മുന്നിലിരുന്ന് രസിച്ച് താളമിട്ടു പാടുന്ന അമ്മൂമ്മയെ ഒരു യുവതിയായി സങ്കല്‍പ്പിച്ചുനോക്കി വെറുതെ. മെരിലാന്‍ഡ് സ്റ്റുഡിയോയിലെ വിശാലമായ റെക്കോര്‍ഡിംഗ് ഹാളിലെ മൈക്കിനു മുന്നില്‍ നിന്ന് സ്വയം മറന്നു പാടുകയാണ് വാലിട്ടു കണ്ണെഴുതിയ ആ സുന്ദരി, 'തുമ്പപ്പൂ പെയ്യണ പൂനിലാവേ ഏന് നെഞ്ചി നിറയണ പൂക്കിനാവേ, എത്തറ നാള് കൊതിച്ചിരുന്ന് നിന്നെ ഏനെന്നും തേനൂറും പൂവാണെന്ന്.... ''തിരുനയിനാര്‍ കുറിച്ചി മാധവന്‍ നായരുടെ നാട്ടുമൊഴിച്ചന്തമുള്ള വരികള്‍. തൃശൂര്‍ പി രാധാകൃഷ്ണന്റെ ഇളനീര്‍ മധുരമൂറുന്ന ഈണം. ചിത്രം: രണ്ടിടങ്ങഴി (1958).
'നടക്കാതെ പോയ, അതിമനോഹരമായ ഒരു സ്വപ്നമായിരുന്നു ആ പാട്ട്. അന്നത് പാടിയിരുന്നെങ്കില്‍ ഒരു പക്ഷേ എന്റെ ജീവിതം തന്നെ മാറി മറിഞ്ഞേനെ.''സി എസ് രാധാദേവി പറയുന്നു. കയ്യെത്തുംദൂരെ വെച്ച് അകന്നുപോയ ആ പാട്ടാണ് സിനിമാക്കാലം രാധാദേവിയുടെ മനസ്സില്‍ അവശേഷിപ്പിക്കുന്ന ഒരേയൊരു ദുഃഖം. 'പക്ഷേ നഷ്ടം എനിക്ക് മാത്രമായിരുന്നു; പാട്ടിന്റെ സൗന്ദര്യത്തെ അത് ബാധിച്ചതേയില്ല. അതീവ ഹൃദ്യമായിത്തന്നെ കമുകറ പുരുഷോത്തമനും സുലോചനയും ചേര്‍ന്ന് അത് പാടി. എങ്കിലും ഇന്നുമത് കേള്‍ക്കുമ്പോള്‍, ഉള്ളിലൊരു നൊമ്പരം പിടയും. അത്രയും സ്‌നേഹിച്ചു പോയിരുന്നു ആ പാട്ടിനെ...''
സിനിമക്ക് വേണ്ടിയല്ല തിരുനയിനാര്‍ കുറിച്ചി മാധവന്‍ നായര്‍ 'തുമ്പപ്പൂ പെയ്യണ'' എന്ന ഗാനം എഴുതിയത് ; നാടകത്തിനു വേണ്ടിയാണ്. 'തൂവലും തൂമ്പയും' എന്ന നാടകത്തില്‍ അത് പാടി അഭിനയിച്ചത് പി ഗംഗാധരന്‍ നായരും രാധാദേവിയും. കീഴാളസമുദായത്തില്‍ നിന്ന് ബിരുദധാരിയായി ഉയര്‍ന്നു വന്ന ഒരു ചെറുപ്പക്കാരന്‍ നേരിടേണ്ടി വന്ന വെല്ലുവിളികളായിരുന്നു വീരരാഘവന്‍ നായര്‍ (വീരന്‍) എഴുതിയ സാമൂഹ്യനാടകത്തിന്റെ ഇതിവൃത്തം. അഭിനേതാക്കളായി അടൂര്‍ ഭാസിയും