
ജിമ്മി കിമ്മൽ, ഡൊണാൾഡ് ട്രംപ് | ഫോട്ടോ: AFP
ചാർളി കിർക്കിന്റെ കൊലപാതകത്തേക്കുറിച്ചുള്ള കൊമേഡിയൻ ജിമ്മി കിമ്മലിന്റെ പരാമർശങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾ ചൂടുപിടിക്കുന്നു. വാൾട്ട് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള എബിസി നെറ്റ്‌വർക്ക് കിമ്മലിന്റെ രാത്രികാല ടോക്ക് ഷോ അനിശ്ചിതകാലത്തേക്ക് നിർത്താൻ തീരുമാനിച്ചു. എബിസി വക്താവാണ് ഇക്കാര്യം അറിയിച്ചത്. 'ജിമ്മി കിമ്മൽ ലൈവ്' അടുത്ത കാലത്തൊന്നും സംപ്രേക്ഷണം ചെയ്യില്ലെന്ന് യുഎസിലെ എബിസി-അംഗീകൃത ടിവി സ്റ്റേഷനുകളുടെ ഏറ്റവും വലിയ ഉടമകളിലൊരാളായ നെക്സ്റ്റ്സ്റ്റാർ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് നെറ്റ്‌വർക്കിന്റെ ഈ നടപടി.
കൺസർവേറ്റീവ് സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാർളി കിർക്ക്, കഴിഞ്ഞയാഴ്ച യൂട്ടായിലെ ഒരു സർവകലാശാലാ പരിപാടിക്കിടെയാണ് വെടിയേറ്റ് മരിച്ചത്. ഇതിനെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ച റിപ്പബ്ലിക്കൻസിനെ തന്റെ ഷോയിൽ ജിമ്മി കിമ്മൽ വിമർശിച്ചിരുന്നു. ചാർളി കിർക്കിനെ കൊലപ്പെടുത്തിയ വിദ്യാർഥിയെ തങ്ങളിലൊരാളല്ലെന്ന് വരുത്തിത്തീർക്കാനും അതിൽ നിന്ന് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ഏതറ്റം വരെ പോകാനും മാഗ സംഘം ശ്രമിച്ചതോടെ ഈ വാരാന്ത്യത്തിൽ നമ്മൾ പുതിയൊരു തകർച്ചയിലെത്തിയിരിക്കുന്നുവെന്നാണ് കിമ്മൽ പറഞ്ഞത്.
തന്റെ അടുത്ത അനുയായിയുടെ മരണത്തിൽ വിലപിച്ച ട്രംപിനേയും കിമ്മൽ വിമർശിച്ചിരുന്നു. വൈറ്റ് ഹൗസ് പുൽത്തകിടിയിൽ നിന്നുള്ള ട്രംപിന്റെ പ്രതികരണ വീഡിയോ ചൂണ്ടിക്കാട്ടി, "ഇങ്ങനെയാണ് ഒരു നാല് വയസ്സുകാരൻ തന്റെ സ്വർണമത്സ്യം ചത്താൽ ദുഃഖിക്കുന്നത്," എന്നാണ് പറഞ്ഞത്.
ജിമ്മി കിമ്മലിന്റെ ഷോ നിർത്തിവെച്ചതിൽ പ്രതികരണവുമായി ട്രംപും രംഗത്തെത്തി. ട്രൂത്ത് സോഷ്യലിൽ പ്രതികരിച്ച ട്രംപ് എബിസിയുടെ തീരുമാനത്തെ പ്രശംസിച്ചു. "അമേരിക്കയ്ക്ക് ഒരു സന്തോഷ വാർത്ത: റേറ്റിംഗിൽ പിന്നിലായിരുന്ന ജിമ്മി കിമ്മൽ ഷോ റദ്ദാക്കി. ചെയ്യേണ്ട കാര്യം ചെയ്യാൻ ഒടുവിൽ ധൈര്യം കാണിച്ച എബിസിക്ക് അഭിനന്ദനങ്ങൾ. കിമ്മലിന് ഒട്ടും കഴിവില്ല. അദ്ദേഹത്തിന്റെ റേറ്റിംഗ് സ്റ്റീഫൻ കോൾബെർട്ടിനേക്കാൾ മോശമാണ്." ട്രംപിന്റെ വാക്കുകൾ. എൻബിസി അവതാരകരായ ജിമ്മി ഫാലനെയും സേത്ത് മയേഴ്‌സിനെയും റേറ്റിംഗ് കുറഞ്ഞ പരാജിതർ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവരുടെ ഷോകളും റദ്ദാക്കാൻ എൻബിസിയോട് ആവശ്യപ്പെട്ടു.
