ചിരിച്ചും കരയിപ്പിച്ചും മനംകവർന്ന തോൾച്ചെരിവ്; മോഹന്‍ലാലിനൊപ്പം സഞ്ചരിക്കുന്ന ബോക്‌സ് ഓഫീസ്‌

9 months ago 11

ചായങ്ങൾക്ക് കട്ടി കൂടുന്നത് അത്രയേറെ ഇഷ്ടപ്പെടുന്ന ബാല്യത്തിന് 'ഹലോ മൈ ഡിയർ റോംഗ് നമ്പറും', 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' വും ഒക്കെ വർണാഭമായ ഒരു ഫാന്റസി ലോകത്തേക്കുള്ള പാസ്പോർട്ടാണ്. ആലോചിച്ചു നോക്കുമ്പോൾ എൺപതുകളുടെ തുടക്കത്തിൽ ജനിച്ച ഒരാളുടെ പ്രായം തന്നെയാവണം മോഹൻലാലെന്ന അഭിനേതാവിന്റെ കരിയറിനും. സിനിമയിൽ അയാൾ വളർന്നു വലുതാകുന്നത് അത്തരമൊരാളുടെ ബാല്യകൗമാരങ്ങൾക്കു മുന്നിലൂടെയാണ്. സ്ക്രീനിലെ അയാൾക്കും, ജീവിതത്തിലെ എനിക്കും അതുകൊണ്ടുതന്നെ പ്രായമൊന്നാണ്. എന്നാണ് മോഹൻലാലിനെ സ്ക്രീനിൽ ആദ്യമായി കണ്ടതെന്നോർമ്മയില്ല. പക്ഷേ കണ്ടുതുടങ്ങിയതു മുതൽ അയാൾ എന്റെ വൈകാരികപ്രപഞ്ചങ്ങളുടെ ഉടയോനായി മാറിക്കഴിഞ്ഞിരുന്നു.

വളരെ ഒതുങ്ങിയ ഒരു സെറ്റിനകത്ത് പ്രിയദർശനൊരുക്കിയ ആദ്യകാല സ്ലാപ്സ്റ്റിക്ക് കോമഡികളിലൂടെയാവണം മോഹൻലാൽ എന്നിലേക്ക് ആദ്യമായി കടന്നുവരുന്നത്. പ്രതിനായക/സഹനായക കഥാപാത്രങ്ങളിൽ നിന്ന് ലാൽ പതുക്കെ നായകസ്വഭാവമുള്ള കഥാപാത്രങ്ങളിലേക്ക് കൂടുമാറുന്നതും ഇക്കാലത്താണ്. ഇത്തരം പ്രിയദർശൻ ചിത്രങ്ങളെ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ അവയിലെ ലാൽ കഥാപാത്രങ്ങൾക്കൊന്നും കാമ്പുള്ള ഒരു പശ്ചാത്തലകഥയില്ലെന്നു കാണാം. അവർ കേവലം തമാശയുൽപ്പാദിപ്പിക്കുന്ന കഥാപാത്രങ്ങൾ മാത്രമാണ്. ടോമിനെയും, ജെറിയേയും കാണുന്ന കൗതുകത്തോടെയാണ് ആ കഥാപാത്രങ്ങളെ കണ്ടുപോയതും.

Graphics | Saran Kumar Bare

"വിശന്നപ്പോൾ ആ പിണ്ണാക്ക് ഞാനെടുത്ത് തിന്നു"എന്നും "അതാ ഞാൻ നോക്കിയപ്പോൾ കാണാതിരുന്നത്"എന്നുമുള്ള ദാസന്റേയും, വിജയന്റേയും സംഭാഷണങ്ങൾ കേവലമുള്ള ചിരിയ്ക്കപ്പുറം, കണ്ണു നനയിക്കാനും തുടങ്ങിയത് തൊട്ടടുത്ത വർഷങ്ങളിലാണ്. ജീവിതം ചിരിക്കാനും, ഉല്ലസിക്കാനും മാത്രമുള്ളതല്ലെന്ന് പതുക്കെ തിരിച്ചറിയുകയായിരുന്നു. സത്യൻ അന്തിക്കാടും, ശ്രീനിവാസനും ചേർന്ന് സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് മോഹൻലാൽ ജീവനേകുന്ന സമയമായപ്പോഴേക്കും, കുടുക്കു പൊട്ടിയ നിക്കറിനെ സേഫ്റ്റി പിൻ ഉപയോഗിച്ച് അരയിൽ നിർത്താമെന്ന് ഞാനും പഠിച്ച് തുടങ്ങിയിരുന്നു.