ജഗതി എന്‍ കെ ആചാരിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍. തെക്കന്‍ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ നാടകത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന് കര്‍ഷകദമ്പതികള്‍ ചേര്‍ന്നു പാടുന്ന ഈ യുഗ്മഗാനമായിരുന്നു. തികച്ചും യാദൃഛികമായാണ് പി സുബ്രഹ്‌മണ്യം സംവിധാനം ചെയ്ത 'രണ്ടിടങ്ങഴി' എന്ന സിനിമയില്‍ 'തുമ്പപ്പൂ' ഇടം പിടിച്ചത്. മെരിലാന്‍ഡിലെ 'നിലയവിദ്വാ'ന്മാരായ തിരുനയിനാര്‍കുറിച്ചി- ബ്രദര്‍ ലക്ഷ്മണന്‍ ടീമിനായിരുന്നു പതിവുപോലെ ഈ ചിത്രത്തിന്റെയും സംഗീതസൃഷ്ടിയുടെ ചുമതല. പടത്തിന്റെ അന്തരീക്ഷം തികച്ചും ഗ്രാമീണം. തകഴിയുടെ കഥാപാത്രങ്ങളാകട്ടെ കുട്ടനാട്ടിലെ കീഴാള കര്‍ഷകത്തൊഴിലാളികളും. അത്തരമൊരു ചിത്രത്തില്‍ മണ്ണിന്റെ മണമുള്ള പാട്ടുകള്‍ അനിവാര്യം. പക്ഷേ ശാസ്ത്രീയ സംഗീത വിശാരദനായ ബ്രദര്‍ ലക്ഷ്മണിന് അത്ര പരിചിതമായ മേഖലയല്ല അത്. ചെയ്ത പാട്ടുകള്‍ ഒന്നും മോശമല്ലായിരുന്നെങ്കിലും കുട്ടനാടിന്റെ അന്തരീക്ഷത്തോട് പൂര്‍ണ്ണമായി ഇണങ്ങിനില്‍ക്കുന്നില്ല അവ. തിരുനയിനാര്‍കുറിച്ചിയുടെ നിര്‍ദേശം സ്വീകരിച്ച് തുമ്പപ്പൂ പെയ്യണ എന്ന നാടകഗാനം സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സുബ്രഹ്‌മണ്യം തീരുമാനിച്ചത് അങ്ങനെയാണ്. പക്ഷേ, ആകാശവാണി ഉദ്യോഗസ്ഥനായ തൃശൂര്‍ പി രാധാകൃഷ്ണന് സിനിമാലോകവുമായി സഹകരിക്കാന്‍ അനുമതിയില്ല. സ്വന്തം പേരില്‍ ചലച്ചിത്രഗാനം എഴുതി പ്രതിഫലം പറ്റിയാല്‍ നടപടി ഉറപ്പ്. ഫലം: രണ്ടിടങ്ങഴിയിലെ മറ്റു പാട്ടുകളെ പോലെ ഈ ഗാനത്തിന്റെയും പിതൃത്വം ബ്രദര്‍ ലക്ഷ്മണന് പതിച്ചുകിട്ടുന്നു. പാട്ടുകളുടെ ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍ നിന്നും പടത്തിന്റെ ശീര്‍ഷകങ്ങളില്‍ നിന്നും രാധാകൃഷ്ണന്‍ പുറത്ത്!
