
Photo: instagram.com/khushsundar/
ചിന്നത്തമ്പി എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ്‌നാട്ടിലും ഇങ്ങ് കേരളത്തിലും ഒട്ടേറെ ആരാധകരെ സമ്പാദിച്ച നടിയാണ് ഖുശ്ബു. മുംബൈയിലെ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച് തമിഴ്‌നാട്ടിലെ സൂപ്പര്‍ നായികയായി വളര്‍ന്ന കഥയാണ് ഖുശ്ബുവിന്റേത്. എല്ലാവരുടെയും സ്‌നേഹവും കൈ നിറയെ ചിത്രങ്ങളുമായി നിറഞ്ഞുനിന്ന ഖുശ്ബുവിനെ പിന്നീട് അവരുടെ ഒരു പ്രസ്താവനയുടെ പേരില്‍ ആരാധിച്ചവര്‍ പോലും തള്ളിപ്പറഞ്ഞു. ആ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ നടനും നിര്‍മാതാവുമായ ആലപ്പി അഷ്‌റഫ്.
ഹിന്ദി ചിത്രങ്ങളില്‍ ബാലതാരമായി കരിയറാരംഭിച്ച ഖുശ്ബുവിന്റെ തലവര തെളിയുന്നത് 1991-ല്‍ പുറത്തിറങ്ങിയ ചിന്നത്തമ്പി എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രം തമിഴ്‌നാട്ടില്‍ വന്‍ തരംഗമായി. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ഖുശ്ബുവിന്റെ അഭിനയം കണ്ട് സ്ത്രീകള്‍ പൊട്ടിക്കരഞ്ഞു. ചിത്രത്തിന്റെ വിജയം തമിഴ്‌നാട്ടിലെ ഓരോ ജില്ലകളിലും ആഘോഷിക്കപ്പെട്ടു. ചെറുപ്പക്കാര്‍ ഖുശ്ബുവിനെ ഒന്നു കാണുന്നതിനായി അവരുടെ വീടിനു മുന്നില്‍ തടിച്ചുകൂടി, ഇത് സമീപവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടായി. അക്കാലത്ത് നിരവധി യുവാക്കളാണ് സ്വന്തം രക്തം കൊണ്ട് ഖുശ്ബുവിന് കത്തെഴുതിയത്. ചരിത്രത്തില്‍ ഒരു നടിക്കും ലഭിക്കാത്ത ഭ്രാന്തമായ സ്നേഹം ഖുശ്ബുവിന് ലഭിച്ചു. ഖുശ്ബുവിനെ ദേവിയാക്കി തമിഴ്‌നാട്ടില്‍ ആരാധകര്‍ അമ്പലം വരെ പണിതു. ഖുശ്ബുവിന്റെ രൂപം പ്രതിഷ്ഠയാക്കി പാലഭിഷേകവും പുഷ്പാര്‍ച്ചനയും വരെ നടത്തി. ഇതിനൊപ്പം താരത്തിന്റെ പേരില്‍ ഭക്ഷണവും പുറത്തിറങ്ങി. 'ഖുശ്ബു ഇഡ്‌ലി' എന്ന പേരില്‍ സ്ത്രീകളുണ്ടാക്കിയ ഇഡ്‌ലിക്ക് വലിയ പ്രചാരം ലഭിച്ചു. സാരികളും ആഭരണങ്ങളുമെല്ലാം ഇതോടനുബന്ധിച്ച് നടിയുടെ പേരില്‍ വിപണിയിലെത്തിയെന്നും അഷ്‌റഫ് പറഞ്ഞു.