ലാൽ ജീവിതത്തിന്റെ നട്ടപ്പൊരിവെയിലത്തേക്ക് ഇറങ്ങിനടക്കാൻ തുടങ്ങി, കൂടെ ഞാനും. തറവാട്ടുമഹിമ ഭാരമേറ്റുന്ന യൗവനം, വിദ്യാസമ്പന്നനായിട്ടും തുടരുന്ന തൊഴിലില്ലായ്മ എന്നിവയിൽ നിന്ന് ഏത് ഗൾഫ് ജോലിയും (നാടോടിക്കാറ്റ്, വിസ, വരവേൽപ്പ്) സ്വപ്നമായിരുന്ന ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു അയാളുടെ കരിയറിന്റെ മധ്യവയസ്സ്.ഭേദപ്പെട്ട ഒരു തൊഴിലിന്റെയോ, ജീവിതസാഹചര്യങ്ങളുടെയോ അഭാവം കൊണ്ടും, പിതൃത്വപ്രതിസന്ധികൾ കൊണ്ടും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അവർ അകറ്റി നിർത്തപ്പെട്ടിരുന്നു. അതിനിടയ്ക്ക് ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് ചേക്കേറുന്ന മോഹൻലാലിന്റെ അസ്തിത്വപ്രതിസന്ധികൾ (സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്) ഇടക്കെപ്പോഴെങ്കിലും നഗരങ്ങളിൽ വിരുന്നു പാർക്കാൻ പോകുന്ന എന്റേതു കൂടിയായി.

തൊഴിൽസ്വപ്നങ്ങളിൽ നിന്നും സംരംഭസ്വപ്നങ്ങളിലേക്കു ചേക്കേറുമ്പോഴും സ്വാസ്ഥ്യമകന്നവയായിരുന്നു ലാൽ കഥാപാത്രങ്ങൾ. 'വരവേൽപ്പി'ലും 'മിഥുന'ത്തിലുമൊക്കെ അയാൾ ജപ്തി നടപടിയിലോ, ആത്മഹത്യയിലോ യാത്രയവസാനിക്കുന്ന സംരംഭകപ്രതിനിധിയായി. അതിനിടക്കെപ്പോഴോ ആണ് തമ്പി കണ്ണന്താനവും, ഡെന്നീസ് ജോസഫും കൂടി വിൻസന്റ്ഗോമസെന്ന ഗാംഗ്സ്റ്റർ നായകനെ ഇറക്കിവിടുന്നത്. അയാൾ -വിൻസന്റ് ഗോമസ്- വിചിത്രമായ ഒരു അടയാളത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് എനിക്കു തോന്നാറുണ്ട്.