മെരിലാന്‍ഡ് ചിത്രങ്ങളിലെ സ്ഥിരം ശബ്ദ സാന്നിധ്യമായ കമുകറ പുരുഷോത്തമന് ഒപ്പം ഗാനം സിനിമയില്‍ പാടാന്‍ തിരഞ്ഞെടുക്കപ്പെട്ടത് നാടകത്തില്‍ അത് പാടി കയ്യടി നേടിയ ഗായിക തന്നെ. സന്തോഷത്തോടെ ആ വെല്ലുവിളി ഏറ്റെടുക്കുന്നു രാധാദേവി. രാവും പകലുമെന്നില്ലാതെ രണ്ടാഴ്ചയോളം നീണ്ട റിഹേഴ്‌സല്‍ ആയിരുന്നു പിന്നെ. ഒടുവില്‍ റെക്കോര്‍ഡിംഗിന്റെ ദിവസം എത്തി. നാടകാസ്വാദകര്‍ ഹൃദയപൂര്‍വം സ്വീകരിച്ച ആ ഗാനം സിനിമയിലും ഹിറ്റാകുമെന്ന കാര്യത്തില്‍ സംശയമൊന്നും ഉണ്ടായിരുന്നില്ല രാധാദേവിക്ക്. പക്ഷേ ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയത്തോടെ സ്റ്റുഡിയോയില്‍ ചെന്നിറങ്ങിയ രാധാദേവിയെ എതിരേറ്റത് അമ്പരപ്പിക്കുന്ന കാഴ്ചയാണ് . കമുകറയോടൊപ്പം മൈക്കിനു മുന്നില്‍ കെപിഎസി സുലോചന. പാടിത്തുടങ്ങാനായി സൗണ്ട് എഞ്ചിനീയര്‍ കൃഷ്ണ ഇളമണിന്റെ ആംഗ്യത്തിന് കാത്തുനില്‍ക്കുകയാണവര്‍. 'ഒന്നും മനസ്സിലായില്ല എനിക്ക്. എന്താണ് പെട്ടെന്നിങ്ങനെ ഒരു മാറ്റം? ആര്‍ക്കുമില്ലായിരുന്നു ഉത്തരം. പാടുപെട്ടു കരച്ചിലടക്കിനിര്‍ത്തി, സുബ്രഹ്‌മണ്യം മുതലാളിയെ കണ്ടു പരിഭവം പറഞ്ഞപ്പോള്‍ അദ്ദേഹവും കൈമലര്‍ത്തി: 'പാട്ടിന്റെ കാര്യമൊക്കെ നിങ്ങള്‍ പാട്ടുകാരും സംഗീത സംവിധായകരും ചേര്‍ന്ന് തീരുമാനിക്കണം. അതില്‍ ഞാന്‍ ഇടപെടില്ല...'' എവിടെയോ ഒരു സ്വപ്നം വീണുടഞ്ഞ പോലെ. അന്ന് നിരാശയായി വീട്ടിലേക്കു തിരിച്ചുപോകാന്‍ ഒരുങ്ങിയ രാധാദേവിയെ സുബ്രഹ്‌മണ്യം മുതലാളി തടഞ്ഞു. വാഗ്ദാനം പാലിക്കാന്‍ കഴിയാതിരുന്നതില്‍ പശ്ചാത്താപം തോന്നിയിരിക്കണം അദ്ദേഹത്തിന്. 'പ്രായശ്ചിത്തമെന്നോണം എനിക്ക് വേണ്ടി സിനിമയില്‍ ഒരു ഗാനസന്ദര്‍ഭം തന്നെ പ്രത്യേകമായി സൃഷ്ടിച്ചു അദ്ദേഹം. ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യച്ചെമ്പഴുക്ക എന്ന പാട്ട് മീനാ സുലോചനയോടൊപ്പം എന്നെ കൊണ്ട് പാടിക്കുകയും ചെയ്തു.'' എങ്കിലും കൈവിട്ട ആ തുമ്പപ്പൂവിന്റെ സൗരഭ്യം എത്ര ശ്രമിച്ചിട്ടും ഓര്‍മ്മയില്‍ നിന്ന് മായുന്നില്ലെന്ന് രാധാദേവി.
