'ചന്ദ്രയ്ക്കായി ഓപ്ഷനുകൾ ഉണ്ടായിരുന്നു, ഇപ്പോൾ കല്യാണിയല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ കഴിയുന്നില്ല'

4 months ago 5

kalyani priyadarshan dominic arun

കല്യാണി പ്രിയദർശൻ, ഡൊമിനിക് അരുൺ | Photo: Facebook/ Wayfarer Films, Screen grab/ YouTube: Club FM

'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യില്‍ 'ചന്ദ്ര' എന്ന കഥാപാത്രം ചെയ്യാന്‍ കല്യാണിക്ക് പുറമേ മറ്റ് നടിമാരേയും പരിഗണിച്ചിരുന്നുവെന്ന് സംവിധായകന്‍ ഡൊമിനിക് അരുണ്‍. 'ചന്ദ്ര'യ്ക്കായി കല്യാണി കഠിനപ്രയത്‌നം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ കല്യാണിയല്ലാതെ മറ്റാരേയും കഥാപാത്രമായി ചിന്തിക്കാന്‍ കഴിയുന്നില്ലെന്നും ഡൊമിനിക് അരുണ്‍ ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'ലോകയുടെ ലോകത്തേക്കുള്ള സ്‌നീക് പീക് മാത്രമാണ് ചന്ദ്രയില്‍. ലോക യൂണിവേഴ്‌സിലെ ഏറ്റവും ചെറിയ സൂപ്പര്‍ഹീറോയാണ് ചന്ദ്ര. ഇനി വരാന്‍ പോവുന്നതെല്ലാം വലുതാണ്‌. ദുല്‍ഖറിന്റെ അടുത്ത് കഥ പറയുമ്പോള്‍ കാസ്റ്റ് ഉണ്ടായിരുന്നില്ല. ചന്ദ്രയ്ക്കായി ഓപ്ഷന്‍സ് ഉണ്ടായിരുന്നു. അതില്‍ ഒന്ന് കല്യാണി ആയിരുന്നു. കഥാപാത്രത്തിന് വേണ്ടി കല്യാണി കഠിനപ്രയത്‌നം നടത്തിയിട്ടുണ്ട്. ഭയങ്കര കമ്മിറ്റ്‌മെന്റുള്ള നടിയാണ് കല്യാണി. ഇപ്പോള്‍ ലഭിക്കുന്ന പ്രശംസകള്‍ കല്യാണി ശരിക്കും അര്‍ഹിക്കുന്നുണ്ട്. ഇപ്പോള്‍ മറ്റൊരാളെ ചന്ദ്രയായി സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. ബാക്കിയുള്ള ലോകത്തില്‍ ചന്ദ്ര ഉറപ്പായും വരും', ഡൊമിനിക് അരുണ്‍ പറഞ്ഞു.

'കഥാപാത്രത്തിന് കല്യാണി ഓക്കേ ആയിരിക്കുമെന്ന് എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. കഥ പറഞ്ഞപ്പോള്‍ തന്നെ കഥാപാത്രം എന്താണെന്ന് കല്യാണിക്ക് ചെറിയ ഐഡിയ ലഭിച്ചിരുന്നു. ഷൂട്ടിങ് തുടങ്ങി രണ്ടുദിവസത്തിനുള്ളില്‍ തന്നെ കല്യാണി ട്രാക്കിലായി. പിന്നീട് ചന്ദ്രയെ കല്യാണി ഏറ്റെടുക്കാന്‍ തുടങ്ങി. ചന്ദ്ര കല്യാണിയില്‍ സെയ്ഫ് ആണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി', സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

'നസ്ലിന്റെ കാസ്റ്റിങ് വന്നപ്പോള്‍ ദുല്‍ഖറിനായിരുന്നു എക്‌സൈറ്റ്‌മെന്റ്. ദുല്‍ഖര്‍ നല്ല നസ്ലിന്‍ ഫാന്‍ ആണ്. മമ്മൂക്കയ്ക്കും ഇഷ്ടമാണ്. മറ്റൊരു നടനായിരുന്നു സണ്ണി ആവേണ്ടിയിരുന്നത്. നസ്ലിനോട് കഥ പറഞ്ഞപ്പോള്‍ ഇപ്പോള്‍ വേണുവാണ്, ചിലപ്പോള്‍ സണ്ണി ആയേക്കും എന്ന് പറഞ്ഞു. പ്രേമലുവിന് മുമ്പാണ് കഥ പറഞ്ഞത്. കഥ ഇഷ്ടമായതുകൊണ്ട്, ഏതുകഥാപാത്രമായാലും ഓക്കേയാണെന്ന് നസ്ലിന്‍ പറഞ്ഞു', ഡൊമിനിക് അരുണ്‍ പറഞ്ഞു.

'ചിത്രം വ്യത്യസ്തമാണെന്ന് അറിയാമായിരുന്നു. പരീക്ഷണാത്മകമാണെന്ന്‌ എല്ലാവര്‍ക്കും ധാരണയുണ്ടായിരുന്നു. എങ്ങനെ ആളുകള്‍ സ്വീകരിക്കും എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ കാണുമ്പോള്‍ ഇത്രയ്ക്കുമുണ്ടോ എന്ന തോന്നലുണ്ട്', ചിത്രത്തിന് ലഭിക്കുന്ന പ്രതികരണത്തെക്കുറിച്ച് സംവിധായകന്‍ മനസുതുറന്നു.

'ഞാന്‍ കടുത്ത പ്രിയദര്‍ശന്‍ ആരാധകനാണ്. പ്രിയദര്‍ശന്‍ സിനിമകളിലെ എന്തെങ്കിലും റഫറന്‍സ് മനപ്പൂര്‍വ്വമല്ലെങ്കിലും വരും. അത് ആദ്യചിത്രമായ 'തരംഗ'ത്തിലും ഇപ്പോള്‍ ലോകയിലുമുണ്ട്', എന്നായിരുന്നു ചിത്രത്തിലെ വന്ദനം റഫറന്‍സിനെക്കുറിച്ച് ഡൊമിനിക് അരുണ്‍ പറഞ്ഞത്.

'റീവാച്ച് സാധ്യതയുള്ള ചിത്രമാണ് ഇതെന്ന് ആദ്യം പറഞ്ഞത് ദുല്‍ഖര്‍ ആണ്. തിരക്കഥയുടെ 23-ാമത്തെ വേര്‍ഷനാണ് സിനിമയായത്. 15 ഡ്രാഫ്റ്റുകള്‍ എഴുതി. പിന്നീട് എട്ടെണ്ണം ചെറിയ മാറ്റങ്ങളാണ്. വലിയ താരങ്ങള്‍ ഇല്ലാത്തതുകൊണ്ടോ, നായികാ കേന്ദ്രീകൃതസിനിമയായതുകൊണ്ടോ ചെറുതായി ഒന്നും ചിന്തിക്കേണ്ടാ എന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു', സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Dominic Arun reveals the casting process for `Chandra` successful `Lokah: Chapter One - Chandra`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article