താരത്തിൽ നിന്നും സൂപ്പർ താരപദവിയിലേക്ക്
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും താരമൂല്യമുള്ള ഒരു നായകനെ രാജാവിന്റെ മകൻ ആ സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുന്നത്, തോൽവിയിലൂടെയും, മരണത്തിലൂടെയുമാണ്. സർവ്വവിജയിയായ ഒരു നായകനല്ല മോഹൻലാലിന്റെ സൂപ്പർസ്റ്റാർഡത്തിന് അടിത്തറയിടുന്നതെന്ന നിരീക്ഷണം കൗതുകകരമാണ്. പരാജയപ്പെട്ട ആ പ്രതിനായകനായിരുന്നു ലാലിന്റെ അസൂയാവഹമായ സ്റ്റാർഡത്തിന്റെ യഥാർത്ഥ ഇൻവെസ്റ്റ്മെന്റ്. അടിമുടി ആൽഫാമെയിലായിട്ടുള്ള സ്വത്വം പേറുമ്പോഴും, പിൽക്കാലത്ത് അയാൾ തന്നെ ഒരുപാടു തവണ കെട്ടിയാടിയിട്ടുള്ള മാച്ചോ നായകന്മാർക്ക് -നമ്മുടെ നായകസങ്കല്പങ്ങൾക്കു തന്നെയും- ചേരാത്ത വിധം തോറ്റുകൊണ്ടാണ് വിൻസന്റ് ഗോമസ് ഐക്കണിക്കായി മാറുന്നത്. താരമെന്ന നിലയിൽ നിന്നും സൂപ്പർതാരത്തിന്റെ താരാപഥത്തിലേക്ക് മോഹൻലാൽ എത്തിപ്പെടുന്നത് രാജാവിന്റെ മകനിലൂടെയും, ഇരുപതാം നൂറ്റാണ്ടിലൂടെയുമാണെങ്കിൽ അപ്പോഴേക്കും വില്ലനു മേൽ നായകൻ വിജയം നേടുന്ന മിത്തിക്കൽ കഥകൾ എന്നിൽ വേരൂന്നിക്കഴിഞ്ഞിരുന്നു. കേവലമൊരു കവലച്ചട്ടമ്പിയിൽ നിന്ന് ബോംബെ അധോലോകത്തിലേക്കും, 'അഭിമന്യു' വിലൂടെയും, 'ഇന്ദ്രജാല'ത്തിലൂടെയും അയാൾ പടർന്നു കയറി.

അപ്പോഴും' രാജാവിന്റെ മകനോ, നാടോടിക്കാറ്റോ, കിരീടമോ ഒന്നും തിയേറ്ററിൽ കണ്ടതായോർമ്മയില്ല. വല്ലപ്പോഴുമുള്ള കൃഷ്ണാ ടാക്കീസിലേക്കുള്ള യാത്രകളിൽ അവിടത്തെ വലിയ ഡിസ്പ്ലേ ബോർഡിൽ ഒട്ടിച്ച കിലുക്കത്തിന്റെ പോസ്റ്ററാണ് തിയേറ്റർ കാഴ്ച്ചകളിലെ ആദ്യത്തെ ലാലോർമ്മ. നിരസിക്കാനാകുന്നതായിരുന്നില്ല അയാൾ നീട്ടിയ കൺനോട്ടങ്ങളിലെ സ്‌നേഹവും കുറുമ്പും. പടം കണ്ടിറങ്ങിയവർക്കൊക്കെ ചിരിയോർമ്മകളായിരുന്നെങ്കിൽ എനിക്ക് എന്നോടൊപ്പം പിന്നീടങ്ങോട്ടെന്നേക്കും ജീവിതത്തിൽ കൂടെ കൂടാനുള്ള ഒരു തോൾചെരിവായിരുന്നു കിലുക്കം. വ്യാഴാഴ്ച്ചകളിലെ ചിത്രഗീതങ്ങളിലയാൾ "ഒരു കുഞ്ഞുപാട്ടായലഞ്ഞ്" അഞ്ചു മിനിറ്റുകൾക്കപ്പുറത്തേക്കു നീങ്ങാത്ത സോങ് സെഗ്മെന്റുകളിലെ മതിവരാത്ത മധുവായി. ഞായറാഴ്ച്ചകളിലെ നാലുമണിനേരങ്ങളിൽ ലാൽ ചിത്രങ്ങൾ വരാനുള്ള പ്രൊബബിളിറ്റി കണക്കുകൂട്ടലുകളിൽ ഞാനെന്റെ ആഴ്ച്ചകളെ കുരുക്കിയിട്ടു.