ഭാഗ്യദോഷം കൊണ്ട് കൈവിട്ടുപോയ ഗാനങ്ങള്‍ വേറെയുമുണ്ട് രാധാദേവിയുടെ സിനിമാ ജീവിതത്തില്‍. നീലക്കുയിലിലെ എല്ലാരും ചൊല്ലണ് എന്ന ഗാനം ഉദാഹരണം. രാധാദേവിയെയാണ് ആ ഗാനം പാടാന്‍ രാഘവന്‍ മാസ്റ്റര്‍ ആദ്യം ക്ഷണിച്ചത്. ഫോക് സ്വഭാവമുള്ള വ്യത്യസ്തമായ ആ ശബ്ദം നീലി എന്ന കീഴാള കഥാപാത്രത്തിന് യോജിക്കുമെന്ന് കണക്കു കൂട്ടിയിരിക്കണം അദ്ദേഹം. 'പക്ഷേ മുന്നില്‍ തടസ്സങ്ങള്‍ പലതുണ്ടായിരുന്നു. റെക്കോര്‍ഡിംഗിനായി മദ്രാസില്‍ ചെന്ന് താമസിക്കുക എന്നത് അന്നത്തെ 22 കാരിക്ക് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യം. ജോലി സംബന്ധമായ നൂലാമാലകള്‍ വേറെ.'' ജാനമ്മ ഡേവിഡിന്റെ ശബ്ദത്തില്‍ ആ ഗാനം റെക്കോര്‍ഡ് ചെയ്യപ്പെട്ടതും മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി അത് മാറിയതും പില്‍ക്കാല ചരിത്രം.
മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഗായികയാണ് രാധാദേവി. തിരുവനന്തപുരത്ത് സ്വാതി തിരുനാള്‍ മ്യൂസിക് അക്കാദമിയില്‍ ഗാനഭൂഷണം കോഴ്‌സിനു പഠിച്ചുകൊണ്ടിരിക്കേയാണ് 'യാചകമോഹിനി' എന്ന പടത്തില്‍ പാടാന്‍ ക്ഷണം ലഭിച്ചത്; എട്ടു പതിറ്റാണ്ട് മുന്‍പ്. 'മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ ഭാര്യാപിതാവ് ആട്ടറ പരമേശ്വരന്‍ പിള്ളയാണ് പടത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍. ഗാനരചയിതാവ് കൂടിയായ അദ്ദേഹം അച്ഛനെ കണ്ട് എന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടുകൊടുക്കുമോ എന്ന് ചോദിക്കുന്നു. കുട്ടിക്കഥാപാത്രമാണ്. പാടുകയും വേണം. പാട്ടുള്ളതുകൊണ്ട് അഛന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല.''രാധാദേവി. ചെന്നൈ കില്‍പ്പോക്കിലെ ന്യൂട്ടോണ്‍ സ്റ്റുഡിയോയിലാണ് ഗാനലേഖനം. അവിടെ ചെന്നപ്പോള്‍ ഒപ്പം പാടാന്‍ മറ്റൊരു ഗായകനടന്‍ കാത്തു നില്‍ക്കുന്നു; നാട്ടുകാരനായ ടി കെ ബാലചന്ദ്രന്‍. നേരത്തെ പ്രഹ്ലാദയില്‍ ബാലനടനായി അഭിനയിച്ച പരിചയമുണ്ട് ബാലചന്ദ്രന്. ആദ്യം റെക്കോര്‍ഡ് ചെയ്തത് യുഗ്മഗാനമായിരുന്നു എന്നോര്‍ക്കുന്നു രാധാദേവി.
'പുതിയ അനുഭവമായിരുന്നതിനാല്‍ ആകെ ആശയക്കുഴപ്പമായിരുന്നു. ഞാന്‍ പാടേണ്ട ഭാഗത്ത് ബാലചന്ദ്രന്‍ പാടും. അയാള്‍ പാടേണ്ട സ്ഥലത്ത് ഞാനും. റെക്കോര്‍ഡിംഗ് അനന്തമായി നീണ്ടു. ഒടുവില്‍ പന്ത്രണ്ടാമത്തെ ടേക്കിലാണ് ആ പാട്ട് ഓക്കേ ആയത്.'' വിശാലമായ ആ റെക്കോര്‍ഡിംഗ് ഹാളിന്റെ മങ്ങിയ ചിത്രമേ ഇപ്പോള്‍ ഓര്‍മ്മയില്‍ അവശേഷിക്കുന്നുള്ളൂ. വലിയൊരു മൈക്ക് ഉത്തരത്തില്‍ നിന്ന് തൂങ്ങിക്കിടക്കുന്നത് ഓര്‍മ്മയുണ്ട്. നിന്നുകൊണ്ടാണ് ഗായകര്‍ പാടുക. പക്കമേളക്കാര്‍ വെറും നിലത്ത് നിരന്നിരിക്കും. അവര്‍ക്കും ഉണ്ടായിരുന്നു ഒരു മൈക്ക്. അന്ന് പാടിയ നാല് പാട്ടുകളില്‍ ഒരു സന്ധ്യാനാമത്തിന്റെ ആദ്യ വരി മാത്രമേ രാധാദേവിയുടെ ഓര്‍മ്മയിലുള്ളൂ, മാധവസമയം മനസാഹാരം...