ആ സമയത്താണ് നടന്‍ പ്രഭുവും ഖുശ്ബുവും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ വരുന്നത്. പ്രഭു ആ സമയം വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായിരുന്നു. തമിഴിലെ പത്രങ്ങള്‍ ഇവരുടെ പ്രണയകഥകള്‍ അച്ചടിച്ച് പുറത്തിറക്കി. ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്തയില്ലാത്ത ഒരു സിനിമാ പ്രസിദ്ധീകരണവും അന്നില്ലായിരുന്നു. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും വിവാഹം കഴിഞ്ഞെന്നുമുള്ള വാര്‍ത്തകള്‍ തമിഴ്‌നാട്ടില്‍ പ്രചരിച്ചു. ഈ ബന്ധം പ്രഭുവിന്റെ പിതാവ് ശിവാജി ഗണേശനേയും മറ്റ് കുടുംബാംഗങ്ങളേയും അസ്വസ്ഥരാക്കി. നിങ്ങളുടെ അച്ഛന്‍ ഖുശ്ബുവിന്റെ കൂടെയല്ലേ എന്ന് ചോദിച്ച് മറ്റ് കുട്ടികള്‍ പ്രഭുവിന്റെ മക്കളെ കളിയാക്കാന്‍ തുടങ്ങി. ഇതോടെ പ്രഭുവും ശിവാജി ഗണേശനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. ഒടുവില്‍ പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പ്രഭു, ഖുശ്ബുവുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നും ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.
പിന്നീടാണ് ഖുശ്ബു സുന്ദര്‍ സിയുടെ ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നതും പ്രണയത്തിലാകുന്നതും വിവാഹവുമെല്ലാം. ശേഷം അവര്‍ രാഷ്ട്രീയത്തിലുമിറങ്ങി. കരുണാനിധിയെ കണ്ട് ഡിഎംകെയില്‍ ചേര്‍ന്നു. അവിടെ നിന്ന് കോണ്‍ഗ്രസിലേക്കും ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കും അവര്‍ ചേക്കേറി.
തോന്നുന്ന കാര്യങ്ങള്‍ അപ്പോള്‍ തന്നെ വിളിച്ചുപറയുന്ന സ്വഭാവമാണ് ഖുശ്ബുവിന്റേതെന്നും അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് അവര്‍ ചിന്തിക്കാറില്ലെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. ഇത്തരത്തില്‍ ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഒരു പ്രസ്താവനയാണ് തമിഴ്‌നാട്ടില്‍ അവര്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയത്. പെണ്‍കുട്ടികള്‍ വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ലെന്നുംഅത് സുരക്ഷിതമായ ബന്ധമായിരിക്കണമെന്നുമായിരുന്നു അവരുടെ പ്രസ്താവന. ഇത് തമിഴ്‌നാട്ടിലെ പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തയായി. അതോടെ തമിഴ്‌നാട്ടിലെ അമ്മമാര്‍ ഖുശ്ബുവിനെതിരേ തിരിഞ്ഞു. കടുത്ത പ്രതിഷേധമാണ് പിന്നീട് അവര്‍ക്കെതിരേ ഉയര്‍ന്നത്. ഖുശ്ബുവിന്റെ വീടിന് ചുറ്റും ചൂലുമായി സ്ത്രീകള്‍ തടിച്ച് കൂടി. അവര്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായി. തമിഴ്നാടിന്റെ വിവിധയിടങ്ങളിലായി 22-ഓളം കേസുകള്‍ അവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തു. താരത്തിന്റെ അറസ്റ്റിലേക്കുവരെ കാര്യങ്ങള്‍ എത്തുമെന്ന ഘട്ടത്തിലെത്തിയെന്നും ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.
ആ സമയത്ത് അമേരിക്കയിലായിരുന്ന കമല്‍ഹാസന്‍ വിളിച്ച് ഉപദേശിച്ചതനുസരിച്ച് ഖുശ്ബു തമിഴ്‌നാട്ടിലെ ഒരു കോടതിയില്‍ കീഴടങ്ങി. പിന്നീട് സുപ്രീം കോടതിയില്‍ പോയിട്ടാണ് അവര്‍ കേസുകളില്‍ നിന്ന് തലയൂരിയത്. അപ്പോഴേക്കും ഖുശ്ബുവിന്റെ പ്രതിഷ്ഠയുണ്ടായിരുന്ന അമ്പലം തച്ചുടച്ച് ആളുകള്‍ അത് കുട്ടികളുടെ കളിസ്ഥലമാക്കി മാറ്റിയെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.
Content Highlights: Explore the unthinkable travel of Khushbu Sundar, from a beloved histrion to facing nationalist outrage
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·