ചിലര്‍ എന്നെ കാഫിര്‍ എന്ന് വിളിക്കും, മറ്റുചിലര്‍ ജിഹാദി എന്നും- ജാവേദ് അക്തര്‍

4 months ago 5

02 September 2025, 06:33 PM IST

Javed Akhtar

ജാവേദ് അക്തർ | ഫോട്ടോ: ANI

തനിക്കും തന്റെ ആശയങ്ങള്‍ക്കും നേരെ എതിര്‍പ്പുണ്ടാവുന്നത് ആദ്യമായിട്ടല്ലെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. തനിക്ക് ഇരുപക്ഷത്തുനിന്നുമുള്ള മൗലികവാദികളില്‍നിന്ന് എതിര്‍പ്പ് നേരിടേണ്ടിവന്നിട്ടുണ്ടെന്നും ജാവേദ് അക്തര്‍ പറഞ്ഞു. ജാവേദ് അക്തര്‍ മുഖ്യാതിഥിയായതില്‍ ജാമിഅത്ത് ഉലമ ഇ ഹിന്ദിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പശ്ചിമബംഗാള്‍ ഉറുദു അക്കാദമിയുടെ പരിപാടി മാറ്റിവെച്ച സംഭവത്തില്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ചിലര്‍ എന്നെ ജിഹാദി എന്ന് വിളിക്കും. എന്നോട് പാകിസ്താനിലേക്ക് പോവാന്‍ പറയും. വേറെ ചിലര്‍ എന്നെ കാഫിര്‍ എന്ന് വിളിക്കും. ഉറപ്പായും ഞാന്‍ നരകത്തില്‍ പോകുമെന്നും അതിനാല്‍ പേര് മാറ്റണമെന്നും ആവശ്യപ്പെടും. മുസ്ലിം പേരിന് ഞാന്‍ അര്‍ഹനല്ലെന്നും അവര്‍ പറയും'- ജാവേദ് അക്തര്‍ പറഞ്ഞു.

'കഴിഞ്ഞ പത്തിരുപത്തഞ്ച് വര്‍ഷത്തിനിടെ മുംബൈ പോലീസ് എനിക്ക് കുറഞ്ഞത് നാലുതവണയെങ്കിലും സുരക്ഷവാഗ്ദാനംചെയ്തിട്ടുണ്ട്. ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല അത്. അതില്‍ മൂന്നുതവണയും മുസ്ലിം സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്നായിരുന്നു. ഇത്തരം പ്രതികരണങ്ങള്‍ക്ക് എനിക്ക് ആദ്യമല്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സിനിമയിലെ ഉറുദുഭാഷയുടെ സംഭാവനകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പരിപാടി ഓഗസ്റ്റ് 31-ന് തുടങ്ങേണ്ടതായിരുന്നു. സംവാദങ്ങളും കവിതാലാപനവും സാംസ്‌കാരിക പ്രകടനങ്ങളും ഉള്‍പ്പെടുന്നതായിരുന്നു പരിപാടി. തിങ്കളാഴ്ചയായിരുന്നു ജാവേദ് അക്തറിന്റെ പരിപാടി നടക്കേണ്ടിയിരുന്നത്. ഇതിനെതിരേ ജാമിഅത്ത് ഉലമ ഇ ഹിന്ദിന്റെ കൊല്‍ക്കത്ത യൂണിറ്റ് പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നാണ് പരിപാടി മാറ്റിവെക്കുന്നതായി ബംഗാള്‍ ഉറുദു അക്കാദമി അറിയിച്ചത്.

Content Highlights: Some of them telephone Me Kaafir, Some Ask Me To Go To Pakistan- Javed Akhtar

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article