പടത്തിന്റെ ചിത്രീകരണവും ന്യൂട്ടോണ്‍ സ്റ്റുഡിയോയില്‍ തന്നെ. അഭിനേതാക്കള്‍ അന്നത്തെ അറിയപ്പെടുന്ന നാടകനടന്മാരും നടിമാരും. വി ടി അരവിന്ദാക്ഷ മേനോന്‍, വൈക്കം സരസമ്മ, വൈക്കം രാജു, ചെങ്ങന്നൂര്‍ പൊന്നമ്മ തുടങ്ങിയവര്‍. 'ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ വേണ്ടി കുറേക്കാലം എനിക്കും മദ്രാസില്‍ തങ്ങേണ്ടി വന്നു. അക്കാലത്താണ് രാമനാഥഭാഗവതര്‍ എന്നൊരു ഗുരുവില്‍ നിന്ന് പ്രശസ്തമായ പല ത്യാഗരാജകീര്‍ത്തനങ്ങളും പഠിച്ചത്. അക്കാദമിയിലെ എന്റെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുകയായിരുന്നല്ലോ.''- രാധാദേവി. 'യാചകമോഹിനി'യുടെ ചിത്രീകരണം പാതി പിന്നിട്ടപ്പോഴേക്കും നിര്‍മ്മാതാക്കള്‍ തമ്മില്‍ തെറ്റി പടം മുടങ്ങി. റെക്കോര്‍ഡ് ചെയ്ത പാട്ടുകള്‍ക്ക് പിന്നീടെന്തു സംഭവിച്ചു എന്നറിയില്ല രാധാദേവിക്ക്. ആരും അവയെ കുറിച്ച് പറഞ്ഞുകേട്ടിട്ടില്ല. സിനിമയില്‍ പാടുന്നതും അഭിനയിക്കുന്നതും ഇന്നത്തെ പോലെ അത്ര വിശേഷപ്പെട്ട കാര്യമല്ലല്ലോ അന്ന്. വീട്ടുകാര്‍ക്ക് പോലും അക്കാര്യത്തില്‍ അത്ര മതിപ്പുമില്ല.
ആദ്യചിത്രം റിലീസായില്ലെങ്കിലും 1950 ല്‍, പത്തൊന്‍പതാം വയസ്സില്‍, രാധാദേവി സിനിമയില്‍ തിരിച്ചെത്തി; ഇത്തവണ നടിയായി. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ പ്രശസ്ത നാടകത്തിന്റെ അഭ്രാവിഷ്‌കാരമായ 'സ്ത്രീ'യില്‍ സുധ എന്ന കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിച്ചത്. സംവിധാനം ആര്‍ വേലപ്പന്‍ നായര്‍. മകളെ അഭിനയിക്കാന്‍ വിട്ടു തരണമെന്ന് അടുത്ത ബന്ധുവായ തിക്കുറിശ്ശി തന്നെ ആവശ്യപ്പെട്ടപ്പോള്‍ മറിച്ചൊന്നും പറയാനായില്ല ശിവശങ്കര പിള്ളക്ക്. അപ്പോഴേക്കും പ്ലേബാക്ക് സമ്പ്രദായം നിലവില്‍ വന്നിരുന്നത് കൊണ്ട് അഭിനയിക്കുക മാത്രമായിരുന്നു സ്ത്രീയില്‍ രാധാദേവിയുടെ ദൗത്യം. പിന്നണി പാടിയത് മേടയില്‍ സുകുമാരി എന്ന ഗായികയാണ്. 'നാഗരിക കന്യകയും ഗ്രാമീണ കന്യകയുമാണ് പടത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സ്ത്രീയുടെ രണ്ടു വിരുദ്ധ ഭാവങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു തിക്കുറിശ്ശി. പരിഷ്‌കാരിയായി അഭിനയിച്ചത് ഓമല്ലൂര്‍ ചെല്ലമ്മ. നാട്ടിന്‍പുറത്തുകാരിയായി ഞാനും. അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥയായിരുന്നു സ്ത്രീയുടേത്.''
