'ചരിത്രയാഥാര്‍ഥ്യത്തെ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നു, തള്ളിപ്പറയേണ്ടത് എമ്പുരാന്‍ എന്ന സിനിമയെ അല്ല'

9 months ago 8

29 March 2025, 08:08 PM IST

aa raheem aa rahim

എ.എ. റഹീം എം.പി | Photo: facebook.com/aarahimofficial

ന്യൂഡല്‍ഹി: എമ്പുരാൻ വിഷയത്തിൽ സംഘപരിവാറിനെതിരേ കടുത്ത വിമർശനവുമായി എ.എ. റഹീം എംപി. യഥാർഥത്തിൽ തള്ളിപ്പറയേണ്ടത് എമ്പുരാൻ എന്ന സിനിമയെ അല്ലെന്നും ഓർ​ഗനൈസറിന്റെ ലേഖനത്തെയാണെന്നും എ.എ. റഹീം പറഞ്ഞു. ഗുജറാത്ത് വംശഹത്യയെന്നത് യാഥാര്‍ഥ്യമാണ്. ആ ചരിത്രയാഥാര്‍ഥ്യത്തെ സംഘപരിവാർ മായ്ച്ചുകളയാന്‍ ശ്രമിക്കുകയാണെന്നും റഹീം കൂട്ടിച്ചേർത്തു.

'ഓര്‍ഗനൈസറിന്റെ ലേഖനത്തിലൂടെ സംഘപരിവാര്‍ ഏതാണ്ട് ഔദ്യോഗികമായി തന്നെ, അതൊരു ഇന്ത്യാവിരുദ്ധ സിനിമയാണെന്ന നരേഷന്‍ ഉണ്ടാക്കിയിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ വലിയ കൂച്ചുവിലങ്ങിടേണ്ടതുണ്ട് എന്ന സന്ദേശം വരുകയാണ്. സംഘപരിവാറിന്റെ ഭ്രാന്തമായ ഇത്തരം നിലപാടുകള്‍ക്കെതിരേ ജനാധിപത്യശക്തികളാകെ ഒരുമിച്ച് അണിനിരക്കേണ്ടതുണ്ട്.'- എ.എ. റഹീം പറഞ്ഞു.

'ഒരു സിനിമയില്‍ വിയോജിപ്പുകളും യോജിപ്പുകളുമുണ്ടാകാം. ഞാന്‍ എമ്പുരാന്‍ സിനിമ കണ്ടയാളാണ്. ആ സിനിമയില്‍ എനിക്ക് വിയോജിക്കാന്‍മാത്രമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. രാഷ്ട്രീയമായി വിയോജിക്കാനുള്ള കാര്യങ്ങളുണ്ട്. ഒരു കലാ ആസ്വാദകനെന്ന നിലയില്‍ അതിനെ വിമര്‍ശിക്കാനുള്ള കാര്യങ്ങളുണ്ടാകാം. യോജിക്കുകയും സന്തോഷം നല്‍കുകയും ചെയ്യുന്ന കാര്യങ്ങളുമുണ്ടാകാം. അതിനെ അതിന്റെ സ്പിരിറ്റിലെടുക്കുന്നതിനപ്പുറത്ത് അതിന് മേല്‍ അതിനെതന്നെ ഉപയോഗപ്പെടുത്തിക്കൊണ്ട് പുതിയൊരു വിദ്വേഷത്തിന്റെ നരേഷന്‍ സൃഷ്ടിക്കുകയാണ്. ആപത്കരമായ പരാമര്‍ശങ്ങളാണ് ഓര്‍ഗനൈസറിന്റെ ലേഖനം നടത്തുന്നത്. അതുകൊണ്ട് തള്ളിപ്പറയേണ്ടത്, എമ്പുരാന്‍ എന്ന സിനിമയെ അല്ല. ഓര്‍ഗനൈസറിന്റെ ലേഖനത്തെയാണ്. '

'ആര്‍എസ്എസ്സിനെയും സംഘപരിവാറിനെയും അസ്വസ്ഥപ്പെടുത്തിയത് ഗുജറാത്ത് വംശഹത്യയെ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നതാണ്. 2002 ഗുജറാത്ത് വംശഹത്യയെന്നത് യാഥാര്‍ഥ്യമാണ്. ആ ചരിത്രയാഥാര്‍ഥ്യത്തെ അവര്‍ മായ്ച്ചുകളയാന്‍ ശ്രമിക്കുകയാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് വംശഹത്യ ചിത്രീകരിക്കാന്‍ ശ്രമിച്ച എല്ലാവരും സംഘപരിവാറിന്റെ കല്ലേറിനും വേട്ടയാടലിനും വിധേയമായിട്ടുണ്ട്. അതാണ് ഇവിടെയും ആവര്‍ത്തിച്ചത്. ഗുജറാത്ത് വംശഹത്യയെ പരാമര്‍ശിക്കുന്ന സംഭവങ്ങള്‍ ലഘുവായിട്ടാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. സിനിമയില്‍ കണ്ടതിനേക്കാള്‍ വലിയ യാഥാര്‍ഥ്യങ്ങളല്ലേ അവിടെ നടന്നതെന്നും റഹീം ചോദിച്ചു.

Content Highlights: empuraan movie contention aa rahim mp response

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article