മോഹൻലാൽ സ്ക്രീനിൽ വളർന്നു; ഞാൻ പുറത്തും. നിസ്സഹായതകളിൽ നിന്നും, നിവൃത്തികേടുകളിൽ നിന്നുമയാൾ വിഭ്രമിപ്പിക്കുന്ന പ്രണയനിറങ്ങളിലേക്കും (നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാനത്തുമ്പികൾ), ആസുരമായ തിരവിസ്ഫോടനങ്ങളിലേക്കും (ഇരുപതാം നൂറ്റാണ്ട്, ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം) പടർന്നേറി. അവസാനത്തേത് വല്ലാത്തൊരു കാലമായിരുന്നു. ദേവാസുരത്തിൽ കൊടിയേറിയ 'മീശപിരിയൻ' ഉത്സവങ്ങളിലെ ആദ്യ ദിനങ്ങൾക്ക് (ദേവാസുരവും, ആറാം തമ്പുരാനും) ആർജവമുള്ള സ്ക്രിപ്റ്റുകളുടെയും, വ്യക്തിത്വമുള്ള കഥാപാത്രങ്ങളുമുണ്ടായിരുന്നെങ്കിൽ 'നരസിംഹം' തൊട്ട് അങ്ങോട്ടുള്ള സിനിമകൾ മിക്കതും കാമ്പില്ലാത്ത വീമ്പുപറച്ചിലുകൾ മാത്രമായി. അടിയേൽക്കാത്ത നായകനായി അയാൾ മാറുകയായിരുന്നു. 'ആറാം തമ്പുരാനി' ലെ സംഘട്ടനരംഗങ്ങളിൽ, കൊണ്ടും കൊടുത്തും മുന്നേറുന്ന നായകൻ 'നരസിംഹ'ത്തിലേക്കെത്തുമ്പോൾ തീർത്തും അധൃഷ്യനായി മാറുന്നതും കാണാമായിരുന്നു.

അതിനിടയ്ക്കും തന്നിലെ കലാകാരനെ മോഹൻലാൽ തിരിച്ചുപിടിക്കുന്നുണ്ടായിരുന്നു. ഏറെക്കുറെ അടുത്തടുത്തായി പുറത്തിറങ്ങിയ 'ഇരുവരി'ലും, 'വാനപ്രസ്ഥത്തി'ലും അയാളിലെ അപരിമേയമായ പ്രതിഭയുടെ തിളക്കം ദൃശ്യമാണ്. ഇവയിൽ തന്നെ മണിത്നത്തിന്റെ 'ഇരുവർ' മോഹൻലാലിന്റെ കരിയറിലെത്തന്നെ ഏറ്റവും തികവുറ്റ അഭിനയപ്രകടനങ്ങളിലൊന്നാണ്. ഇന്ത്യൻ സിനിമയ്ക്ക് എന്നും അഭിമാനപൂർവ്വം അവതരിപ്പിക്കാവുന്ന ഒരു പാൻ- ഇൻറർനാഷണൽ നിലവാരമുള്ള ആക്ടേഴ്സ് പെർഫോമൻസായിരുന്നു ആനന്ദന്റേത്. 'വാനപ്രസ്ഥം' ഒരഭിനേതാവെന്ന നിലയിൽ ലാലിനെ സമാന്തരതകളില്ലാത്ത ഭൂമികയിൽ പ്രതിഷ്ഠിച്ചെങ്കിലും ചിത്രത്തിന്റെ ഭീമമായ സാമ്പത്തികബാധ്യതകൾ അയാളുടെ 'പ്രണവം' എന്ന പ്രൊഡക്ഷൻ ഹൗസിന്റെ അടച്ചുപൂട്ടലിലേക്കാണ് നയിച്ചത്.

അവിടെ നിന്നും ആശീർവാദ് പ്രൊഡക്ഷൻസെന്ന ബാനർ ജന്മമെടുത്തു. പതുക്കെ അയാൾക്കു ചുറ്റും (എനിക്കു ചുറ്റും) ഉള്ള ലോകങ്ങളും മാറി. അയാൾക്ക് പ്രായമേറുകയായിരുന്നു; എനിക്കും. തൊടുന്നതെല്ലാം പൊന്നാകുന്ന സൗവർണസ്പർശം എല്ലാ പ്രതിഭകളിൽ നിന്നുമെന്നപോലെ അയാളിൽ നിന്നും പതുക്കെ മാഞ്ഞുപോകുന്നത് നൊമ്പരത്തോടെ കണ്ടുനിൽക്കുന്ന കാലമായിരുന്നു പിന്നീട്. ശരാശരികളുടെ നിയമത്തിന്റെ നീരാളിപ്പിടുത്തത്തിൽ വീഴുമ്പോഴും ഇടയ്ക്കിടെ തെളിഞ്ഞുകത്തുന്ന വെളിച്ചത്തിൽ (ബ്ലെസ്സി ചിത്രങ്ങളും, ദൃശ്യവും, ഞാനയാൾക്കൊപ്പം സംതൃപ്തിയുടെ സൂര്യഹൃദയം സ്പർശിച്ചു.