ഉദയായുടെ 'നല്ലതങ്ക'യില്‍ പിന്നണി പാടാന്‍ അവസരം ലഭിച്ചതും അക്കാലത്തു തന്നെ. 'അന്നാണ് അഗസ്റ്റിന്‍ ജോസഫിനെ ആദ്യം കണ്ടത്; ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയില്‍ വെച്ച്. എല്ലാവര്‍ക്കും ആരാധനയുള്ള പാട്ടുകാരനാണ്. പുതിയ ഗായിക എന്ന് പറഞ്ഞു ആരോ പരിചയപ്പെടുത്തിയപ്പോള്‍ വാത്സല്യപൂര്‍വ്വം അദ്ദേഹം എന്നെ നോക്കി ചിരിച്ചു. അവിടെ വെച്ച് തന്നെ ഒരു പാട്ട് പാടിക്കുകയും ചെയ്തു. പി ലീലയെ മദ്രാസില്‍ വച്ചേ അറിയാം. തെക്കേ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള പാട്ടുകാരിയാണ് അന്നവര്‍. രണ്ടു മഹാഗായകര്‍ക്കും ഒപ്പം ഒരൊറ്റ മൈക്കിന് മുന്നില്‍ നിന്ന് പാടാന്‍ ഭാഗ്യമുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.''
ആദ്യമായി പാടിയ മെരിലാന്‍ഡ് ചിത്രം അവകാശി (1954). മെരിലാന്‍ഡിന്റെ പടത്തില്‍ പാടുക എന്നാല്‍ വലിയൊരു അംഗീകാരമാണ് അക്കാലത്ത്. കമുകറ, പി ലീല, ശാന്താ പി നായര്‍, ടി എസ് കുമരേഷ് തുടങ്ങിയ തലമുതിര്‍ന്ന ഗായകരേ മെരിലാന്‍ഡില്‍ സ്ഥിരമായി പാടാറുള്ളൂ. തെന്നിന്ത്യന്‍ ഭാഷകളിലെ ഏറ്റവും തിരക്കുള്ള ഗായികയാണ് അന്ന് പി ലീല. റെക്കോര്‍ഡിംഗിനായി എപ്പോഴും തിരുവനന്തപുരത്ത് എത്താന്‍ കഴിയാറില്ല അവര്‍ക്ക്. പകരം ഇവിടെ തന്നെയുള്ള ഒരു ഗായികയെ പാടിക്കണം എന്ന നിര്‍ദേശം ഉയര്‍ന്നു വരുന്നത് അങ്ങനെയാണ്. ' കമുകറയോടൊപ്പം ഒരു യുഗ്മഗാനം പാടാനാണ് എനിക്ക് കിട്ടിയ നിര്‍ദേശം. പാട്ട് പഠിക്കാന്‍ ഒരു മണിക്കൂര്‍ സമയവും തന്നു. ആനന്ദഭൈരവിയില്‍ ചിട്ടപ്പെടുത്തിയ 'ഭൂവിങ്കല്‍ എന്നും അനുരാഗം'' എന്ന പാട്ടാണ് അന്ന് റെക്കോര്‍ഡ് ചെയ്തത്. സിനിമയില്‍ പ്രേംനസീറും മിസ്സ് കുമാരിയും ചേര്‍ന്ന് പാടുന്ന പാട്ട്. പാട്ട് പാടിയ ശേഷം എല്ലാവരും അഭിനന്ദിച്ചത് ഓര്‍മ്മയുണ്ട്.'' ഹരിശ്ചന്ദ്ര, മറിയക്കുട്ടി, ഭക്തകുചേല, ബാല്യസഖി, അനിയത്തി, പാടാത്ത പൈങ്കിളി, മന്ത്രവാദി, ജയില്‍പ്പുള്ളി തുടങ്ങി മെരിലാന്‍ഡിന്റെ ബോക്‌സോഫീസ് വിജയചിത്രങ്ങളില്‍ എല്ലാം ബ്രദര്‍ ലക്ഷ്മണന്റെ ഈണത്തില്‍ രാധാദേവി പാടി. 