
ആനക്കയത്തെ മലങ്കര ജലാശയം | ഫോട്ടോ: മാതൃഭൂമി
മലങ്കര തീരത്ത് ഇപ്പോൾ ഒരു സിനിമ സെറ്റ് ഉയരുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് ഇത് കൗതുകക്കാഴ്ച. എന്നാൽ, ജലാശയങ്ങളുടെ തീരത്തെ ഗ്രാമവാസികൾക്ക് ഇത് സാധാരണ സംഭവം.
മലയാളത്തിന്റെ ആദ്യ അൻപതുകോടി ചിത്രം ദൃശ്യം ഉൾപ്പെടെ അമ്പത് സിനിമകളാണ് തൊടുപുഴയ്ക്ക് സമീപത്തെ ഈ ഗ്രാമങ്ങളിൽ ഒന്നരപ്പതിറ്റാണ്ടിനിടെ ചിത്രീകരിച്ചത്. അമേരിക്കൻ സിനിമകൾ ചിത്രീകരിക്കാൻ ഹോളിവുഡ് എന്നപോലെ മലയാളത്തിന് മലങ്കര തീരം. ശരിക്കും മലയാളത്തിന്റെ സ്വന്തം ഹോളിവുഡ്.
വീട്ടുകാരെപ്പോലെ സൂപ്പർ താരങ്ങൾ
ജലാശയത്തിന്റെ തീരത്തെ കൈപ്പക്കവല, ആനക്കയം ഗ്രാമങ്ങളിലാണ് പ്രധാനമായും ഷൂട്ടിങ് നടക്കുന്നത്. ആനക്കയത്തോട് ചേർന്നുള്ള പെരുങ്കൊഴുപ്പ്, വയനക്കാവ് പ്രദേശങ്ങളും ഷൂട്ടിങ് ലൊക്കേഷൻ. കുടയത്തൂർ, ആലക്കോട് പഞ്ചായത്തുകളുടെ ഭാഗമാണ് ഈ ഗ്രാമങ്ങൾ. കാഞ്ഞാർ, വടക്കനാർ, ആനക്കയം പാലം, മലങ്കരജലാശയം, തുരുത്തുകൾ, ചെറുവനങ്ങൾ, ഉയർന്ന മലനിരകൾ എന്നിവയെല്ലാം ദൃശ്യഭംഗിയുള്ളവ. സെറ്റിടാൻ കുറഞ്ഞ വാടകയിൽ മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ സ്ഥലം, മെച്ചപ്പെട്ട യാത്രാസൗകര്യം, നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള എളുപ്പയാത്ര, നിലവാരമുള്ള റിസോർട്ട്, കുറഞ്ഞ ചെലവിൽ ഒരുക്കാൻ കഴിയുന്ന മറ്റ് സൗകര്യങ്ങൾ എന്നിവയും സിനിമക്കാരെ ഇവിടേക്ക് ആകർഷിക്കുന്നു.
വിനയൻ-കലാഭവൻ മണി ചിത്രം ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ ചിത്രീകരിച്ചതോടെ പ്രദേശത്തിന്റെ സൗന്ദര്യം ചർച്ചയായി.

മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം രസതന്ത്രത്തിന്റെ പ്രധാന ലൊക്കേഷൻ ജലാശയത്തിൻറെ തീരമായതോടെ തുടർച്ചയായി ഇവിടേക്ക് ഷൂട്ടിങ്ങ് സംഘമെത്തി. മമ്മൂട്ടിയുടെ വജ്രം, ദിലീപിന്റെ കുഞ്ഞിക്കൂനൻ, ജയറാമിന്റെ സ്വപ്നസഞ്ചാരി, സലാം കശ്മീർ, നിവിൻ പോളിയുടെ ഓംശാന്തി ഓശാന, സുരേഷ് ഗോപി-കുഞ്ചാക്കോ ബോബൻ ചിത്രം സ്വപ്നംകൊണ്ട് തുലാഭാരം, ദിലീപിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട്, പാപ്പീ അപ്പച്ചാ, കുഞ്ചാക്കോ ബോബന്റെ എത്സമ്മ എന്ന ആൺകുട്ടി, 101 വെഡ്ഡിങ്, ജയസൂര്യ ആട്, ആട്-2, ടൊവിനോ തോമസ് അടക്കമുള്ള താരങ്ങൾ അഭിനയിച്ച് പ്രളയത്തിന്റെ കഥ പറഞ്ഞ 2018, പൃഥ്വിരാജിന്റെ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, ഐ.വി.ശശിയുടെ അവസാന ചിത്രം വെള്ളത്തൂവൽ, സണ്ണിവെയിൻ ചിത്രം അനുഗ്രഹീതൻ ആന്റണി, ബിജു മേനോന്റെ വെള്ളിമൂങ്ങ, അജു വർഗീസിന്റെ സ്വർഗം തുടങ്ങിയ സിനിമകളും ഇവിടെ ചിത്രീകരിച്ചു.
മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യത്തിന്റെ ലൊക്കേഷനും ഇവിടെയായിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒരു സിനിമയുടെ സെറ്റിന്റെ നിർമാണം വയനക്കാവിൽ നടക്കുകയാണ്. സ്ഥിരം കാണുന്നതിനാൽ, സൂപ്പർ താരങ്ങൾ തങ്ങളുടെ കുടുംബാംഗങ്ങളേപ്പോലെയായെന്ന് നാട്ടുകാർ പറയുന്നു.
Content Highlights: Malankara adjacent Thodupuzha is simply a fashionable filming location, hosting implicit 50 Malayalam films
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·