും ജയേട്ടന്‍ പറയുമായിരുന്നു: 'അങ്ങേക്ക് സിദ്ധി'യുണ്ട്. അതാണ് പ്രധാനം. മറ്റു പലര്‍ക്കും ഇല്ലാത്തതാണ് സിദ്ധി'. പദ്മഭൂഷണും പദ്മവിഭൂഷണും അമ്മന്നൂരില്‍ ഒരിക്കലും ഒരു ഭാരവും ഉണ്ടാക്കിയില്ല എന്നതാണ് ജയേട്ടന്റെ നിരീക്ഷണം. ജയേട്ടനിലും അത്തരം ഭാരങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലല്ലോ.
ഇരിങ്ങാലക്കുട ഉത്സവത്തിന്റെ അവസാനനാളിലെ ചെണ്ടമേളം കലാശിക്കുന്ന സമയത്ത് ഒരു തണുത്ത കാറ്റ് വീശും. ആ തണുത്ത കാറ്റിനോടൊപ്പം നാലു തുള്ളി മഴവെള്ളം കൈത്തണ്ടയിലും മുഖത്തുംവീഴും. അപ്പൊ തീര്‍ച്ചയാക്കാം കാലവര്‍ഷം വരവായി. ഋതുക്കള്‍ തെറ്റാതെ വന്നിരുന്ന ആ കാലമോര്‍ത്ത് നെടുവീര്‍പ്പിടുന്ന ഭാവഗായകന്റെ മുഖം മറക്കാനാവുന്നില്ല ജയേട്ടന്‍ പറയാറുണ്ട്:
'എം.ടി.യുടെ സാഹിത്യം ഞാന്‍ കാര്യമായി വായിച്ചിട്ടില്ല. എങ്കിലും എം.ടി.യെ എനിക്കിഷ്ടമാണ്. ആദ്യകാലത്ത് നാലുകെട്ടും മറ്റു പല ചെറുകഥകളും വായിച്ചിട്ടുണ്ട്. എം.ടി.യെ വായിക്കാതെത്തന്നെ ആ എഴുത്തുകാരന്റെ സിദ്ധി എനിക്ക് തിരിച്ചറിയാനാവും.' വാക്കുകളുടെ വറ്റാത്ത, ഭാരതപ്പുഴയാണ് എം.ടി. വറ്റാത്ത വാക്കിന്റെ പുഴ. എം.ടി.യുടെ ഗ്രാമവും ജയേട്ടന് ഇഷ്ടമായിരുന്നു.
കൂടല്ലൂരിനടുത്തുള്ള 'മണ്ണിയം പെരുമ്പലം' എന്ന ഗ്രാമത്തില്‍ 'പുഴ'യൊഴുകുന്ന വിസ്തൃതമായ മണല്‍പ്പരപ്പില്‍ ഞങ്ങള്‍ എത്രതവണ പോയിരിക്കുന്നു. മുത്തുവിളയും കുന്നിന്റെ താഴെ, പേരശ്ശന്നൂര്‍ കടവിന്റെ നടുവില്‍ രാത്രി പത്തുമണിയായാലും നാട്ടുവെളിച്ചം പൊലിയാത്ത രാത്രികളില്‍ ഇരുന്നും നടന്നും മലര്‍ന്നുകിടന്നും എത്ര വര്‍ഷങ്ങള്‍ പാടിത്തിമര്‍ത്തു പാട്ടിലെ സാഹിത്യത്തെ മനസ്സിലാക്കി പാടുന്ന പാട്ടുകാരനാണ് ജയേട്ടന്‍. സ്വരങ്ങളും രാഗങ്ങളും പിന്നീടു മാത്രം.
ദേവരാജന്‍ മാസ്റ്ററുടെ സ്‌കൂള്‍, അക്ഷരങ്ങള്‍ക്ക് പ്രാധാന്യംനല്‍കുന്ന ഒന്നാണല്ലോ. അക്ഷരങ്ങള്‍, ഭാവാത്മകത, ശബ്ദം... അതുകൊണ്ടുതന്നെ ജയേട്ടന് മഹാനായ എം.ടി.യുടെ വാക്കിന്റെ അര്‍ഥങ്ങള്‍ മനസ്സിലാകും. വാക്കിനെ സംഗീതമാക്കിയ എം.ടി.യുടെ ഭാവതലവും വാക്കിലെ സംഗീതത്തെ ഭാവമാക്കി മലയാളഭാഷയുടെ മലര്‍മന്ദഹാസമാക്കിയ ജയേട്ടനും.