1961 ല്‍ ഭക്തകുചേലക്ക് വേണ്ടി പാടിയ ശേഷം എട്ടു വര്‍ഷം നീണ്ട ഇടവേള. പിന്നീട് ഒരൊറ്റ പടത്തിലേ പാടിയിട്ടുള്ളു രാധാദേവി. മെരിലാന്‍ഡിന്റെ തന്നെ 'നഴ്‌സി''ല്‍ ശ്രീകുമാരന്‍ തമ്പി - എം ബി ശ്രീനിവാസന്‍ സഖ്യത്തിന് വേണ്ടി 'മുഴുക്കിറുക്കീ'' എന്നൊരു യുഗ്മഗാനം.

തിരുവനന്തപുരത്ത് ഇന്നത്തെ എം എല്‍ എ ഹോസ്റ്റല്‍ നില്‍ക്കുന്ന സ്ഥലത്ത് അന്നുണ്ടായിരുന്ന ട്രാവന്‍കൂര്‍ ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷനില്‍ രാധാദേവി ആര്‍ട്ടിസ്റ്റായി ചേര്‍ന്നത് 1949 ല്‍. കലാനിലയം കൃഷ്ണന്‍ നായരുടെ പ്രോത്സാഹനമായിരുന്നു അതിനു പിന്നില്‍. 'ആഴ്ചയില്‍ ഒരിക്കലാണ് മലയാള പരിപാടി. ലളിതഗാനങ്ങള്‍, കാവ്യാഞ്ജലി, നാടകം ഒക്കെ അതിലാണ് വരിക. പ്രശസ്ത ഹിന്ദി, തമിഴ് ഗാനങ്ങളുടെ റെക്കോര്‍ഡ് കേട്ട് അതേ ട്യൂണില്‍ തിരുനയിനാര്‍ കുറിച്ചി നല്ല മലയാളം ഗാനങ്ങള്‍ എഴുതും. ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ അത് പെട്ടെന്ന് റിഹേഴ്‌സല്‍ ചെയ്ത് അവതരിപ്പിക്കണം. തത്സമയ പ്രക്ഷേപണത്തിന്റെ കാലമാണ്. ചെറിയ പിശക് വന്നാല്‍ പോലും ആളുകള്‍ ശ്രദ്ധിക്കും.'' 1950 ല്‍ ആകാശവാണി നിലയം നിലവില്‍ വന്നപ്പോള്‍ അവിടമായി രാധാദേവിയുടെ തട്ടകം. 1991 ലാണ് രാധാദേവി ആകാശവാണിയില്‍ നിന്ന് വിരമിച്ചത്. 'ലളിതഗാന പാഠവും ശാസ്ത്രീയ സംഗീത പാഠവും അന്ന് ശ്രോതാക്കള്‍ കാത്തിരിക്കുന്ന പരിപാടികളാണ്. ആദ്യകാലത്ത് ചേര്‍ത്തല ഗോപാലന്‍ നായര്‍ക്കായിരുന്നു ശാസ്ത്രീയ സംഗീത പാഠത്തിന്റെ ചുമതല. ലളിത ഗാനം പഠിപ്പിച്ചിരുന്നത് തൃശൂര്‍ പി രാധാകൃഷ്ണനും. രണ്ടു പരിപാടിയിലും ശിഷ്യയായി ഞാനുണ്ടാകും. പിന്നീട് ഗുരുക്കന്മാര്‍ മാറിവന്നപ്പോഴും ശിഷ്യക്ക് മാറ്റമുണ്ടായില്ല.''
