
ചിത്രത്തിന്റെ പോസ്റ്റർ | Photo: Instagram/alappuzha_gymkhana
അടിയും ഇടിയും നിറഞ്ഞ പൊടിപൂരമാണ് ആലപ്പുഴ ജിംഖാന. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ. 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഈ ചിത്രം ചിരിയിലും നല്ല പൊരിഞ്ഞ ഇടിയിലും കേര്‍ത്തെടുത്ത മറ്റൊരു തല്ലുമാല തന്നെയാണ്. ദേശീയതലത്തില്‍ ബോക്‌സിങ് ചാമ്പ്യനായ ആന്റണി ജോഷ്വ എന്ന കോച്ചിന്റേയും ആലപ്പുഴ ജിംഖാനയിലെ പിള്ളേരുടേയും കഥയാണ് ചിത്രം പറയുന്നത്.
വ്യത്യസ്ത ലുക്കിലെത്തിയ നടന്‍ ലുക്ക്മാനാണ് ആന്റണി ജോഷ്വയായി ബോക്‌സിങ് സംഘത്തെ നയിക്കുന്നത്. ഷിഫാസ് അഹമ്മദ്, ഷിഫാസ് അലി, ഡേവിഡ് ജോണ്‍സണ്‍, ജോജോ ജോണ്‍സണ്‍, ഷാനവാസ് തുടങ്ങിയവരുടെ സൗഹൃദത്തെ പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന കഥ പതിയെ ബോക്‌സിങ് റിങ്ങിലേക്ക് വഴിമാറുന്നു. എങ്ങനെയെങ്കിലും പ്ലസ് ടു പാസാകണം, കോളേജ് പഠനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടണം. ഒരിടിയില്‍ നിന്നുമാണ് ഈ ഐഡിയ ഡേവിഡ് ജോണ്‍സന്റെ തലയില്‍ മിന്നിമറിഞ്ഞത്.
അങ്ങനെ സംഘം ആലപ്പുഴ ജിംഖാന എന്ന ബോക്‌സിങ് പരിശീലനകേന്ദ്രത്തിലെത്തുന്നു. ബോക്‌സിങ് പഠിക്കുക എന്ന തീരുമാനം കണിശമായിരുന്നെങ്കിലും അതത്ര ഗൗരവമായെടുക്കാത്ത സുഹൃദ്‌സംഘം ഒരു നല്ല പരിശീലകനെ കിട്ടുന്നതോടെ ജയപരാജയങ്ങളുടെ റിങ്ങില്‍നിന്ന് മറ്റൊന്നിലേക്ക് കടക്കുകയാണ്. അവര്‍ നേരിടുന്ന പ്രതിസന്ധികളും ഉള്ളില്‍ ഉയിരെടുക്കുന്ന കടുത്ത വാശിയും ഓരോരുത്തരെയായി പോര്‍ക്കളത്തിലെത്തിക്കുന്നു. ഒന്നിനു പിറകെ ഒന്നായെത്തുന്ന ആവേശകരമായി ഇടിയുദ്ധം തന്നെയാണ് പിന്നീട് കാണാനാവുക.
നസ്ലിന്‍, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ഗണപതി, ശിവ ഹരിഹരന്‍, ബേബി ജീന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക് തുടങ്ങിയവരാണ് ബോക്‌സിങ്ങിനും ഗുസ്തിക്കുമായി ആലപ്പുഴ ജിംഖാനയിലെത്തിയ കൗമാരക്കാരെ അവതരിപ്പിച്ചിരിക്കുന്നത്. നന്ദ നിഷാന്ത്, അനഘ രവി, നോയില ഫ്രാന്‍സി അബുസലീം, കോട്ടയം നസീര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഹൃദ്യമായ സൗഹൃദവും പ്രണയവുമെല്ലാം പറയുന്ന തമാശ നിറഞ്ഞ കഥയാണ് ആലപ്പുഴ ജിംഖാനയുടേത്. പ്രമേയം പുതുമയുള്ളതല്ലെങ്കിലും ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും സംഘട്ടനവും എഡിറ്റിങും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ മികച്ച കാഴ്ചാനുഭവമാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷയര്‍പ്പിച്ച ഖാലിദ് റഹ്‌മാന്‍-ജിംഷി ഖാലിദ് കൂട്ടുകെട്ട് ഇത്തവണയും നിരാശപ്പെടുത്തിയില്ലെന്ന് ചുരുക്കം. അഭിനേതാക്കളുടെ മിന്നുന്ന പ്രകടനവും ഈ കോമഡി ആക്ഷന്‍ എന്റര്‍ടെയിനര്‍ ചിത്രത്തില്‍ എടുത്തു പറയേണ്ടതാണ്.
പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സ്, റീലിസ്റ്റിക് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ആലപ്പുഴ ജിംഖാന നിര്‍മിച്ചത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. പല സീനുകളിലും ഗൗരവമേറിവരുമ്പോള്‍ നുറുങ്ങു തമാശകള്‍കൊണ്ട് സീന്‍ ലളിതമാക്കാന്‍ സംഭാഷണങ്ങളുടെ കൃത്യമായ ഇടപെടലുകള്‍ക്ക് സാധിച്ചിട്ടുണ്ട്. റിങ്ങിനകത്തുനിന്നും പൊതുയിടത്തിലേക്കെത്തുന്ന അടിയെ കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട്.
ഫൈറ്റും ഫണ്ണും പാട്ടുമെല്ലാം അത്രമേല്‍ ചേര്‍ത്തുവെച്ചിരിക്കുകയാണ് നിഷാദ് യൂസഫ്. എഡിറ്റിങിനൊപ്പം വിഷ്ണു വിജയ്‌യുടെ സംഗീതവും ജോഫില്‍ ലാല്‍, കലൈ കിംഗ്‌സണ്‍ എന്നിവരുടെ ആക്ഷന്‍ കോറിയോഗ്രഫിയും കൈയടിയര്‍ഹിക്കുന്നു.
ആക്ഷനും റൊമാന്‍സും ഫ്രണ്ട്ഷിപ്പുമെല്ലാം ഒരുപോലെ ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ആലപ്പുഴ ജിംഖാന ബെസ്റ്റ് ചോയ്‌സാണ്.
Content Highlights: Alappuzha Gymkhana movie review
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·