ഒരു ഗായകന് (ഗായികകയ്ക്കും) വേണ്ടത് കേള്‍വിജ്ഞാനമാണെന്ന് വിശ്വസിച്ച ഗായകനാണ് ജയേട്ടന്‍. സംഗീതംപഠിക്കുക എന്നതില്ല. മറിച്ച് അടിസ്ഥാനപരമായി ഒരു ഗായകനാവുന്നതിന്റെ മേന്മ കേള്‍വിജ്ഞാനത്തിലാണെന്ന് അദ്ദേഹം വിശ്വസിച്ചു.
പി. ജയചന്ദ്രന്റെ ഹൃദയത്തിലും മനസ്സിലും മൃദംഗവാദനവും ചെണ്ടമേളവും അഭ്യസിച്ചതുകൊണ്ടുമാത്രമാണ് ഉറച്ച താളബോധം നിറഞ്ഞത്. ആലാപനവഴിയില്‍ ഈ താളബോധം അദ്ദേഹത്തെ സ്വാധീനിച്ചു. ആലാപനത്തെ ധന്യമായ ഉപാസനയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചതും അതുകൊണ്ടുതന്നെയെന്ന് പറഞ്ഞിട്ടുണ്ട്. ഗാനങ്ങളിലെ സാഹിത്യത്തെ അറിഞ്ഞുപാടിയപ്പോള്‍ ജയേട്ടന്‍ ഭാവഗായകനായി. മലയാളഗാനങ്ങളില്‍ മത്രമല്ല, ജയചന്ദ്രന്റെ തമിഴ് ഗാനങ്ങളിലെ ഉച്ചാരണഭംഗി അപാരമാണ്. തെലുങ്കിലും കന്നഡഭാഷയിലും ഈ സിദ്ധി പ്രകടമാണ്. ഗാനാലാപനത്തിലെ വ്യക്തിത്വത്തോടൊപ്പം അസാമാന്യമായ നര്‍മബോധവും അഭിനയസിദ്ധിയും അനുകരിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.
മുഹമ്മദ് റഫിയുടെ ഹിന്ദിഗാനങ്ങള്‍ ആലപിക്കുമ്പോള്‍ ഉച്ചാരണത്തിലുള്ള 'ഹിന്ദി'ത്വം പ്രകടമാണ്. റഫിയുടെ പാട്ടുകള്‍ വേദിയില്‍ പാടാന്‍ തനിക്ക് ഭയമാണെന്നും പറഞ്ഞിട്ടുണ്ട്. സ്വകാര്യ സദസ്സുകളില്‍ നമുക്ക് മുന്‍പില്‍ റഫി സാബിന്റെ ഗാനങ്ങള്‍ ജയേട്ടന്‍ പാടുമ്പോള്‍ ലഭിച്ച ആനന്ദം പറയാനാവില്ല.
റഫിസാബിന്റെ ഹിന്ദിഗാനങ്ങള്‍പോലെ, പി. സുശീലയുടെ തമിഴ്, മലയാളം ഭാവഗീതങ്ങള്‍പോലെ എം.എസ്. വിശ്വനാഥന്റെ സംഗീതത്തിലെ കോരിത്തരിപ്പിക്കുന്ന ഭാവഗീതങ്ങള്‍പോലെ ദേവരാജന്‍ മാസ്റ്ററുടെ ദേവഗാനങ്ങള്‍പോലെ ബാബുരാജിന്റെ കണ്ണീരില്‍മുക്കിയ ഗാനങ്ങള്‍പോലെ അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ് നല്ല മൊരിഞ്ഞ ദോശയും. ഒരു ദോശ കഴിച്ച് ഉടനെത്തന്നെ മറ്റൊരു ദോശകൂടി ആസ്വദിച്ച് കഴിക്കുമ്പോഴാണ് ദോശയോടുള്ള അദ്ദേഹത്തിന്റെ പ്രണയം പൂര്‍ണമാകുന്നത്. അതൊരു കാഴ്ചയാണ്.
പി. ജയചന്ദ്രന്‍ മുന്‍കോപിയാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്ന അഴീക്കോട് മാഷും മുന്‍കോപിയായിരുന്നല്ലോ. ഈ രണ്ടുപേരുടെയും സന്തോഷത്തിന്റെയും പൊട്ടിച്ചിരിയുടെയും നടുവില്‍ ഞാന്‍ ഇരുന്നിട്ടുണ്ട്. അതൊരു മഹാഭാഗ്യമാണ്. അവരെ മനസ്സിലാക്കി അവരോടൊപ്പം ഇരിക്കുമ്പോള്‍ കൊച്ചുകുട്ടികളെപ്പോലെ നിഷ്‌കളങ്കരാണ് അവരെന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്.
Content Highlights: P. Jayachandran: A Musical Memoir
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·