സംഗീതരംഗത്ത് മാത്രമല്ല രാധാദേവി സാന്നിധ്യമറിയിച്ചത്. മലയാളത്തിലെ ആദ്യകാല ഡബ്ബിംഗ് കലാകാരികളില്‍ ഒരാള്‍ കൂടിയായിരുന്നു അവര്‍. 'ആദ്യം ശബ്ദം നല്‍കിയത് ജി വിശ്വനാഥ് സംവിധാനം ചെയ്ത വനമാല (1951) എന്ന സിനിമയില്‍. ഏതോ ബാലനടിക്ക് വേണ്ടിയാണെന്നാണ് ഓര്‍മ്മ.'' -- രാധാദേവി പറയുന്നു. നായികക്ക് വേണ്ടി ആദ്യം ഡബ് ചെയ്തത് ജ്ഞാനസുന്ദരി (1961) യില്‍. വിജയലക്ഷ്മി ആയിരുന്നു കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ആ ചിത്രത്തിലെ നായിക. പിന്നീട് സ്‌നാപകയോഹന്നാനിലും (1963) വിജയലക്ഷ്മി രാധാദേവിയുടെ ശബ്ദം കടമെടുത്തു. സീതയില്‍ കുശലകുമാരിക്കും കടല്‍ എന്ന ചിത്രത്തില്‍ ശാരദക്കും വേണ്ടി ഡബ് ചെയ്തതും രാധാദേവി തന്നെ. ഒരു പടത്തില്‍ ഷീലയ്ക്കും ശബ്ദം കൊടുത്തിട്ടുണ്ട്. പടം ഓര്‍മ്മയില്ല. 'ഏറ്റവും പ്രയാസപ്പെട്ടത് ജ്ഞാനസുന്ദരിയില്‍ ഡബ് ചെയ്തപ്പോഴാണ്. ദീര്‍ഘമായ സംഭാഷണങ്ങള്‍ ആണ് ആ സിനിമ നിറയെ. ഇടയ്ക്കിടെ കരച്ചിലും വേണം. ഇന്നത്തെ പോലെ സാങ്കേതിക സൗകര്യമൊന്നും ഇല്ലാത്തകാലമായതുകൊണ്ട്, രാപ്പകലെന്നില്ലാതെ ഉറക്കമിളച്ച് ശബ്ദം കൊടുക്കേണ്ടി വന്നു. അന്ന് ഡബ്ബിംഗ് കലാകാരികള്‍ക്ക് ലഭിച്ചിരുന്ന പ്രതിഫലവും തുഛം.''
കുറച്ചു പടങ്ങള്‍ക്ക് വേണ്ടി ഡബ് ചെയ്ത ശേഷം രംഗം വിട്ട രാധാദേവി പിന്നീട് തിയേറ്ററില്‍ തിരിച്ചെത്തിയത് 1979 ലാണ്; ഭരത് ഗോപിയുടെ നിര്‍ബന്ധത്തിനു വഴങ്ങി. 'ഗോപി സംവിധാനം ചെയ്ത ഞാറ്റടിയില്‍ ഒരു വൃദ്ധ കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ ഡബ് ചെയ്തത്. പിന്നീട് ആ രംഗത്തേക്ക് തിരിച്ചുചെന്നില്ല.''
Content Highlights: C.S. Radhadevi`s philharmonic journey, including mislaid opportunities, iconic songs, and her contributions
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·