കഴിഞ്ഞ അഞ്ചാറ് വർഷങ്ങളായി, കൃത്യമായി പറഞ്ഞാൽ 'പുലിമുരുക'നെന്ന ഇൻഡസ്ട്രി ഹിറ്റിനു ശേഷം ബിഗ് ബജറ്റ് ചിത്രങ്ങളെ ഫോക്കസ് ചെയ്യുന്ന ഒരു മോഹൻലാലിനെയാണ് കാണാൻ കഴിയുക. ഇൻഡസ്ട്രിയുടെ പരിധികളെ അതിലംഘിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഇക്കാലയളവിൽ അയാളിൽ നിന്നുണ്ടാവുന്നുണ്ട്. വാണിജ്യസാധ്യതകളുടെ അതിരുകൾ പുനർനിർവചിക്കാൻ ഇൻഡസ്ട്രിയുടെ ഏറ്റവും വലിയ താരമെന്ന നിലയിൽ അയാളുത്തരവാദിത്തം നിർവഹിക്കാൻ ശ്രമിക്കുകയാണെന്നും നിരീക്ഷിക്കാം. ആദ്യത്തെ അമ്പത് കോടി, ആദ്യത്തെ നൂറ് കോടി എന്നീ നാഴികക്കല്ലുകൾ മറികടന്ന് ആദ്യദിനത്തിലെ അമ്പത് കോടിയിലേക്ക് എമ്പുരാനിലൂടെ എത്തുമ്പോൾ മോളിവുഡിന്റെ ബോക്സ് ഓഫീസ് പവർ അതിന്റെ പീക്കിലേക്കെത്തുന്നുണ്ട്.

കേരളത്തിനു പുറത്തുള്ള മലയാളി എന്ന ഒരു സ്വർണ്ണഖനിയിലേക്കുള്ള ഈ ഇൻഡസ്ട്രിയുടെ ഏറ്റവും മൂർച്ചയേറിയ ഖനനമായിരുന്നു എമ്പുരാന്റെ വൈഡ് റിലീസ്.മാർക്കറ്റിംഗിന്റെ അനന്തസാധ്യതകൾ അതിനോട് ചേർന്നുനിൽക്കുമ്പോൾ മലയാളസിനിമാവ്യവസായം പുതിയ ഊർജം നേടുന്നുണ്ട്. കത്തുന്ന കാടിന്റെ പശ്ചാത്തലത്തിൽ തോളൊന്ന് ചെരിച്ച് ആ മനുഷ്യൻ 'വാടാ' എന്നു പറയുമ്പോൾ ബോക്സ് ഓഫീസ് എന്നത്തെയും പോലെ അനുസരണയോടെ അയാൾക്കു പിറകെ ചെല്ലുന്നു. ഒരു ശരാശരി മലയാളി മോഹൻലാലിനെ കാണുമ്പോൾ അയാൾ മോഹൻലാൽ തന്നെയാവുന്ന ഒരത്ഭുത പ്രതിഭാസം എവിടെയോ നടക്കുന്നുണ്ടെന്നു തോന്നുന്നു.

In Short | Mohanlal's emergence from lighthearted slapstick comedies to almighty roles successful movies similar Rajavinte Makan and Irupatham Noottandu marked a turning constituent successful Malayalam cinema. Films similar Kilukkam, Drishyam, and Vanaprastham showcased his acting brilliance, making him a beloved fig crossed generations. With Pulimurugan and Empuraan, helium redefined the container bureau imaginable of Malayalam films, crossing monolithic commercialized milestones. As the look of the Malayali diaspora's cinematic identity, Mohanlal remains a pan-Indian improvement who blends wide entreaty with creator excellence.

Content Highlights: Empuraan property | Mohanlal, Malayalam cinema’s timeless star, brilliance, blockbuster, legacy.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article