ജിമ്മി കിമ്മലിന്റെ ഷോ നിർത്തിവെച്ചത് പൊതുതാൽപ്പര്യം കണക്കിലെടുത്താണെന്ന് നെക്സ്റ്റ്സ്റ്റാർ അറിയിച്ചു. കിർക്കിന്റെ കൊലപാതകത്തെക്കുറിച്ചുള്ള കിമ്മലിന്റെ പരാമർശങ്ങൾ "അധിക്ഷേപകരവും വിവേകരഹിതവുമാണ്" എന്ന് നെക്സ്റ്റ്സ്റ്റാറിന്റെ ബ്രോഡ്കാസ്റ്റിംഗ് വിഭാഗം പ്രസിഡന്റ് ആൻഡ്രൂ ആൽഫോർഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു. "കിമ്മലിന് ഒരു വേദി നൽകുന്നത് നിലവിലെ സാഹചര്യത്തിൽ പൊതുതാൽപ്പര്യത്തിന് യോജിച്ചതല്ല. ബഹുമാനപരവും ക്രിയാത്മകവുമായ സംഭാഷണങ്ങൾ പുനരാരംഭിക്കുന്നതിനായി ശാന്തമായ അന്തരീക്ഷം ഉണ്ടാകാൻ, അദ്ദേഹത്തിന്റെ ഷോ നിർത്തിവെക്കാനുള്ള പ്രയാസകരമായ തീരുമാനം ഞങ്ങൾ എടുത്തിരിക്കുന്നു," ആൽഫോർഡ് കൂട്ടിച്ചേർത്തു.
ചാർളി കിർക്കിന്റെ പോഡ്കാസ്റ്റിന്റെ അവതാരകൻകൂടിയായ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെയും കിമ്മൽ വിമർശിച്ചിരുന്നു. വാൻസിനോട് പ്രതികരിച്ചുകൊണ്ട് കിമ്മൽ പറഞ്ഞത്, "അദ്ദേഹം പറയുന്നത് ശുദ്ധ അസംബന്ധമാണ്" എന്നാണ്. തന്റെ എബിസി ഷോയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ പല നയങ്ങളെയും കിമ്മൽ സ്ഥിരമായി വിമർശിച്ചിരുന്നു. മറ്റൊരു അവതാരകനായ സ്റ്റീഫൻ കോൾബെർട്ടിന്റെ പരിപാടി റദ്ദാക്കിയതിന് പിന്നാലെയാണ് 'ജിമ്മി കിമ്മൽ ലൈവ്!' പെട്ടെന്ന് നിർത്തിവെക്കുന്നത്. ഡൊണാൾഡ് ട്രംപിനെ വിമർശിച്ചതാണ് കോൾബെർട്ടിന്റെ പരിപാടി റദ്ദാക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്.
തനിക്ക് ഇഷ്ടമില്ലാത്ത ഉള്ളടക്കങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്താൻ യുഎസ് പ്രസിഡന്റ് ബ്രോഡ്കാസ്റ്റർമാരുടെ മേൽ ആവർത്തിച്ച് സമ്മർദ്ദം ചെലുത്തുകയും, സ്റ്റേഷനുകളുടെ ലൈസൻസ് റദ്ദാക്കാൻ എഫ്‌സിസിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും വിവരമുണ്ട്.
Content Highlights: Jimmy Kimmel's Late-Night Show Pulled by ABC Following Controversial Political Monologue
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·